May 2, 2024

പതിനാറുകാരന്റെ മരണം : സമഗ്രാന്വേഷണം വേണമെന്നു മാതാപിതാക്കൾ

0
Img 20200312 Wa0223.jpg

കൽപ്പറ്റ: പതിനാറുകാരനായ മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നു മാതാപിതാക്കൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.  മടക്കിമല വെള്ളന്പാടി പ്രേമനും ഭാര്യ ഉഷയുമാണ് മകൻ നിധിന്‍റെ മരണത്തിൽ വിശദാന്വേഷണം വേണമെന്നാവശ്യപ്പെട്ട്  അധികൃതർക്ക് പരാതി നൽകിയത്. കമ്പളക്കാട്  ടൗണിൽ നിധിൻ ജോലിചെയ്ത ചെരിപ്പുകട ഉടമയുടെ മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്കു കാരണമായതെന്നു സംശയിക്കുന്നതായി പ്രേമനും ഉഷയും പറഞ്ഞു. 
ഫെബ്രുവരി നാലിന്  വൈകുന്നേരം വല്യമ്മ മാളു ജോലികഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് നിധിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പിതാവെന്ന നിലയിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കടയുടമ നിധിനെ മാനസികവും ശാരീകവുമായി പീഡിപ്പിച്ചതായി അറിയാനിടയായത്. 
നിധിന്‍റെ ജ്യേഷ്ഠൻ പ്രബീഷാണ് ചെരിപ്പുകടയിൽ ആദ്യം  ജോലിക്കുകയറിയത്. ആറു ദിവസം കഴിഞ്ഞപ്പോൾ  മറ്റൊരു ജോലി ലഭിച്ച പ്രബീഷ് പകരക്കാരനായി അനുജനെ നിയോഗിച്ചു. നിധിൻ ജോലിക്കു പോയിത്തുടങ്ങിയതിന്‍റെ അടുത്ത ദിവസം തനിക്കു കിട്ടാനുള്ള കൂലി വാങ്ങുന്നതിനു പ്രബീഷ് കടയിലെത്തി. ഈ സമയം കടയിൽനിന്നു രണ്ടു ജോഡി ഷൂ കാണാതായതായി പരാതി പറഞ്ഞ ഉടമ നിധിനെ ഗോഡൗണിലേക്കു കൊണ്ടുപോയി. കുറച്ചുകഴിഞ്ഞു കരഞ്ഞുകൊണ്ടാണ് നിധിൻ തിരിച്ചെത്തിയത്. ഷൂ എടുത്തതായി നിധിൻ സമ്മതിച്ചതനുസരിച്ചു വില നൽകി പ്രബീഷ് ജോലിക്കുപോയി. അന്നുച്ചയോടെ ഉടമ കടയിൽനിന്നു പറഞ്ഞുവിട്ടതിനു പിന്നാലെയായിരുന്നു നിധിന്‍റെ മരണം. ഷൂ കാണാതായതടക്കം വിവരം കടയുടമ അറിയിച്ചിരുന്നില്ല. നിധിന്‍റെ മരണശേഷം തങ്ങളുമായി ബന്ധപ്പെടാനും കടയുടമ തയാറായില്ല. മകന്‍റെ മരണവുമായി ബന്ധപ്പെട്ടു പട്ടികജാതി-വർഗ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ജില്ലാ പോലീസ് മേധാവി എന്നിവർക്കു പരാതി നൽകിയതായും പട്ടികജാതിക്കാരായ പ്രേമനും ഉഷയും പറഞ്ഞു.  വാർത്താസമ്മേളനത്തിൽ പ്രേമന്‍റെ മാതാവ് മാളു, ബന്ധു പി.സി. ബാബു എന്നിവരും പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *