May 13, 2024

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ രാഷ്ട്രപതി ഭവന്‍ ചീഫ് സെക്രട്ടറിക്കു നോട്ടീസ് നല്‍കി

0
കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: 
വിദ്യാര്‍ഥിനിയുടെ പരാതിയില്‍ രാഷ്ട്രപതി ഭവന്‍ ചീഫ് സെക്രട്ടറിക്കു നോട്ടീസ് നല്‍കി
കല്‍പ്പറ്റ:-കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ വിദ്യാര്‍ഥിനി  അയച്ച പരാതിയില്‍ രാഷ്ട്രപതി ഭവന്‍ സംസ്ഥാന ചീഫ് സെക്ട്രടറിക്കു നോട്ടീസ് നല്‍കി.   കല്‍പ്പറ്റ മണിയങ്കോട് സ്വദേശിനിയായ എം.എസ്‌സി വിദ്യാര്‍ഥിനി അനീറ്റ ജൂഡിത്ത് ബെന്നി രാഷ്ട്രപതി രാംനാഥ് കോവിന്ദിനു  മെയ് 12നു അയച്ച പരാതിയിലാണ് ചീഫ് സെക്രട്ടറിക്കു നോട്ടീസ്. കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പരാതിക്കാരിയെ അറിയിക്കണമെന്നും ഇതിന്റെ പകര്‍പ്പ് രാഷ്ട്രപതിഭവനില്‍ ലഭ്യമാക്കണമെന്നുമാണ് നോട്ടീസില്‍. ഇതിന്റെ പകര്‍പ്പ് രാഷ്ട്രപതി ഭവന്‍ അനീറ്റയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. 
1967ല്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍  കാഞ്ഞിരത്തിനാല്‍ കുടുംബം വിലയ്ക്കുവാങ്ങിയ 12 ഏക്കര്‍ ഭൂമി മദ്രാസ് പ്രിസര്‍വേഷന്‍ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയില്‍പ്പെട്ടതാണെന്നു വാദിച്ചു അടിയന്തരാവസ്ഥക്കാലത്തു വനം വകുപ്പ് അധീനപ്പെടുത്തിയിരുന്നു. ഇതുമൂലം കുടുംബം അനുഭവിക്കുന്ന കൊടിയ ദുരിതം വിശദീകരിച്ചാണ്  അനീറ്റ സ്വന്തം കൈപ്പടയില്‍ ഇംഗ്ലീഷില്‍ എഴുതിയ നാലു പുറങ്ങളുള്ള പരാതി രാഷ്ട്രപതിക്കു അയച്ചത്. ഭൂമി തിരികെ നല്‍കണമെന്ന ആവശ്യവുമായി കാഞ്ഞിരത്തിനാല്‍ കുടുംബാഗം ജയിംസ് 2015 ഓഗസ്റ്റ് 15 മുതല്‍ വയനാട് കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തുന്നതു  കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
കാഞ്ഞിരങ്ങാട് വില്ലേജില്‍ വനം വകുപ്പ് പടിച്ചെടുത്തതു കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ കൃഷിഭൂമിയാണെന്നു വ്യക്തമാക്കുന്ന കോഴിക്കോട് വിജിലന്‍സ് മുന്‍ എസ്.പി ശ്രീശുകന്റെയും മാനന്തവാടി മുന്‍ ആര്‍.ഡി.ഒ ശിറാം സാംബശിവറാവു അധ്യക്ഷനായ സമിതിയുടെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്, ഈ റിപ്പോര്‍ട്ടുകള്‍ ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാരത്തിനിടെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ലഭ്യമാക്കാത്തതിനെക്കുറിച്ചുള്ള പത്രവാര്‍ത്തകളുടെ കട്ടിംഗുകള്‍, കാഞ്ഞിരത്തിനാല്‍ കുടുംബാഗം ട്രീസയുടെ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചതനുസരിച്ച് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ലഭ്യമാക്കിയ കത്തിന്റെ പകര്‍പ്പ്, ഭൂമി വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ അഡ്വ.പി.സി. തോമസ് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന്റെയും കക്ഷി അറിയാതെ കേസ് പിന്‍വലിച്ചതിന്റെയും രേഖ തുടങ്ങിയവ അടക്കംചെയ്ത കത്താണ് രാഷ്ട്രപതിക്കു അനീറ്റ അയച്ചത്. 
വനം വകുപ്പിന്റെ തെറ്റായ നടപടിമൂലം വീടും ഭൂമിയും നഷ്ടപ്പെട്ട് കാഞ്ഞിരത്തിനാല്‍ കുടുംബം വഴിയാധാരമായതിനെക്കുറിച്ചും പ്രശ്‌നപരിഹാരത്തിനു ഉത്തരവാദപ്പെട്ടവര്‍ കാട്ടുന്ന ഉദാസീനതയെക്കുറിച്ചും മാധ്യമങ്ങളിലൂടെ അറിഞ്ഞ് വിഷയം പഠിച്ചതാണ് രാഷ്ട്രപതിക്കു എഴുതാന്‍ പ്രേരണയായതെന്നു  പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *