April 28, 2024

ലോറിയിലെ വൈക്കോല്‍ കെട്ടിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി; സിനിമാസ്റ്റൈലിൽ രക്ഷകനായി നാട്ടുകാരന്‍

0
Img 20220130 152809.jpg
കോഴിക്കോട്: കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. തീപടർന്നത് ശ്രദ്ധയിൽ പെട്ടതോടെ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോൽ കെട്ടുകൾ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.
ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി ഓടിരക്ഷപ്പെട്ടു.
ഇതോടെ നാട്ടുകാരാനായ ഷാജി എന്നയാൾ ലോറിയിൽ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവായി.
നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോൽ കെട്ടുകൾ മാറ്റി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടർന്നില്ല. ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് മൂലം വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സൂചന. നേരത്തേയും ഇത്തരത്തിൽ സംഭവങ്ങളുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച്ച ഇതേ രീതിയിൽ തിരുവനന്തപുരം പാങ്ങോടും വൈക്കോൽ കെട്ടിന് തീപിടിച്ചിരുന്നു. പാങ്ങോട് പഴവിള കെവിയുപിഎസിന് മുൻവശത്താണ് അപകടം നടന്നത്. വൈദ്യുതി കമ്പിയിൽ തട്ടി തീപടർന്നത് ഡ്രൈവർ അറിഞ്ഞില്ല. ലോറിയുടെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരാണ് സംഭവം ശ്രദ്ധയിൽപെടുത്തിയത്. തുടർന്ന് ബഹളമുണ്ടാക്കി ലോറി നിർത്തിച്ചു. ഇതേസമയം പാങ്ങോട് പഞ്ചായത്തിന്റെ ആവശ്യത്തിനായി വെള്ളവുമായി അതുവഴി വന്ന വാഹനത്തിലെ വെള്ളം ഉപയോഗിച്ച് നാട്ടുകാർ തീ അണച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *