April 27, 2024

പേര്യ റേയ്ഞ്ചിന് കീഴിൽ വനവൽക്കരണം നടത്തി ലക്ഷങ്ങൾ തട്ടാൻ നീക്കം.

0
Img 20210602 Wa0183.jpg
പേര്യ റേയ്ഞ്ചിന് കീഴിൽ വനവൽക്കരണം നടത്തി ലക്ഷങ്ങൾ തട്ടാൻ നീക്കം.
നിഷ കെ. മാത്യു.
കൽപ്പറ്റ: വടക്കെ വയനാട്ടിലെ പേര്യ ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിൽ വനവൽക്കരണത്തിൻ്റെ മറവിൽ ലക്ഷങ്ങൾ തട്ടാൻ നീക്കം. വനം വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥരും കരാർ ലോബിയുമാണ് തീവെട്ടി കൊള്ളക്ക് പിന്നിൽ. സ്വഭാവിക മരം മുറിച്ച് പുതിയ തൈകൾ വച്ചുപിടിപ്പിക്കാനുള്ള ടെൻഡർ പൂർത്തിയായി. സ്വാഭാവികമായി വളരുന്ന മരങ്ങൾ വളർന്ന് പന്തലിച്ച് വനമായി മാറുമെന്നിരിക്കെ ചെറു മരങ്ങൾ കടക്കലെ വെട്ടിനിരത്തിയാണ് പ്ലാൻ്റേഷൻ നടപടി പുരോഗമിക്കുന്നത്. വടക്കെ വയനാട്ടിലെ ചിലയിടങ്ങളിൽ മുൻ വർഷങ്ങളിൽ 'വനവൽക്കരണത്തിനെതിരെ സമരം ശക്തമായതിനെ തുടർന്ന് ഇനി കൃത്രിമ വനം വൽക്കരണം വേണ്ടന്ന് വകുപ്പ് അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് വനം വൽക്കരണം നടക്കുന്നതത്രെ. വളർന്ന് വരുന്ന തൈകൾ സംരക്ഷിക്കാനെന്ന പേരിൽ പിന്നീട് സൗരോർജ കമ്പിവേലി നടത്തുന്നതിലും വൻ അഴിമതിക്ക് കളമൊരുങ്ങുന്നുണ്ട്. മാത്രമല്ല ഈ ഫെൻസിംഗ് അശാസ്ത്രിയമാണന്ന് പരക്കെ അഭിപ്രായമുണ്ട്.തീറ്റകളുള്ള സംരക്ഷിത ഭാഗത്ത് മൃഗങ്ങൾക്ക് കയറാൻ പറ്റാത്തതിനാൽ നാട്ടിൻ പുറങ്ങളിലേക്ക് മൃഗങ്ങൾ കൂട്ടത്തോടെ എത്തുന്നുണ്ട്. പ്രതിവർഷം നിശ്ചിത ഏക്കർ വനവൽക്കരണം നടത്തണം. അതിന് കോടികൾ ഫണ്ട് ലഭിക്കും. എന്നാൽ നട്ട് കഴിഞ്ഞാൽ ഉത്തരവാദിത്വം കഴിഞ്ഞ അവസ്ഥയാണ്. തുടർ പരിചരണത്തിന് വീണ്ടും ഫണ്ട് അനുവദിക്കുമെങ്കിലും ചെടികൾ വളരാറില്ല. മുൻ വർഷങ്ങളിൽ പേര്യ റേയ്ഞ്ചിൽ വനവൽക്കരണം നടത്തി കോടികൾ മുടിച്ച നിരവധി മേഖലകളുണ്ട്.സി.ആർ.പിക്കുന്ന്, ചന്ദനത്തോട്, വട്ടപൊയിൽ, കൊച്ചാറ വയൽ, തീർത്താവ് കുന്ന്, പന്നി മുക്കും തറ, ജോൺസൺ കുന്ന്, പേര്യ 37 തുടങ്ങിയ സ്ഥലങ്ങളിലെ പ്ലാൻ്റേഷൻ അഴിമതിയുടെയും പരാജയത്തിൻ്റെയും ഉദാഹരണങ്ങളാണ്. ഈ വർഷം പേര്യ റേഞ്ചിലെ പേരിയ സെക്ഷനിലെ അമ്പലക്കണ്ടി, കക്കോലംകുന്ന് തുടങ്ങിയ ഭാഗത്ത് ഹെക്ടർ കണക്കിന് സ്ഥലത്ത് 13000 ത്തിലേറെ തൈകൾ പിടിപ്പിക്കാനാണ് നീക്കം. തൈകൾ നട്ടയുടൻ മൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാനെന്ന പേരിൽ സൗരോർജ വേലിക്കും ലക്ഷങ്ങൾ പൊടിക്കും. കുറച്ച് നാളത്തെ മേൽനോട്ടം കഴിഞ്ഞാൽ ഇവയെല്ലാം നശിക്കുകയാണ് പതിവ്. കോടികളുടെ തീവെട്ടി കൊള്ളക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *