April 26, 2024

പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട്: വിദ്യാര്‍ഥി പ്രതിനിധികള്‍ മന്ത്രിക്കു നിവേദനം നല്‍കി

0
278b27a07d29a72b54c56fc9f2c1fcc3.jpg
പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട്: വിദ്യാര്‍ഥി പ്രതിനിധികള്‍ മന്ത്രിക്കു നിവേദനം നല്‍കി

കല്‍പ്പറ്റ :കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ വന്യജീവി ഗവേഷണത്തിനും പട്ടികവര്‍ഗ ക്ഷേമത്തിനുമായി വിഭാവനം ചെയ്ത പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നതിനു ഇടപെടല്‍ തേടി മൃഗസംരക്ഷണ മന്ത്രിയും സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലറുമായ ജെ.ചിഞ്ചുറാണിക്കു വിദ്യാര്‍ഥി പ്രതിനിധികള്‍ നിവേദനം നല്‍കി. ഫെബ്രുവരി 20നു അന്നത്തെ മൃഗസംരക്ഷണ മന്ത്രി കെ.രാജു വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്ത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വൈകുന്ന സാഹചര്യത്തിലാണ് നിവേദനം നല്‍കിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനു ഉതകുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ സര്‍വകലാശാലയ്ക്ക് ലഭ്യമാക്കുക, പുതിയ കാമ്പസിനു വൈത്തിരി പഞ്ചായത്തില്‍ സ്ഥലം അടിയന്തരമായി കണ്ടെത്തുക, അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനത്തിനു നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്നതാണ് നിവേദനം. 
ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സര്‍വകലാശാല ഭരണസമിതിയും ഉദ്യോഗസ്ഥരും 2017 മുതല്‍ നടത്തിവന്ന പരിശ്രമത്തിനൊടുവിലാണ് മുന്‍ മന്ത്രി കെ.രാജു ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍വകാശാലയുടെ പൂക്കോട് കാമ്പസില്‍ 2011 മുതല്‍ പ്രവര്‍ത്തിക്കുന്ന വന്യജീവി പഠനകേന്ദ്രമാണ് പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡ് പോലും സ്ഥാപിച്ചില്ല. 
വന്യജീവികളുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പൂക്കോട് കാമ്പസില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനു സര്‍വകലാശാല പദ്ധതിയിട്ടത്. സര്‍വകലാശാലയുടെ 53-ാം ഭരണസമിതി യോഗത്തിലെ തീരുമാനമനുസരിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി രേഖ 2017ല്‍ സര്‍ക്കാര്‍ അംഗീകാരത്തിനു സമര്‍പ്പിച്ചത്. 
വന്യജീവികളും മനുഷ്യരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ പഠനത്തിനും ഗവേഷണത്തിനും സാഹചര്യം ഒരുക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ആദിവാസികളടക്കം ജനവിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം, വന്യജീവിശല്യംമൂലം പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സുസ്ഥിര കാര്‍ഷികരീതികളിലൂടെ അഭിവൃദ്ധി പ്രാപിക്കുന്നതിനു സാങ്കേതിക സഹായം, ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും വന്യജീവികളുമായുള്ള സഹവര്‍ത്തിത്തത്തിന്റെയും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തല്‍, പരിക്കേറ്റതും രോഗം ബാധിച്ചതുമായ വന്യജീവികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ, പശ്ചിമഘട്ടത്തിലെ ജീവജാലങ്ങളുടെ സംരക്ഷണത്തിനു രാജ്യത്തിനത്തും പുറത്തുമുള്ള സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുമായി സഹകരണം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പരിപാടികള്‍ തുടങ്ങിയവയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളാണ്. 
പശ്ചിമഘട്ട മേഖല ഇന്‍സ്റ്റിറ്റ്യൂട്ട് കാലഘട്ടത്തിന്റെ ആവശ്യമായതിനാല്‍ നടപ്പിലാക്കാവുന്നതാണെന്നു പദ്ധതിരേഖ പഠിച്ച വനം അധികാരികള്‍ 2018ല്‍ വകുപ്പുമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ഥാപനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മൃഗസംരക്ഷണ മന്ത്രിക്കും സെക്രട്ടറിക്കും ഏപ്രില്‍ 29നു സര്‍വകലാശാലാ രജിസ്ട്രാര്‍ സമര്‍പ്പിക്കുകയുമുണ്ടായി. മൃഗസംരക്ഷണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വകലാശാലകള്‍ക്കു കീഴിലുള്ള 30 അന്തര്‍ വൈജ്ഞാനിക മികവിന്റെ കേന്ദ്രങ്ങളില്‍പ്പെടുത്തി സ്ഥാപനം പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. 
വന്യജീവി പഠന കേന്ദ്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസറടക്കം എട്ട് അധ്യാപക-അനധ്യാപക ജീവനക്കാരാണുള്ളത്. ഇതില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴികെയുള്ളവര്‍ ദിവസ വേതനക്കാരാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വെറ്ററിനറി, വെറ്ററിനറി ഇതര ബിരുദാനന്തരബിരുദ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിലെ പഠിതാക്കളാണ്. ആവശ്യത്തിന് സ്ഥിര അധ്യാപകരും ജീവനക്കാരും സ്ഥാപനത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമതയെ ബാധിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *