May 10, 2024

കോവിഡ്-19: കര്‍ണാടകയില്‍ ജോലിക്കു പോയ ആദിവാസികളുടെ കണക്കെടുക്കുന്നു

0

കല്‍പ്പറ്റ:വയനാട്ടില്‍നിന്നു കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ജോലിക്കുപോയ ആദിവാസികളുടെ കണക്കെടുക്കുന്നു. കൊറോണ വൈറസ് പ്രതിരോധന നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചതുസരിച്ചു പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫീസിന്റെയും കുടുംബശ്രീ ജില്ലാ  മിഷന്റെയും നേതൃത്വത്തിലാണ് കണക്കെടുപ്പ്. ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും കണക്കെടുപ്പിനു കുടുബശ്രീ മിഷന്‍ അനിമേറ്റര്‍മാരെയും പട്ടികവര്‍ഗ വികസന വകുപ്പ് ട്രൈബല്‍ പ്രമോട്ടര്‍മാരെയുമാണ്  കണക്കെടുപ്പിനു നിയോഗിച്ചത്. ശനിയാഴ്ച വൈകുന്നേരം വരെ 500 കോളനികളില്‍ കണക്കെടുപ്പ് നടത്തിയതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. സാജിത പറഞ്ഞു.  ഇത്രയും കോളനികളില്‍നിന്നു 1,677 പേരാണ്  കര്‍ണാടകയില്‍ ജോലിക്കു പോയത്.ഇതില്‍  883 പേര്‍ തിരികെയെത്തി. തിരുനെല്ലി പഞ്ചായത്തിലെ കോളനികളില്‍നിന്നു മാത്രം   1148 പേരാണ്  കര്‍ണാടകയില്‍ കൂലിപ്പണിക്കു പോയത്. ഇതില്‍ 785 പേര്‍ തിരിച്ചെത്തി. പനമരം പഞ്ചായത്തില്‍ കണക്കെടുപ്പു നടന്ന കോളനികളില്‍നിന്നു പോയ 134 പേരില്‍ ആരും തിരിച്ചെത്തിയില്ല. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍നിന്നു പോയ 68 പേരില്‍ 16 പേര്‍ തിരിച്ചെത്തി. വിവിധ കോളനികളിലായി 39 പേര്‍ നിരീക്ഷണത്തിലുണ്ട്. കോളനികളില്‍ ബോധവത്കരണം, ഭക്ഷണ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയും നടത്തുന്നുണ്ട്. ജില്ലയില്‍ 3,000 ഓളം പട്ടികവര്‍ഗ കോളനികളുണ്ട്. എല്ലാ കോളനികളിലും കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍  ജോലിക്കുപോയവരുടെയും  തിരിച്ചെത്തിയവരുടെയും വ്യക്തമായി ചിത്രം ലഭിക്കും. രണ്ടോ മൂന്നു ദിവസത്തിനകം കണക്കെടുപ്പ് കഴിയും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *