April 28, 2024

ക്രിസ്മസ്-പുതുവല്‍സരാഘോഷം; നടപടി ഊര്‍ജിതമാക്കി എക്‌സൈസ് വകുപ്പ്

0
നവംബറില്‍ രജിസ്റ്റര്‍ ചെയ്തത് 299 കേസുകള്‍. ക്രിസ്മസ്-പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് എക്‌സൈസ് ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി. ക്രിസ്മസ്-പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യ ലോബി പിടിമുറുക്കാന്‍  സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മീനങ്ങാടി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പരാതികളും വിവരങ്ങളും കണ്‍ട്രോള്‍ റൂമിലെ 04936 248850 എന്ന നമ്പറില്‍ അറിയിക്കാം. ടോള്‍ ഫ്രീ നമ്പര്‍: 1800 425 2848, ഹോട്ട്‌ലൈന്‍ നമ്പര്‍: 155358. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് നവംബറില്‍ മാത്രം 299 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേന്ദ്രങ്ങളില്‍ 246 റെയ്ഡുകളും നടത്തി. പോലിസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളുമായി സഹകരിച്ച് നടത്തിയത് അഞ്ചു റെയ്ഡുകളാണ്. 45 അബ്കാരി കേസുകളും 35 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. കോട്പാ കേസുകളുടെ എണ്ണം 219. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി യഥാക്രമം 20, 34 പ്രതികളെ അറസ്റ്റ് ചെയ്തു. കോട്പാ കേസില്‍ 38,300 രൂപ പിഴയീടാക്കി തൊണ്ടിമുതലായി 6.500 ലിറ്റര്‍ കള്ളും അനധികൃതമായി സൂക്ഷിച്ച 48 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും പിടിച്ചെടുത്തു. 1,012 ലിറ്റര്‍ വാഷും ഒമ്പതു ലിറ്റര്‍ ചാരായവും 6.440 കിലോഗ്രാം കഞ്ചാവും ഇക്കാലയളവില്‍ പിടികൂടി. 20.605 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവും 130.080 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരിക്കായി ഉപയോഗിക്കുന്ന 264 സ്പാസ്‌മോ പ്രോക്‌സിവോണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. വിവിധ കേസുകളിലായി അഞ്ചു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥലങ്ങളിലായി 18,236 വാഹനങ്ങള്‍ പരിശോധിച്ചു. നവംബറില്‍ മാത്രം മുത്തങ്ങ ചെക്‌പോസ്റ്റില്‍ 9,393 വാഹനങ്ങളാണ് പരിശോധിച്ചത്. ബാവലിയില്‍ 2,051ഉം തോല്‍പ്പെട്ടിയില്‍ 2,605ഉം വാഹനങ്ങള്‍ പരിശോധിച്ചു. ജില്ലയിലെ നാലു മെഡിക്കല്‍ ഷോപ്പുകളും 377 കള്ളുഷാപ്പുകളും പരിശോധനയ്ക്കു വിധേയമാക്കി. വിവിധ കള്ളുഷാപ്പുകളില്‍ നിന്നായി 59 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. 165 കോളനികള്‍ സന്ദര്‍ശിച്ച് ലഹരിവിരുദ്ധ സന്ദേശം കൈമാറി. 59 ബോധവല്‍ക്കരണ പരിപാടികളാണ് ഇക്കാലയളവില്‍ ജില്ലയില്‍ സംഘടിപ്പിച്ചത്. ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 17 ജനകീയ കമ്മിറ്റി യോഗങ്ങളും ചേര്‍ന്നു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *