May 1, 2024

മണ്ണിനെ മെരുക്കിയ രാജൻ ജീവിതത്തെ മെരുക്കാൻ പാടുപ്പെടുന്നു.

0
Img 20200312 Wa0195.jpg
കൽപ്പറ്റ: പതിറ്റാണ്ടുകളായി മണ്ണിനെ മെരുക്കിയ പാരമ്പര്യമാണ് മലയച്ചം കൊല്ലി സ്വദേശി രാജന്റേത് .എന്നാൽ അദ്ദേഹം ജീവിതം മെരുക്കാൻ ഇന്ന് പാടുപെടുകയാണ്.

 കുലത്തൊഴില്‍ കൈവിടാതെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന
കുറച്ചാളുകള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. വലിയ ലാഭമൊന്നും
ലഭിക്കില്ലെങ്കിലും പിന്തുടര്‍ന്നു വന്ന തൊഴില്‍ കൈമുതലാക്കി
വെച്ചിരുക്കുന്ന കുടുംബങ്ങള്‍ എല്ലാവര്‍ക്കും മതൃകയാണ്. കല്‍പ്പറ്റ വിജയാ
പമ്പ് പരിസരത്ത് നടക്കുന്ന കുടുംബശ്രീ ഫെസ്റ്റില്‍ ഇതുപോലൊരു
കുടുംബമുണ്ട്. പാരമ്പര്യമായി ചെയ്തു വന്ന മണ്‍പാത്ര നിര്‍മാണത്തെ ഇന്നും തൊഴിലാക്കി ജീവിതം മുന്നോട്ട് കൊണ്ടു പോകുകയാണ് മലയച്ചംകൊല്ലി
സ്വദേശിയായ രാജന്‍ കോട്ടപ്പുറം. അദ്ദേഹത്തോടൊപ്പം തന്നെ സഹോദരിമാരിമാരുടെ ഭർത്താവായ കുഞ്ഞു മണി, കല്ലറാംകോട്ടപ്പറമ്പിൽ ബാലസുബ്രഹ്‌മണ്യൻ എന്നിവരും ഇതേ തൊഴിലുമായി കൂടെയുണ്ട്. 
  നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമായ കളിമൺപാത്ര നിർമാണം അന്യാധീനപ്പെട്ടു കൊണ്ടിരിക്കുന്ന ഈ  സാഹചര്യത്തിൽ പാരമ്പര്യമായി കിട്ടിയ ഈ തൊഴിലിനെ മുറുകെ പിടിക്കുന്ന ഒരുപറ്റം ആളുകൾ നാടിന് മുതൽ കൂട്ടാണ്. പ്ലാസ്റ്റിക്കിന്റെ അതിപ്രസരം കൊണ്ട് വർധിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുവാനായി ഇന്ന് ധാരാളം ആളുകൾ മൺപാത്രങ്ങളിലേക്ക് മാറുന്നുണ്ടെന്ന് ബാലസുബ്രഹ്മണ്യൻ പറയുന്നു. എന്നാൽ ഈ മേഖല നേരിടുന്ന വലിയ പ്രതിസന്ധി നിർമാണത്തിനാവശ്യമായ കളിമണ്ണിന്റെ ലഭ്യതക്കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനസും ശരീരവും ഒരു പോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട തൊഴിലാണ് ഇതെന്നും പാരമ്പര്യമായി കിട്ടിയ തൊഴിലിനെ ജീവിതോപാധിയാക്കി മാറ്റിയിട്ട് 30 വർഷം കഴിഞ്ഞ ആളാണ് 
താനെന്നും തന്റെ 12-ാം വയസിൽ തുടങ്ങിയതാണ് മൺപാത്രനിർമാണമെന്നും രാജനും പറഞ്ഞു.
കടുത്ത ആരോഗ്യ പ്രശ്നങ്ങളിലൂടെ ജനജീവിതം മുന്നോട്ട് പോകുന്ന കാലത്ത് പഴമകളിലേക്കെന്ന പോലെ തന്നെ ഭക്ഷണത്തിലും അത് ഉണ്ടാക്കുന്ന പാത്രങ്ങളിലും മാറ്റം അനിവാര്യമാണ്. കാലത്തിനനുസരിച്ച് ഈ മേഖലയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പണ്ട് കാലത്ത് മണ്ണ് ചവുട്ടി കുഴച്ചാണ് പാത്രം നിർമിക്കാൻ ഉപയോഗിച്ചിരുന്നത്. ഇന്നത് മാറി മെഷീൻ ഉപയോഗിച്ച് അരച്ച് എടുക്കുന്ന രീതിയിലായി. ചക്രത്തിലും മാറ്റമുണ്ട് പണ്ടത്തെ മണ്ണുകൊണ്ടുള്ള ചക്രത്തിൽ നിന്നും സിമന്റിൽ വാർത്തെടുത്ത ചക്രത്തിലേക്ക് മാറി. ഈ മേഖലയിൽ നിന്നും പിൻമാറാതിരിക്കാൻ വായ്‌പ, നിർമ്മാണ ചിലവിൽ സഹായം, ആധുനിക രീതിയിൽ ഉള്ള നിർമ്മാണ ഉപകരണങ്ങൾ എന്നിവ ഒക്കെ നൽകുകയാണെങ്കിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധന ഉണ്ടാവാൻ സാധ്യതയുണ്ട്. ഒരു മൺപാത്രം ഉണങ്ങാൻ ഇന്നത്തെ രീതിയിലുള്ള കാലാവസ്ഥ ആണെങ്കിൽ  മൂന്നോ നാലോ ദിവസം മതി. മഴക്കാലമായാൽ ഇത് 15 ദിവസമെങ്കിലും എടുക്കുമെന്ന് രാജൻ കൂട്ടിച്ചേർത്തു. പാത്ര വിൽപ്പനയ്ക്ക് കൃത്യമായൊരു മാർക്കറ്റ് ഇല്ലെന്നത് തൊഴിലാളികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. ഉത്സവ ചന്തകൾ കേന്ദ്രീകരിച്ചുള്ള വിപണനമാണ് ഇന്ന് നടന്ന് വരുന്നത്. മൺപാത്രങ്ങളുടെ മൂല്യം ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയ ഈ വെെകിയ വേളയിലെങ്കിലും ഗവൺമെന്റോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മുന്നോട്ട് വരേണ്ടതുണ്ട്.
(റിപ്പോർട്ട്: ജിൻസ് തോട്ടുംങ്കര)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *