April 27, 2024

തൊഴിലുറപ്പ് യുവതി വെട്ടേറ്റു മരിച്ച സംഭവം ബന്ധു അറസ്റ്റില്‍ കൊലക്കു പിന്നില്‍ വ്യക്തി വൈരാഗ്യം

0
159.jpg

മാനന്തവാടി:തൊഴിലുറപ്പ് തൊഴിലാളിയായ യുവതി വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെ  തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട സിനിയുടെ ഭര്‍ത്താവ് ബൈജുവിന്റെ മാതൃസഹോദരനും,അയല്‍വാസിയുമായ നെടുമല ദേവസ്യ (50)നെയാണ് അറസ്റ്റ് ചെയ്തത്. സിനിയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പല തവണ പോലീസ് സ്‌റ്റേഷനില്‍  കയറേണ്ടി വന്നത് മൂലവും മറ്റും സിനിയോട് തോന്നിയ കടുത്ത വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.സിനിയുടെ കൂടെ തൊഴിലുറപ്പ് പണിയെടുത്തിരുന്ന ദേവസ്യ ഇന്നലെ കൊലപാതകം നടന്ന സമയം മുതല്‍ പണിസ്ഥലത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തുടക്കത്തിലേ സംശയം തോന്നിയ പോലീസ് ദേവസ്യയെ കയ്യോടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയ്യാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതത്തിന് ഉപയോഗിച്ച കത്തിയും, ദേവസ്യ ധരിച്ചിരുന്ന രക്തംപുരണ്ട വസ്ത്രങ്ങളും പോലീസ് ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇയ്യാള്‍ക്കെതിരെ സിനി പോലീസിന് പലതവണ പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ബൈജുവും കുടുംബവും പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒന്നരവര്‍ഷം  മുമ്പാണ് ഇവര്‍ ദേവസ്യയുടെ വീടിനടുത്ത്് അരയേക്കര്‍ സ്ഥലത്ത് ഷെഡ് വച്ചു താമസമാക്കിയത്. പിന്നീട് സിനിയുടെ തോട്ടത്തിലേക്ക് ചാഞ്ഞുനിന്ന ഇയ്യാളുടെ ഏലച്ചെടികള്‍ മുറിച്ചെന്നും പറഞ്ഞായിരുന്നു ആദ്യപ്രശ്‌നങ്ങള്‍. ഇതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് അസഭ്യം പറഞ്ഞൂവെന്നും, സ്വസ്ഥമായി ജീവിക്കാന്‍ വിടുന്നില്ലെന്നും കാണിച്ച് സിനി  ദേവസ്യക്കെതിരെ  പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഇരുവരേയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്‌നപരിഹാരം നടത്തിയിരുന്നു. എന്നാല്‍ പിന്നീടും ദേവസ്യ അപവാദം പറഞ്ഞൂവെന്നും, അസഭ്യം പറഞ്ഞൂവെന്നും കാണിച്ച് സിനി പരാതി നല്‍കിയിരുന്നു. അന്നും പോലീസ് ഇടപെട്ട് ദേവസ്യയെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. എന്നാല്‍ നിരന്തരം തന്നെ പോലീസ് സ്‌റ്റേഷനില്‍ കയറ്റിയ സിനിയോട് ദേവസ്യക്ക് വൈരാഗ്യമുടലെടുക്കുകയും  അത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു..

വയനാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മാനന്തവാടി എഎസ്പി വൈഭവ് സക്‌സേന, മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണി, തലപ്പുഴ എസ്‌ഐ ജിമ്മി, തൊണ്ടര്‍നാട് എസ്‌ഐ മഹേഷ്, മാനന്തവാടി അഡി.എസ്‌ഐ സാജന്‍, തലപ്പുഴ എഎസ്‌ഐ അജിത്ത് കുമാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇന്നലെ വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സിനിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പടമലയിലെ വീട്ടില്‍ സംസ്‌കരിക്കും.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *