May 9, 2024

തേക്ക് പ്ലാന്റേഷൻ നീക്കത്തെ ചെറുക്കാന്‍ കര്‍ഷക-പരിസ്ഥിതി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു

0
Yogam.jpg
കല്‍പ്പറ്റ: വടക്കേവയനാട് വനം ഡിവിഷനിലെ തൃശിലേരി സെക്ഷനില്‍ സ്വാഭാവിക വനമായി മാറിയ മുന്‍ പ്ലാന്റേഷനിലെ 200 ഏക്കര്‍ അടച്ചുവെട്ടി നടത്തി തേക്കുതോട്ടമാക്കാനുള്ള വനം-വന്യജീവി വകുപ്പിന്റെ നീക്കത്തെ ചെറുക്കാന്‍ മാനന്തവാടി പഴശി ലൈബ്രറിയില്‍ ചേര്‍ന്ന കര്‍ഷക-പരിസ്ഥിതി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. വയനാടന്‍ കാടുകളുടെ വിസ്തീര്‍ണത്തില്‍ മൂന്നിലൊന്നുവരുന്ന ഏകവിളത്തോട്ടങ്ങള്‍ ഘട്ടങ്ങളായി നൈസര്‍ഗിക വനമാക്കുന്നതിനു അടിയന്തര നടപടി സ്വീകരിക്കണമെന്നു യോഗം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. 
തൃശിലേരിയില്‍ അടച്ചുവെട്ടു തീരുമാനിച്ച വനഭാഗം ജില്ലയിലെ മറ്റേതു നിബിഡ വനത്തോടും കിടപിടിക്കുന്നതാണ്. അത്യപൂര്‍വമടക്കം സസ്യ-ജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇവിടം. 
പരാജയപ്പെട്ട തോട്ടങ്ങളുടെ പേരില്‍ വടക്കേവയനാട് വനം ഡിവിഷനിലെ പേരിയ പീക്ക്, ഇരുമ്പുപാലം, അപ്പപ്പാറ എന്നിവിടങ്ങളില്‍ സ്വാഭാവിക വനം വെട്ടിമാറ്റി തേക്കും മഹാഗണിയും മലവേപ്പും കൃഷിചെയ്യാന്‍ നടത്തിയ നീക്കം പരിസ്ഥിതി-കര്‍ഷക സംഘടനകള്‍ പരാജയപ്പെടുത്തുകയാണുണ്ടായത്. ഒരുതരത്തിലുള്ള പരിസ്ഥിതി ധര്‍മവും നിര്‍വഹിക്കാന്‍ കെല്‍പ്പില്ലാത്ത ഭൂപ്രദേശത്തിനു സമാനമാണ് ഏകവിളത്തോട്ടങ്ങള്‍. നൈസര്‍ഗിക വനം ഏകവിളത്തോട്ടങ്ങളാക്കിയതാണ് ജില്ലയിലെ വര്‍ധിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. എന്നിരിക്കെ സ്വാഭാവികവനം കുറഞ്ഞ അളവില്‍പോലും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു യോഗം വ്യക്തമാക്കി. പ്രക്ഷോഭം സംഘടിപ്പിക്കാനും ബോധവത്കരണ ക്ലാസുകള്‍ നടത്താനും എം. ഗംഗാധരന്‍ കണ്‍വീനറും ജോസ്  കാട്ടിക്കുളം ചെയര്‍മാനുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. 
അജി കൊളോണിയ അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, പി.എ. അജയന്‍, സണ്ണി മരക്കടവ്, ധര്‍മരാജന്‍ മീനങ്ങാടി, സാജന്‍ ജോസ്, സനീഷ് കേണിച്ചിറ എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *