May 15, 2024

വഴിത്തര്‍ക്കം കോടതി കയറി; കമ്പനിക്കുന്ന്, മൈത്രിനഗര്‍ കോളനികളിലെ കുടുംബങ്ങളുടെ പുനരധിവാസം അവതാളത്തില്‍

0
Mythri Nagar Colony.jpg

കല്‍പറ്റ-വഴിത്തര്‍ക്കം കോടതി കയറിയപ്പോള്‍  ഉരുള്‍പൊട്ടല്‍ സാധ്യാതപ്രദേശത്തുള്ള 20 പട്ടികവര്‍ഗ കുടുബങ്ങളുടെ പുനരധിവാസം അനിശ്ചിതത്വത്തിലായി. തരിയോട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍പ്പെട്ട കമ്പനിക്കുന്ന്, മൈത്രിനഗര്‍ പണിയ കോളനികളിലെ കുടുംബങ്ങളുടെ പുനരധിവാസമാണ് അവതാളത്തില്‍.
മൈത്രിനഗറില്‍ 13-ഉം കമ്പനിക്കുന്നില്‍ ഏഴും കുടുംബങ്ങളാണ് പുനരധിവാസം കാത്തുകഴിയുന്നത്. 2018ലും 2019ലും മഴക്കാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടു കോളനികളും ഉള്‍പ്പെടുന്ന പ്രദേശത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയില്‍ ഉള്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്നു  പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും ശ്രമം തുടങ്ങി.പൊതുവിഭാഗത്തില്‍പ്പെട്ട 13 കുടുംബങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം കൈപ്പറ്റി മറ്റിടങ്ങളിലേക്കു താമസം മാറ്റി.ഓരോ കുടുംബത്തിനും സ്ഥലം വാങ്ങുന്നതിനു ആറു ലക്ഷം രൂപയും വീടു നിര്‍മാണത്തിനു നാലു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. പട്ടികവര്‍ഗ കുടുംബങ്ങളെ യോജിച്ച ഭൂമി വിലയ്ക്കുവാങ്ങി പുനരധിവസിപ്പിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ പുനരധിവാസത്തിനു യോജിച്ച ഭൂമി കണ്ടെത്തുന്നതിനു വൈത്തിരി തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി,വില്ലേജ് ഓഫീസര്‍,ട്രൈബല്‍ ഓഫീസര്‍,പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒമ്പതംഗ കമ്മിറ്റി രൂപീകരിച്ചു.പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചതിനെത്തുടര്‍ന്നു പുനരധിവാസത്തിനായി ഭൂമി വില്‍ക്കുന്നതിനു 28 സ്വകാര്യ വ്യക്തികള്‍ സന്നദ്ധ അറിയിച്ചു കത്തു നല്‍കി. ഓരോ അപേക്ഷയും പരിശോധിച്ച കമ്മിറ്റി കാവുമന്ദം എട്ടാംമൈലിനു സമീപം ടോം ജോസഫിന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള 2.18 ഏക്കര്‍ സ്ഥലം പുനരധിവാസത്തിനു ഏറ്റവും യോജിച്ചതാണെന്നു കണ്ടെത്തി. നീക്കുപോക്കുകള്‍ക്കൊടുവില്‍ ഏക്കറിനു 69 ലക്ഷം വിലയ്ക്കു ഭൂമി വിലയ്ക്കു വാങ്ങാന്‍ ധാരണയായി. 
ഇതിനു പിന്നാലെ പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റും നേതൃത്വത്തില്‍ രണ്ടു കോളനികളിലെയും ആദിവാസി കുടുംബങ്ങള്‍ സ്ഥലസന്ദര്‍ശനം നടത്തി. ഭൂമി സ്വീകാര്യമാണെന്നു പട്ടികവര്‍ഗ കുടുംബങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലം ഉടമകളുമായി കമ്മിറ്റി കരാര്‍ വച്ചു.പിന്നീടു സ്ഥലം  വഴിയടക്കം  ഏഴേമുക്കാല്‍ സെന്റുവീതം വിസ്ത്രീര്‍ണമുള്ള പ്ലോട്ടുകളായി അളന്നുതിരിച്ചു.ഓരോ പ്ലോട്ടിന്റെയും അവകാശികളെ നറുക്കിട്ടു തീരുമാനിച്ചു.വൈകാതെ പട്ടികവര്‍ഗ കുടുംബങ്ങളുടെ പേരില്‍ ആധാരം എഴുതി. ഇവ രജിസ്റ്റര്‍ ചെയ്യുന്നതിനു നീക്കം നടക്കുന്നതിനിടെയാണ് വഴിത്തര്‍ക്കം ഉടലെടുത്തത്. പുനരധിവാസത്തിനു കണ്ടെത്തിയ സ്ഥലത്തേക്കുള്ള വഴി ഉപയോഗപ്പെടുത്തുന്നതിനെതിരെ പ്രദേശവാസികളില്‍ ഒരാള്‍ കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ചു.സ്ഥലവില്‍പനയ്ക്കു സന്നദ്ധത അറിയിച്ച വ്യക്തികളില്‍ ഒരാളാണ് സ്റ്റേ വാങ്ങിയത്. കമ്മിറ്റി വിലയ്ക്കുവാങ്ങാന്‍ തീരുമാനിച്ച ഭൂമിയോടുചേര്‍ന്നാണ് സ്റ്റേ സമ്പാദിച്ചയാളുടെ സ്ഥലം. മൂന്നു മീറ്റര്‍ നീളവും 180 മീറ്റര്‍ വീതിയുമുള്ള വഴി തന്റെ കൈവശഭൂമിയുടെ ഭാഗമാണെന്നു വാദിച്ചാണ് സ്വകാര്യവ്യക്തി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സ്റ്റേ നീക്കിക്കിട്ടുന്നതിനു കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍പ്പെട്ട വഴി 25 വര്‍ഷമായി പൊതു ഉപയോഗത്തില്‍ ഉള്ളതാണെന്നാണ്  പ്രദേശവാസികളില്‍ പലരും പറയുന്നത്. 
വ്യവഹാരത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസത്തിനു വേറെ ഭൂമി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതര്‍.കമ്മിറ്റി കണ്ടെത്തി അളന്നുതിരിക്കലും ആധാരം എഴുത്തും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ഭൂമിയില്‍ത്തന്നെ പുനരധിവാസം നടത്തണമെന്ന ശാഠ്യത്തിലാണ് മൈത്രിനഗര്‍,കമ്പനിക്കുന്ന് കോളനിയിലെ കുടുംബങ്ങളില്‍ അധികവും.മറ്റൊരു ഭൂയിലേക്കും മാറിത്താമസിക്കാന്‍ തയാറല്ലെന്നു മൈത്രിനഗര്‍ കോളനിയിലെ ഗോപിയുടെ ഭാര്യ രാധാമണി,ഗോപാലന്റെ മകള്‍ സുധാമണി എന്നിവര്‍ പറഞ്ഞു. 
അടുത്ത മഴക്കാലത്തിനു മുമ്പായി പുനരധിവാസം പൂര്‍ത്തിയാക്കുന്നതിനു അധികൃതര്‍ നടപടി സ്വീകരിക്കണമെന്നു സി.പി.െഎ ജില്ലാ കമ്മിറ്റിയംഗം തയ്യില്‍ അഷ്‌റഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജിജോ പൊടിമറ്റം,തരിയോട് മണ്ഡലം പ്രസിഡന്റ് വി.ജി.ഷിബു,ഡി.വൈ.എഫ്.ഐ വൈത്തിരി ഏരിയ കമ്മിറ്റിയംഗം എം.വി. വിശ്വന്ത് എന്നിവര്‍ ആവശ്യപ്പെട്ടു.സ്ഥലമെടുപ്പ് മുടക്കുന്നതിനു ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് വഴിപ്രശ്‌നത്തിനു പിന്നിലെന്നു അവര്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *