April 26, 2024

മുഖംമൂടിക്ക് പിന്നിലെ മുഖം ആരുടേത്: ചുരുളഴിയാതെ നെല്ലിയമ്പത്തെ ഇരട്ട കൊലപാതകം

0
Img 20210627 Wa0042.jpg
മുഖംമൂടിക്ക് പിന്നിലെ മുഖം ആരുടേത്: ചുരുളഴിയാതെ നെല്ലിയമ്പത്തെ ഇരട്ട കൊലപാതകം

_ ആര്യ ഉണ്ണി
പനമരം: നെല്ലിയമ്പം കാവാടത്ത്‌ ദമ്പതികൾ കൊല്ലപ്പെട്ടിട്ട്‌ 17 ദിവസങ്ങൾ പിന്നിടുമ്പോഴും കൊലപാതകികൾ മുഖംമൂടി ധരിച്ച അജ്ഞാതരായി തന്നെ തുടരുന്നു. രാത്രിയിൽ  ഉച്ചത്തിൽ ഉയർന്ന നിലവിളിയും ചോരയിൽ മുങ്ങി കിടന്ന റിട്ട. അധ്യാപകൻ കേശവൻ മാഷും ഭാര്യ പത്മാവതിയും ഉറ്റവർക്കും നാട്ടുകാർക്കും ഇന്നും വേദനയാണ്. ‍റോഡില് നിന്നും അല്‍പ്പം താഴെയായി കാപ്പിത്തോട്ടത്തിന് നടുവിലെ ഇരുനില വീട്. താഴെത്തെ നിലയിലും, വരാന്തയിലുമെല്ലാം നിറയെ രക്തപ്പാടുകൾ.ഒറ്റ രാത്രിയിൽ ഇല്ലാതായത് 2 ജീവനുകൾ. അതും
മുഖംമൂടി ധരിച്ചവരുടെ ആക്രമണത്തിൽ. ഈ കൊലപാതകത്തിന് മുൻപും നിരവധി മോഷണ ശ്രമങ്ങളും മുഖംമൂടി ധരിച്ച അജ്ഞാത സംഘത്തിൻറെ സാന്നിധ്യവും പ്രദേശത്ത് ഉണ്ടായിരുന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
*കാവാടത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌ സ്‌ക്വാഡുകളായി തിരിഞ്ഞ്‌ അന്വേഷണം*
കേസിന്റെ ചുരുളഴിക്കാനുള്ള ഊർജിത അന്വേഷണത്തിലാണ്‌ ഉദ്യോഗസ്ഥർ.ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ചാശ്രമമായിരിക്കാം അക്രമത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന സംശയവും ബാക്കി നില്‍ക്കുകയാണ്.
കൊലപാതകത്തിന് പിന്നില്‍ പ്രെഫഷണല്‍ സംഘവുമാണോയെന്ന സംശയവും നിലനിൽക്കുന്നു.
 കാവാടത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ്‌ നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനകം നിരവധിപേരെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. പ്രദേശത്ത്‌ തൊഴിലെടുത്ത അതിഥി തൊഴിലാളികളിലടക്കം അന്വേഷണം നീളുന്നുണ്ട്‌. ചോദ്യം ചെയ്‌തവരെല്ലാം ‌ നിരീക്ഷണത്തിലാണ്‌. ബന്ധുക്കളും അയൽവാസികളുമടക്കം നിരവധിപേരിൽ നിന്ന്‌ മൊഴിയെടുത്തു. കൊലപാതകത്തിന്‌ പ്രാദേശികമായ സഹായം കിട്ടിയിട്ടുണ്ടെന്ന നിഗമനത്തിൽ തന്നെയാണ്‌ പൊലീസ്‌. 
 കൊല്ലപ്പെട്ട പത്മാവതി മരണത്തിന്‌ കീഴടങ്ങും മുമ്പ്‌ സംഭവമറിഞ്ഞ്‌ എത്തിയവരോട്‌ പറഞ്ഞ കാര്യങ്ങൾ മാത്രമാണ്‌ പൊലീസിന്‌ മുന്നിലുള്ളത്‌. മുഖംമൂടിധാരികളാണ്‌ ആക്രമിച്ചതെന്ന്‌ ഇവർ പറഞ്ഞിരുന്നു. പൊലീസ്‌ നായയടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശമാകെ അരിച്ചുപെറുക്കിയുള്ള അന്വേഷണം നടക്കുമ്പോഴും കൊലപാതകത്തിന്‌ ശക്തമായ തെളിവ്‌ നൽകുന്ന സൂചനകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
 കൊല ചെയ്ത രീതിയും, കൊല്ലപ്പെട്ട പത്മാവതിയുടെ സ്വര്‍ണം അപഹരിക്കപ്പെടാത്തതുമെല്ലാം മോഷണ ശ്രമമല്ലെന്നുള്ള സൂചന ബാക്കിയാക്കുന്നു. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഉത്തരമേഖല ഡിഐജി അശോക് യാദവ്, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, ബത്തേരി ഡിവൈഎസ്പി വി വി ബെന്നി അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എംഎല്‍എമാരായ ഒ ആര്‍ കേളു, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാര്‍ അടക്കമുള്ള ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
ഇതിനിടയിൽ ഒരാഴ്‌ച മുമ്പ്‌ പ്രദേശത്തിനടുത്ത്‌ അജ്ഞാത വാഹനം കണ്ടതും കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടിൽ മോഷണം നടന്നതും ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്‌.വയനാടിനെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്നും ജനങ്ങളുടെ ആശങ്കമാറ്റുന്നതിനായി എത്രയും വേഗം പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യവും ഉന്നയിക്കുന്നുണ്ട്. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും ധ്രുതഗതിയിൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് നിലവിൽ.
*സമാനമായ മുഖംമൂടി ആക്രമണം മുൻപും:അന്നത്തെ ഇരയുടെ പ്രതികരണം ഇങ്ങനെ*
നെല്ലിയമ്പത്ത് മുഖംമൂടി അക്രമണം നടക്കുന്നത് രണ്ടാം തവണയാണ്. രണ്ട് വര്‍ഷം മുമ്പ് പ്രദേശത്തെ മുണ്ടത്താനം ജോണ്‍സനെ ഇതേ രീതിയില്‍ മുഖംമുടി ധരിച്ച എത്തിയ രണ്ടുപേര്‍ ആക്രമിച്ചിരുന്നു. രാത്രിയുടെ മറവിലായിരുന്നു അന്നും അവർ എത്തിയത്. കൈകാലുകളുടെ എല്ല് പൊട്ടി ഏറെനാൾ ചികിത്സയിൽ കഴിഞ്ഞു. പനമരം പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 
*സമീപപ്രദേശത്ത് വീണ്ടും മോഷണം: അജ്ഞാത സംഘത്തിന് ആവശ്യം പണമോ?*
നെല്ലിയമ്പം ലക്ഷംകുന്ന് കോളനിയിലെ കോലം പള്ളിയിൽ ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടതായി പൊലീസ്‌ സ്ഥിരീകരിച്ചു.കൂടാതെ വിലപിടിപ്പുള്ള രേഖകളും കവർന്നു. അജ്ഞാതസംഘം സ്വകാര്യ വ്യക്തിയുടെ വിട്ടുമുറ്റത്ത് എത്തിയതിന്‌ പിന്നാലെയാണ്‌ മോഷണവും നടന്നത്‌.ഇതോടെ പ്രദേശത്തുകാരുടെ ഭീതി വർധിച്ചിട്ടുണ്ട്‌. ഇരട്ട കൊലപാതകത്തിന്റെ ചുരുളഴിയാതിരിക്കുന്നതിനിടെ നെല്ലിയമ്പം പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്‌ പൊലീസിനും തലവേദനയാകുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *