May 5, 2024

രാഹുല്‍ഗാന്ധിയെ പരിഹസിക്കുന്നത് അദ്ദേഹത്തിന്റെ ജനപിന്തുണ ഭയന്ന്: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

0
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ ബില്ലിനെതിരെയും, യു പിയില്‍ സ്ത്രീപീഡകര്‍ക്ക് ഒത്താശ ചെയ്ത യോഗി സര്‍ക്കാരിനെതിരെയും അതിശക്തമായ പോരാട്ടം നടത്തുന്ന രാഹുല്‍ഗാന്ധി എം പിയെ പരിഹസിക്കുന്നത് രാജ്യത്ത് നടക്കുന്ന നെറികേടുകളും പിടിപ്പുകേടുകളും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടുന്നതിലുള്ള ഭയം മൂലമാണെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. ബി ജെ പി ജില്ലാപ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായത് തരം താണ പ്രസ്താവനയാണ്. എതിര്‍സ്ഥാനത്ത് നില്‍ക്കുന്ന നേതാക്കളെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴെത്തട്ടിലുളളവര്‍ വരെ പതിവാക്കിയിരിക്കുകയാണ്. ഇത് അവരുടെ ഫാസിസ്റ്റ് ശൈലിയുടെ ഭാഗമാണ്. അത്തരം പരിഹാസങ്ങളെ ജനങ്ങള്‍ അവജ്ഞയോടെ പുച്ഛിച്ച് തള്ളും. രാഹുല്‍ഗാന്ധി എം പി പ്രളയം മുതല്‍ കോവിഡ്കാലം വരെ ജില്ലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു ജനപ്രതിനിധിയുടെയും, പൊതുപ്രവര്‍ത്തകന്റെയും ധര്‍മ്മം. അത് വളരെ കൃത്യമായി രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ ചെയ്യുന്നുണ്ട്. അതിന് ബി ജെ പി ജില്ലാപ്രസിഡന്റിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ദേശീയനേതാവെന്ന നിലവില്‍ രാഹുല്‍ഗാന്ധി കാര്‍ഷികബില്ലിനെതിരെ നടത്തിയ പ്രക്ഷോഭം രാജ്യം ഏറ്റെടുത്തതാണ്. അതിനെ പരിഹസിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരിനെതിരായ ജനരോക്ഷം ഭയന്നാണ്. അത്തരം സമരങ്ങളില്‍ വയനാട് അടക്കം അണിനിരക്കും. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്നും ആട്ടിയകറ്റി  അദാനിയെയും, അംബാനിയെയും അവിടേക്ക് ക്ഷണിക്കുന്നത് പാവങ്ങളുടെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന പരിപാടിയാണ്. കോര്‍പറേറ്റുകളെ ലാളിക്കുന്ന മോദി സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ മുന്നില്‍ നിന്ന് നയിക്കുന്ന രാഹുല്‍ഗാന്ധിയെ പരിഹസിക്കാനുള്ള നീക്കം അദ്ദേഹത്തിന്റെ ജനപിന്തുണയെ ഭയന്നാണ്. സി പി എമ്മിനൊപ്പം നിന്ന് രാഹുല്‍ഗാന്ധിയുടെ ഉദ്ഘാടനപരിപാടി അട്ടിമറിക്കാന്‍ നടത്തിയ ബി ജെ പിയുടെ ശ്രമം നാട്ടില്‍ പാട്ടായി കഴിഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഒരു ഉദ്ഘാടനപരിപാടിയെ പോലും ഭയക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും ഐ സി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. വയനാട് മണ്ഡലത്തിലെ ജനങ്ങള്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് രാഹുല്‍ഗാന്ധിയെ വിജയിപ്പിച്ചത്. മണ്ഡലത്തിന്റെ ജനപ്രതിനിധിയെന്ന നിലയില്‍ എം പി ഫണ്ടിലൂടെയും, സ്വന്തം നിലയിലും നിരവധി വികസനപ്രവര്‍ത്തനങ്ങളും സേവനങ്ങളുമാണ് അദ്ദേഹം നടത്തികൊണ്ടിരിക്കുന്നത്. വയനാട്ടുകാര്‍ക്ക് സാന്ത്വനവും കരുതലുമായി എപ്പോഴും അദ്ദേഹമുണ്ടായിരുന്നു. അതിന് ബി ജെ പി ജില്ലാപ്രസിഡന്റിന്റെ സമ്മതപത്രം ആവശ്യമില്ലെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *