വിപുലമായ മുന്നൊരുക്കങ്ങള്‍.. വിദ്യാലയ പ്രവേശനോത്സവം ഇന്ന്


Ad
വിപുലമായ മുന്നൊരുക്കങ്ങള്‍.. വിദ്യാലയ പ്രവേശനോത്സവം ഇന്ന് 

വിപുലമായ മുന്നൊരുക്കങ്ങളോടെയാണ് ജില്ലയിലെ വിദ്യാലങ്ങളില്‍ ഇന്ന്  പ്രവേശനോത്സവം നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം വര്‍ഷവും വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ പ്രവേശനോത്സവമാണ് ഒരുക്കിയിട്ടുള്ളത്. ജനപ്രതിനിധികള്‍, സാസ്‌കാരിക പ്രവര്‍ത്തകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ മുഖാന്തരം പ്രവേശനോത്സവത്തിന്റെ ഭാഗമാകും. 8.30 ന് ആരംഭിക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തിന് ശേഷമാണ് ജില്ലയില്‍ സ്‌കൂള്‍ തലത്തിലും, ക്ലാസ് തലത്തിലും ജനകീയ പ്രവേശനോത്സവം നടക്കുക. കുട്ടികളുടെ സര്‍ഗ പ്രകടനങ്ങളുടെ അവതരണവും ഓണ്‍ലൈനായി നടക്കും. വിദ്യാര്‍ത്ഥികള്‍ അയച്ചു നല്‍കിയ കലാപ്രകടനങ്ങളുടെ വീഡിയോകള്‍ കോര്‍ത്തിണക്കി സാങ്കേതിക മികവോടെ പ്രവേശനോത്സവത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും അധ്യാപകര്‍ നടത്തുന്നുണ്ട്.
ജില്ലയില്‍ സമ്പൂര്‍ണ വിദ്യാലയ പ്രവേശനവും വിദ്യാഭ്യാസ പിന്തുണയും ഉറപ്പു വരുത്തുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് വിവിധ പരിപാടികളും ആരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ജില്ലയിലെ പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകര്‍ ഫോണ്‍ മുഖാന്തരം ബന്ധപ്പെട്ട് കുട്ടികളുടെ ആരോഗ്യ, മാനസിക, പഠനാവസ്ഥകള്‍ അന്വേഷിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രധാനധ്യാപകരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നു. 
ജില്ലയില്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലായി 8784 വിദ്യാര്‍ത്ഥികളായിരുന്നു ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലായി ആകെ 1,10,501 വിദ്യാര്‍ത്ഥികളാണ് ജില്ലയിലുണ്ടായത്. ഇതില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 55,103, എയ്ഡഡ് വിദ്യാലയങ്ങളില്‍ 48,546, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 6852 വിദ്യാര്‍ത്ഥികളുമായിരുന്നു. സൂക്ഷ്മമായ ആസൂത്രണത്തോടെയാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ പ്രവേശനോത്സവത്തെയും വിദ്യാഭ്യാസത്തെയും സമീപിക്കുന്നത്.
ഈ അധ്യായന വര്‍ഷത്തില്‍ വിക്ടേഴ്സ് ചാനലില്‍ നല്‍കുന്ന ഡിജിറ്റല്‍ ക്ലാസുകള്‍ക്കൊപ്പം അധ്യാപകര്‍ നേരിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കും. ഇതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കി വരികയാണ്. അധ്യാപകര്‍ക്ക് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുന്നതിനായി ഡയറ്റ്, കൈറ്റ്, ഹയര്‍ സെക്കണ്ടറി കമ്പ്യൂട്ടര്‍ അധ്യാപകര്‍ എന്നിവരുടെ റിസോഴ് ഗ്രൂപ്പുകളും സജ്ജമാക്കിയിട്ടുണ്ട്. പ്രീ സ്‌കൂള്‍ മേഖലയില്‍ രക്ഷകര്‍തൃ പരിശീലനവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡയറ്റിന്റെ നേതൃത്വത്തില്‍ പ്രീ സ്‌കൂള്‍ അധ്യാപകര്‍ ഇതിനാവശ്യമായ ഹോം കരിക്കുലവും, വര്‍ക് ഷീറ്റുകളും തയ്യാറാക്കി. കോവിഡ് കാല പ്രതിസന്ധികളും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ നേരിടുന്നതിനുള്ള മാനസിക പിന്തുണ നല്‍കാന്‍ വിദ്യാഭ്യാസ കൗണ്‍സലിംഗ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *