May 6, 2024

തൊഴില്‍ മേഖലയില്‍ വഴിക്കാട്ടിയായി അസാപ് :1763 പേർക്ക് പരിശീലനം

0
Asap Jillathala Avalokanam.jpg
കൽപ്പറ്റ:

     തൊഴില്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും വഴിക്കാട്ടിയായി അസാപ്. വിദ്യാര്‍ത്ഥികളില്‍ തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിശീലന കോഴ്‌സുകള്‍ ആരംഭിച്ചു. ഇംഗ്ലീഷ് നൈപൂണ്യം, വിവര സാങ്കേതിക വിദ്യ, തൊഴില്‍ പരിശീലനം എന്നീ മേഖലകളിലാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. തിയറി ക്ലാസുകള്‍ക്ക് പുറമേ 50 ശതമാനം പരിശീലനത്തോടുക്കൂടിയ പഠനരീതിയാണ് അസാപ് നടപ്പിലാക്കിയത്. ജില്ലയില്‍ ആറ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലും 56 സ്ഥാപനങ്ങളിലുമായി ആകെ 1763 വിദ്യാര്‍ത്ഥികളാണ് അസാപ്പിന്റെ വിവിധ കോഴ്‌സുകള്‍ പരിശീലിക്കുന്നത്. ആറോളം സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ അഭിമുഖത്തില്‍ ഈ വര്‍ഷം തൊഴില്‍ തത്പരരായ 81 പേരില്‍ നിന്നും 24 പേര്‍ക്ക് ജോലി ലഭ്യമാക്കാനും കഴിഞ്ഞു. മുപ്പതോളം പേരെ സ്ഥാപനങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്‌കില്‍ പരിശീലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന അസാപിന്റെ പ്രത്യേക ഇടപ്പെടലായിരുന്നു ജില്ലയില്‍ നടപ്പാക്കിയ നിയതി ജോബ് ഡ്രൈവ്. അസാപിന്റെ വിദഗ്ധ പരിശീലനം ലഭിച്ച 56 ഓളം സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടിവുകളാണ് ഹയര്‍സെക്കന്ററി, കോളേജുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനം നല്‍കുന്നത്. പഠനത്തോടൊപ്പം തന്നെ വിദ്യാലയങ്ങളില്‍ രണ്ടു വര്‍ഷത്തെ പരിശീലനവും അവധി ദിവസങ്ങളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളില്‍ സ്‌കില്‍ ട്രെയിനിംഗും നല്‍കുന്നുണ്ട്. അര്‍ഹതപ്പെട്ട വിഭാഗങ്ങള്‍ ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. 
  
        സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2012 മുതലാണ്  അഡിഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രവര്‍ത്തനമാരംഭിച്ചത്. 20 മുതല്‍ 30 ശതമാനം വരെ തൊഴില്‍ കാര്യക്ഷമത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാന്‍ അസാപിന്റെ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ടെന്നു സര്‍വേ ഫലവും തെളിയിക്കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷനല്‍ സ്‌കില്‍ ഡെപലപ്‌മെന്റ് കോര്‍പറേഷന്റെയും അപ്റ്റിക് ടെസ്റ്റ് വിജയിക്കുന്നവര്‍ക്ക് ബ്രിട്ടിഷ് കൗണ്‍സലിന്റെയും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി ഏഷ്യന്‍ വികസന ബാങ്കിന്റെ (എഡിബി) ധനസഹായവും അസാപിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേകം നടപ്പാക്കുന്ന ഷി സ്‌കില്‍സ് പദ്ധതിയും അസാപിന്റെ പുതിയ കാല്‍വെയ്പ്പാണ്.   

        സ്ത്രീകള്‍ക്കു വേണ്ടി തുടങ്ങിയ നൂതന പദ്ധതി ഷി സ്‌കില്‍സില്‍ ജില്ലയില്‍ അഞ്ചു ബാച്ചുകളിലായി 130 പേര്‍ പഠിക്കുന്നുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ എല്ലാ സ്ത്രീകള്‍ക്കും പദ്ധതിയുടെ ഭാഗമാവാം. എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ പൂര്‍ത്തിയായവര്‍ക്ക് കേരളത്തില്‍ തന്നെ തൊഴില്‍ പരിശീലനം ലഭ്യമാക്കാന്‍ സ്റ്റേറ്റ് ഇന്റേണ്‍ഷിപ് പോര്‍ട്ടല്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പോര്‍ട്ടല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയടക്കം സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. പോളിടെക്‌നിക്, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി അഡ്വാന്‍സിഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളും പ്രത്യേകം പ്രവര്‍ത്തിക്കുന്നുണ്ട്. പൊളിടെക്‌നിക്, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി ലൈഫ് സ്‌കില്‍ മൊഡ്യുല്‍ എന്ന പേരില്‍ ഈ വര്‍ഷം മുതല്‍ ജില്ലയിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.   
 
       അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വാര്‍ഷിക ജില്ലാതല അവലോകനയോഗം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്നു. 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരും വര്‍ഷങ്ങളിലെ മുന്നൊരുക്കങ്ങളും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ എ. ദേവകി, ഡെപ്യുട്ടി കളക്ടര്‍ മുഹമ്മദ് യുസഫ്, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോളിയോട്ട്, മീനങ്ങാടി സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ പ്രോഗ്രാം മാനേജര്‍ പി.വി സനല്‍ കൃഷ്ണന്‍, കല്‍പറ്റ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍ പ്രോഗ്രാം മാനേജര്‍ മുഹമ്മദ് അസിഫ്, അഡ്വാന്‍സിഡ് സ്‌കില്‍ ഡെവല്‌മെന്റ് സെന്റര്‍ പ്രോഗ്രാം മാനേജര്‍ വി. സ്വാതി, ഹയര്‍സെക്കന്ററി-കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *