May 4, 2024

അനുമതി ലഭിച്ചാൽ വയനാട്ടിൽ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്‍ഡ് ട്രൈബല്‍ വെല്‍ഫയര്‍ ഇൻസ്റ്റിറ്റ്യൂട്ട് ഏപ്രിലില്‍ യാഥാര്‍ഥ്യമാകും

0

കല്‍പറ്റ-സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ വെസ്റ്റേണ്‍ ഘട്ട്‌സ് റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ആന്‍ഡ് ട്രൈബല്‍ വെല്‍ഫയര്‍ ഏപ്രിലില്‍ യാഥാര്‍ഥ്യമാകും. സര്‍വകലാശാല ആസ്ഥാനത്തെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനു അനുമതി തേടി വൈസ് ചാന്‍സലര്‍ എം.ആര്‍.ശശീന്ദ്രനാഥ് നല്‍കിയ അപേക്ഷ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. വെറ്ററിനറി, ബയോളജി, സോഷ്യല്‍ സയന്‍സ് വിഭാഗങ്ങളിലായി എട്ടു അധ്യാപകരുടേതടക്കം 11 തസ്തികകള്‍ സൃഷ്ടിച്ചാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ആരംഭിക്കാമെന്നു വൈസ് ചാന്‍സലറുടെ അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.  കുരങ്ങുപനി ഉള്‍പ്പെടെ ജന്തുജന്യരോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസക്തിയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. അപേക്ഷയില്‍ സര്‍ക്കാരിന്റെ  അനുകൂല തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍വകലാശാല അധികൃതര്‍.  ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതില്‍ മന്ത്രി കെ.രാജു ഉള്‍പ്പെടെ വനം-മൃഗസംരക്ഷണ മേഖലയിലുള്ളവര്‍ നേരത്തേ താത്പര്യം അറിയിച്ചതാണ്. വൈസ് ചാന്‍സലറുടെ അപേക്ഷ എത്രയും വേഗം മന്ത്രിസഭ പരിഗണിക്കുന്നതിനു രാഷ്ട്രീയ സമ്മര്‍ദവും ശക്തമാണ്. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സി.പി.ഐ നേതാവും സര്‍വകലാശാല ഭരണസമിതിയംഗവുമായ കെ.കെ. തോമസ് തുടങ്ങിയവര്‍ ഇന്‍സ്റ്റിറ്റിയട്ടിനു സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്നതിനു നീക്കം നടത്തുന്നുണ്ട്. 
സര്‍വകാശാലയുടെ പൂക്കോട് കാമ്പസില്‍ 2011 മുതല്‍ വന്യജീവി പഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. എം.എസ്(വൈല്‍ഡ് ലൈഫ്) കോഴ്‌സും ഇതിനു കീഴിലുണ്ട്. വന്യജീവി പഠന കേന്ദ്രത്തിലും സര്‍വകലാശാലയിലെ ഇതര വകുപ്പുകളിലും വന്യജീവി രോഗനിര്‍ണയം, ചികിത്സ, വന്യജീവികളില്‍നിന്നുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം എന്നിവ നടന്നുവരുന്നുണ്ട്. വന്യജീവികളുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നതിലെ പ്രാധാന്യം കണക്കിലെടുത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു 2017ലാണ് സര്‍വകലാശാല ഭരണസമിതി തീരുമാനിച്ചത്. എം.എല്‍.എമാരടക്കം അംഗങ്ങളായ ഭരണസമിതിയുടെയും മാനേജ്‌മെന്റ് കൗണ്‍സിലിന്റെയും യോഗങ്ങളില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതിക്കായുള്ള ശ്രമം സര്‍വകലാശാല ഉര്‍ജിതമാക്കിയത്. വന്യജീവി പഠന കേന്ദ്രത്തെ പശ്ചിമഘട്ട മേഖല ഇന്‍സ്റ്റിറ്റ്യൂട്ടായി പുനര്‍നാമകരണം ചെയ്യാനാണ് സര്‍വകലാശാലയുടെ പദ്ധതി. സര്‍വകലാശ മേധാവികള്‍ നിര്‍ദേശിച്ചതനുസരിച്ചു വന്യജീവി പഠനകേന്ദ്രം മേധാവി ഡോ.ജോര്‍ജ് ചാണ്ടി തയാറാക്കിയതാണ് ഇന്‍സ്റ്റിറ്റിറ്റിയൂട്ട് പ്രൊജക്ട് റിപ്പോര്‍ട്ട്. 
വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട  വിഷയങ്ങളില്‍ അന്താരാഷ്ടനിലവാരത്തിലുള്ള  ശാസ്ത്ര മേഖലകളെ സംയോജിപ്പിച്ച് ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ആദിവാസികളടക്കം പാവപ്പെട്ട ജനവിഭാഗങ്ങളുടെ സാമ്പത്തികവും  സാമൂഹികവുമായ ഉന്നമനം ഉറപ്പുവരുത്തുക, വന്യജീവി ശല്യംമൂലം പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സുസ്ഥിര  കാര്‍ഷികരീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിനു സാങ്കേതിക സഹായം ലഭ്യമാക്കുക, ജനങ്ങളെ  ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വന്യജീവികളുമായുള്ള സഹവര്‍ത്തിത്തത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുക,  പരിക്കേറ്റതും രോഗം ബാധിച്ചതുമായ വന്യജീവികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും പരിപാലനവും ഉറപ്പുവരുത്തുക, ഇവയെ മനുഷ്യര്‍ക്ക് ഉപദ്രവം ഉണ്ടാകാത്തവിധം സ്വന്തം ആവാസവ്യവസ്ഥയില്‍ തിരികെ എത്തിക്കുക,   പശ്ചിമഘട്ടത്തിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനും നന്‍മയ്ക്കുമായി രാജ്യത്തിനത്തും പുറത്തുമുള്ള സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, നയരൂപീകരണത്തില്‍ സര്‍ക്കാരിനെ സഹായിക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *