May 15, 2024

മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ബഫര്‍ സോണ്‍ പ്രഖ്യാപനങ്ങള്‍ പിന്‍വലിക്കണം : ജനസംരക്ഷണസമിതി

0
Img 20200919 Wa0112.jpg
വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ നിലവിലുള്ള വനപ്രദേശങ്ങളുടെ ചുറ്റുമായി ബഫര്‍ സോണുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങള്‍ ഈ നാട്ടിലെ മനുഷ്യജീവിതത്തെ ഗൗരവതരമായി ബാധിക്കുന്നവയാണ്. മൃഗത്തെയും കാടിനെയും സംരക്ഷിക്കാനുള്ള ശ്രമം ശ്ലാഘനീയമെങ്കിലും അതിന്റെ പേരില്‍ പൊതുജനത്തിന്റെ ജീവിതം അവഗണിക്കുന്നതും ദുരിതപൂര്‍ണമാക്കുന്നതും അംഗീകരിക്കാന്‍ സാധിക്കുകയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി സംഘടനകള്‍ സുപ്രീം കോടതിയില്‍ നല്കിയിരിക്കുന്ന കേസിലും സാധാരണക്കാരെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. ആന, പന്നി, മാന്‍, മയില്‍, തുടങ്ങിയ കാട്ടുമൃഗങ്ങളുടെ ശല്യം മൂലം കാര്‍ഷികവിളകള്‍ക്ക് നേരിടുന്ന നാശം ഭീകരമാണ്. അതോടൊപ്പം ഇപ്പോള്‍ത്തന്നെ കടുവകളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് മൂലം ജനജീവിതം ദുസ്സമായിരിക്കുന്ന പശ്ചാത്തലത്തില്‍ വയനാട് വന്യജീവവിസങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും നടക്കുന്നു. ഇവയുടെയെല്ലാം പശ്ചാത്തലത്തില്‍ പ്രസ്തുത നടപടികളില്‍ നിന്നും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്‍വാങ്ങണമെന്നും ജനജീവിതത്തെയും ജനത്തിന്റെ മൗലികാവകാശങ്ങളെയും സംരക്ഷിക്കാത്ത വിജ്ഞാപനങ്ങള്‍ പിന്‍വലിക്കണമെന്നും മാനന്തവാടി രൂപതയുടെ ജനസംരക്ഷണ സമിതി ആവശ്യപ്പെടുന്നു. 
ഇതരരൂപതകളുടെ സമാനസ്വഭാവമുള്ള മുന്നേറ്റങ്ങളോട് ചേര്‍ന്ന് മേല്‍പ്പറഞ്ഞ വിഷയങ്ങളെ മാനന്തവാടി രൂപതയുടെ പരിധിയിലുള്ള മനുഷ്യരെ ബോദ്ധ്യപ്പെടുത്തുന്നതിനും ഇതര കാര്‍ഷിക, സാമുദായിക, രാഷ്ട്രീയ സംഘടനകളോട് കൈകോര്‍ത്തുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനുമായി മാനന്തവാടി രൂപത രൂപംകൊടുത്തിരിക്കുന്ന മുന്നേറ്റമാണ് ജനസംരക്ഷണസമിതി. രൂപതയിലെ ഫൊറോനകളെ റീജിയണുകളായി തിരിച്ച് പഞ്ചായത്ത് തലത്തില്‍ ജനസംരക്ഷണസമിതികള്‍ രൂപീകരിച്ച് അത്തരം സമിതികളുടെ നേതൃത്വത്തില്‍ ബോധവത്കരണ, പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ജനത്തെ ബോധവത്കരിക്കലും നിയമപരമായി ലഭ്യമായിരിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ ഈ-മെയില്‍ വഴിയായും മറ്റും ജനത്തിന്റെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് ആദ്യപടി. തുടര്‍ന്ന് നീതിപൂര്‍വ്വകമായ നടപടികളുണ്ടാകുന്ന സമയം വരെ സാഹചര്യങ്ങള്‍ അനുവദിക്കുന്ന രീതിയിലും ശൈലിയിലും ശക്തമായ സമരപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. 
പഞ്ചായത്തുതലസമിതികള്‍ക്കും റീജിയണുകള്‍ക്കും ഉത്തരവാദിത്വപ്പെട്ടവരെ പ്രാദേശികമായി തിരഞ്ഞെടുക്കുകയും സമിതികള്‍ രൂപീകരിക്കുകയും ചെയ്തുകഴിഞ്ഞു. ലഘുലേഖകളും ബാനറുകളും സാമൂഹ്യമാധ്യമങ്ങളും ഇതരവേദികളും ഉപയോഗപ്പെടുത്തിയായിരിക്കും എല്ലായിടങ്ങളിലും ബോധവത്കരണപരിപാടികള്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. അതോടൊപ്പം തന്നെ ഈ-മെയില്‍ ക്യാംപെയിനിംഗും സംഘടിപ്പിക്കും. രൂപതാതല ജനസംരക്ഷണസമിതിയുടെ രക്ഷാധികാരി ബിഷപ് ജോസ് പൊരുന്നേടവും സഹരക്ഷാധികാരി മോണ്‍സിഞ്ഞോര്‍ പോള്‍ മുണ്ടോളിക്കലുമാണ്. ചെയര്‍മാന്‍ റവ. ഫാ. ആന്റോ മമ്പള്ളി, ജനറല്‍ കണ്‍വീനര്‍  സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ എന്നിവരും ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍, ഫാ. നോബിള്‍ തോമസ് പാറക്കല്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും, ശ്രീ വര്‍ക്കി നിരപ്പേല്‍,  ജോസ് പള്ളത്ത്, ബിബിന്‍ ചമ്പക്കര,  ടോം ജോസ്,  ഗ്രേസി ചിറ്റിനപ്പിള്ളി,         വിജി നെല്ലിക്കുന്നേല്‍ എന്നിവര്‍ കണ്‍വീനര്‍മാരുമാണ്. 
:
. ഫാ. ആന്റോ മമ്പള്ളി (ചെയര്‍മാന്‍, ജനസംരക്ഷണസമിതി)
ഫാ. നോബിള്‍ തോമസ് പാറക്കല്‍ (വൈസ് ചെയര്‍മാന്‍, ജനസംരക്ഷണസമിതി)
ഫാ. അഗസ്റ്റിന്‍ ചിറക്കത്തോട്ടത്തില്‍ (വൈസ് ചെയര്‍മാന്‍, ജനസംരക്ഷണസമിതി)
 വിജി നെല്ലിക്കുന്നേല്‍ (കണ്‍വീനര്‍, ജനസംരക്ഷണസമിതി) 
ജോസ്  പള്ളത്ത് (കണ്‍വീനര്‍, ജനസംരക്ഷണസമിതി)  ബിബിന്‍ ചെമ്പക്കര (കണ്‍വീനര്‍, ജനസംരക്ഷണസമിതി)
എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *