May 2, 2024

അതിജീവനത്തിന്റെ പുതു ജീവിതം:മീനാക്ഷിയമ്മയ്ക്കും കുടുംബത്തിനും കെയർ ഹോം

0
മീനാക്ഷിയമ്മയ്ക്കും കുടുംബത്തിനുമിത്
അതിജീവനത്തിന്റെ പുതു ജീവിതം
     പ്രളയം സമ്മാനിച്ച വേദനകളെല്ലാം അതിജീവിച്ച് മീനാക്ഷിയമ്മയും കുടുംബവും പുതു ജീവിതം തുടങ്ങുകയാണ്. പണിപൂര്‍ത്തിയായ വീട്ടിലേക്ക് പുതുസ്വപ്‌നങ്ങളുമായി ജൂണ്‍ ആറിന് അവര്‍ താമസം തുടങ്ങും.  സംസ്ഥാന സര്‍ക്കാര്‍ കെയര്‍ ഹോം പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പൊഴുതന ഇടിയംവയല്‍ പാണിത്തൊടിയില്‍ മീനാക്ഷിയമ്മയ്ക്ക് വീട് നിര്‍മിച്ചു നല്‍കിയത്. കല്‍പ്പറ്റ കോ-ഓപറേറ്റിവ് എംപ്ലോയീസ് കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മൂന്നുമാസം കൊണ്ടാണ് 450 ചതുരശ്ര വിസ്തൃതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കല്ലും മണലും അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ തന്നെ ഏറേ പ്രയാസമുണ്ടായിരുന്ന സ്ഥലത്ത് വീടു നിര്‍മാണം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന് സൊസൈറ്റിക്കും അഭിമാനിക്കാം. ഒപ്പം നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണം കൂടിയായതോടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗം പൂര്‍ത്തിയാക്കി വീടിന്റെ തക്കോല്‍ കൈമാറാന്‍ തയ്യാറായി കഴിഞ്ഞു. 

      മഹാപ്രളയത്തിന്റെ ഓര്‍മകള്‍ ഇന്നും മീനാക്ഷിയമ്മയുടെ കണ്ണുകളില്‍ ഭീതി നിറയ്ക്കുന്നുണ്ട്. തുടര്‍ച്ചയായി പെയ്ത മഴയില്‍ ആഗസ്റ്റിലെ ഒരു രാത്രി, ഒന്‍പതരയോടെയാണ് മഴവെള്ളം കുത്തിയൊലിച്ച് വീട് തകര്‍ന്നു തുടങ്ങിയത്. അടുക്കള ഭാഗമൊഴികെ മറ്റെല്ലാം മഴവെളളം കവര്‍ന്നെടുത്തു. അപകടം നടക്കുമ്പോള്‍ വീട്ടില്‍ മകനും ഭാര്യയും പേരകുട്ടികളുമുണ്ടായിരുന്നു. പിന്നെ രണ്ടാഴ്ച്ച കാലം വീട് ഉപേക്ഷിച്ച് ഇടിയംവയല്‍ അങ്കണവാടിയിലെ പുനരധിവാസ ക്യാമ്പുകളിലായിരുന്നു. അപ്പോഴൊക്കെ നാട്ടുകാര്‍ മുന്നോട്ടുവച്ച സഹായം മീനാക്ഷിയമ്മ ഇന്നും നന്ദിയോടെ ഓര്‍ത്തെടുക്കുന്നു. പാലക്കാട് സ്വദേശികളായിരുന്ന മീനാക്ഷിയമ്മയുടെ കുടുംബം വര്‍ഷങ്ങള്‍ക്കു മുമ്പാണ് വയനാട്ടിലെത്തിയത്. ഭര്‍ത്താവ് കുഞ്ഞന്‍ നാട്ടുവൈദ്യരായിരുന്നു. കുട്ടികളുടെ ചെറുപ്പത്തില്‍ തന്നെ കുഞ്ഞന്‍ വൈദ്യര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. നിലവില്‍ മകന്‍ ഷൈജു എന്നു വിളിക്കുന്ന സുധാകരനും കുടുംബത്തിനൊപ്പമാണ് 77 വയസ്സായ മീനാക്ഷിയമ്മ ജീവിക്കുന്നത്. മകന്‍ കൂലിപ്പണിയെടുത്ത് കിട്ടുന്ന തുകയാണ് കൂടുംബത്തിന്റെ ഏക വരുമാനം.
 
രണ്ടു ബെഡ്‌റൂമുകള്‍, കിച്ചണ്‍, സ്വീകരണ മുറി, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവ പുതിയ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. നിലം ടൈലിട്ട് വൃത്തിയാക്കി. വയറിങും പ്ലംമ്പിങ് ജോലികളും പൂര്‍ത്തിയായി. ജൂണ്‍ ആറിന് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ വീടിന്റെ താക്കോല്‍ മീനാക്ഷിയമ്മയ്ക്കും കുടുംബത്തിനും കൈമാറും. ഈ മുഹൂര്‍ത്തം ധന്യമാക്കാനുള്ള ഒരുക്കത്തിലാണ് നാടും നാട്ടുകാരും… 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *