May 13, 2024

ദേശീയ വിദ്യാഭ്യാസ നയം ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗം: മുസ്ലിം ലീഗ്

0
കല്‍പ്പറ്റ: ദേശീയ വിദ്യാഭ്യാസ നയം ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്നും പവിത്രമായ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെയും മികവുകളെയും തച്ചുടക്കുന്നതാണ് പുതിയ നയമെന്നും മുസ്ലിം ലീഗ് ജില്ലാ, നിയോജകമണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ സംയുക്ത ഓണ്‍ലൈന്‍ യോഗം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ രംഗം സമ്പൂര്‍ണ്ണമായി മോദി ഭരണത്തിന്‍റെ കൈപ്പിടിയിലൊതുങ്ങുന്നു എന്ന വലിയ അപകടമാണ് ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിലൂടെ സംഭവിക്കുക. ഇതാകട്ടെ എല്ലാ മേഖലയിലും ഉള്ള അമിത കേന്ദ്രീകരണത്തിന്‍റെ ഭാഗമാണ്. വിദ്യാഭ്യാസം ആര്‍.എസ് എസ് നിയന്ത്രിക്കുന്ന പ്രധാനമന്ത്രി മോദിയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഭയാനകം. ഒപ്പം വര്‍ഗ്ഗീയ വത്കരണവും വിദ്യാഭ്യാസ മേഖലയില്‍ വ്യാപകമാകും. വിദ്യാഭ്യാസത്തിന്‍റെ കച്ചവടവത്കരണം അതീവ ഗുരുതരമായ ആപത്താണ്. ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള ഇത്തരം മാറ്റങ്ങളെ മുഴുവന്‍ ഈ നയരേഖയിലൂടെ സ്ഥാപനവത്കരിക്കുന്നു എന്നത് വലിയ പ്രശ്നമാണ്. അതിനിടെ നയത്തെക്കുറിച്ച് കൃത്രിമമായ ബോധ്യം സൃഷ്ടിച്ച് പൊതു സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനായുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും നടക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഫീസ് നിര്‍ണ്ണയിക്കാനുള്ള അവകാശം വിദ്യാഭ്യാസത്തിന്‍റെ കമ്പോള വത്കരണത്തിലേക്കുള്ള കൃത്യമായ സൂചനയാണ്. നാല് വര്‍ഷ ഡിഗ്രി കോഴ്സ് സമ്പന്നര്‍ക്കും വരേണ്യര്‍ക്കും വേണ്ടിയുള്ളതാണെന്നും യോഗം അഭിപ്രായപ്പെട്ടു.
രാവിലെ കല്‍പ്പറ്റയിലും തുടര്‍ന്ന് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലങ്ങളിലുമായി നടന്ന യോഗങ്ങള്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ചര്‍ച്ച ക്രോഡീകരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കലില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ശാഖാതലം മുതല്‍ സജ്ജരാവണം. താഴേ തട്ടുമുതല്‍ യു.ഡി.എഫ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ ലീഗ് ഭാരവാഹികളായ പി.കെ അബൂബക്കര്‍, കെ. സി മായിന്‍ ഹാജി, എന്‍.കെ റഷീദ്, ടി.മുഹമ്മദ്, പി. ഇബ്രാഹിം മാസ്റ്റര്‍, സി. മൊയ്തീന്‍കുട്ടി, എം. മുഹമ്മദ് ബഷീര്‍, യഹ്യാഖാന്‍ തലക്കല്‍ നിയോജക മണ്ഡലം ഭാരവാഹികളായ റസാഖ് കല്‍പ്പറ്റ, ടി.ഹംസ, എന്‍. നിസാര്‍ അഹമ്മദ്, പി.കെ അസ്മത്ത്, പി.പി അയ്യൂബ്, എം.എ അസൈനാന്‍, പഞ്ചായത്ത്-മുനിസിപ്പല്‍ പ്രസിഡന്‍റ് സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *