April 27, 2024

ജില്ലയില്‍ ലഹരിമോചന ചികില്‍സാ കേന്ദ്രം; നടപടികള്‍ പുരോഗമിക്കുന്നു

0
ജില്ലയില്‍ ലഹരിമോചന ചികില്‍സാ കേന്ദ്രം സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി വിമുക്തി മിഷന്‍ ജില്ലാതല അവലോകന യോഗം വിലയിരുത്തി. കല്‍പ്പറ്റ ജനറല്‍ ആശുപത്രി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ രണ്ടു ബ്ലോക്കുകളാണ് കേന്ദ്രത്തിനായി കണ്ടെത്തിയിട്ടുള്ളത്. ഇവിടെ നവീകരണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. വയനാട് നിര്‍മിതികേന്ദ്രത്തിനാണ് ചുമതല. ഡിസംബറില്‍ തന്നെ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ലഹരിമോചന ചികില്‍സാ കേന്ദ്രത്തിന്റെ ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ ഇതു 10 കിടക്കകളുള്ള കേന്ദ്രമായി വിപുലീകരിക്കും. ആവശ്യത്തിന് ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും നഴ്‌സുമാരുടെയും സേവനം ഇവിടെ ലഭ്യമാവും. 

വിമുക്തി മിഷന്റെ ഭാഗമായി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 18 വരെ എക്‌സൈസ് വകുപ്പ് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളുടെയും റേഞ്ച് ഓഫീസുകളുടെയും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് എട്ടു ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. പള്ളിക്കുന്ന് ലൂര്‍ദ്മാതാ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ശില്‍പശാല നടത്തി. മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന-ഉപന്യാസ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിവിധ കോളനികളില്‍ 17ഓളം ബോധവല്‍ക്കരണ ക്ലാസുകളാണ് നടത്തിയത്. 32ഓളം കോളനികള്‍ സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്തു. കൊളവയല്‍ സഹായി ക്ലബ്ബുമായി സഹകരിച്ച് നെന്മേലി കവലയിലും നടവയല്‍ മദ്യനിരോധന സമിതിയുമായി ചേര്‍ന്ന് ജൂബിലി മെമ്മോറിയല്‍ ഹാളിലും പൊതുജനങ്ങള്‍ക്കായി ക്ലാസുകള്‍ നടത്തി. എസ്റ്റേറ്റ് തൊഴിലാളികള്‍ക്കും വനം വാച്ചര്‍മാര്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും ലഹരിവിരുദ്ധ സന്ദേശം കൈമാറി. എഡിഎം കെ അജീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യൂസ് ജോണ്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *