May 8, 2024

ജനവാസ മേഖലയില്‍ പുലിയിറങ്ങി: വനപാലകർക്ക് മുമ്പിൽ പ്രതിഷേധവുമായി നാട്ടുകാർ: സംഘർഷത്തെ തുടർന്ന് പോലീസ് കാവൽ

0
പുൽപ്പള്ളി:

ഇരുളം മാതമംഗലം വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയില്‍ പുലിയിറങ്ങി. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്ന പശ്ചാത്തലത്തില്‍ പുലിയെ പടക്കംപൊട്ടിച്ച് തുരത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പടക്കംപൊട്ടിക്കാതെ കൂട് സ്ഥാപിക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ സംഘടിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. നാട്ടുകാരുടെ കയ്യേറ്റത്തില്‍ പരുക്കേറ്റതായുള്ള പരാതിയുമായി ട്രൈബല്‍ വാച്ചര്‍ പി.ജെ ജയേഷ്, ബി.എഫ്.ഒ പി.ആര്‍ മധു എന്നിവര്‍ ചികിത്സ തേടി. എന്നാല്‍ വനംവകുപ്പ് തങ്ങളെയാണ് കയ്യേറ്റം ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് പ്രദേശത്ത് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. ചെതലയം വനമേഖലയിലെ ഇരുളം മാതമംഗലത്താണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയുടെ സാന്നിധ്യമുള്ളത്. ഇന്നലെ രാത്രിമുതല്‍ നാട്ടുകാരും വനപാലകരും സംയുക്തമായി പുലിയെ തുരത്താനുള്ള ശ്രമം നടത്തിയിരുന്നു. ശാരീരികമായി അവശത അനുഭവിക്കുന്ന പുലിയാണ് ഇതെന്ന് ചെതലയം റെയിഞ്ച് ഓഫീസര്‍ രതീശന്‍ പറഞ്ഞു. രാവിലെ പുലിയെ ജനവാസ മേഖലയില്‍ നിന്നും തുരത്തുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചതോടെയാണ് പ്രതിഷേധമാരംഭിച്ചത്. പടക്കം പൊട്ടിക്കാതെ കൂട് സ്ഥാപിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പടക്കം പൊട്ടിച്ചാല്‍ പുലി വിരണ്ട് തങ്ങളുടെ വീടുകളുടെ പരിസരത്തേക്ക് പാഞ്ഞെത്തുമെന്ന ഭയം മൂലമാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ഇതിനെ തുടര്‍ന്ന് നാട്ടുകാരും വനപാലകരും വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിനെ തുടര്‍ന്ന് പരുക്കേറ്റ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍ മധു, ട്രൈബല്‍ വാച്ചര്‍ പി.ജെ ജയേഷ് എന്നിവര്‍ പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. എന്നാല്‍ വനപാലകരുടെ ആരോപണം തള്ളി നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്. തങ്ങള്‍ വനപാലകരെ മര്‍ദ്ദിച്ചില്ലെന്നും, അവരാണ് തങ്ങളെ കയ്യേറ്റം ചെയ്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബത്തേരിയില്‍ നിന്നും കൂടെത്തിച്ച് സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഫോറസ്റ്റ് വെറ്റിറനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയടക്കമുള്ള വനപാലക സംഘവും, പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *