May 8, 2024

പ്രസവത്തെ തുടര്‍ന്ന് പശു ചത്തസംഭവം: : ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍

0

കല്‍പ്പറ്റ: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡ് പട്ടാണിക്കൂപ്പിലെ മച്ചിക്കുളം ഫാത്തിമയുടെ പശു പ്രസവത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കുറ്റക്കാരിയായ ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പശുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വന്ന ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ അസോസിയേഷന്റെ നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന നടപടിയാണ് ഡോക്ടര്‍ ലക്ഷ്മിയുടെ ഭാഗത്ത് നിന്നുണ്ടായത്. മാത്രമല്ല, പശു ചത്തതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഡോക്ടറുടെ ഭാഗത്ത് നിന്നും ലഭിക്കേണ്ട രേഖകള്‍ നല്‍കാനും തയ്യാറാകുന്നില്ല. നാല് സെന്റ് സ്ഥലത്ത് പഞ്ചായത്ത് നല്‍കിയ വീട്ടില്‍ താമസിക്കുന്ന വിധവയായ ഫാത്തിമയ്ക്ക് നീതി ലഭിക്കണം. 80,000 രൂപക്ക് വാങ്ങിയ പശുവിനെ ഇന്‍ഷൂര്‍ ചെയ്യാന്‍ ഡോക്ടര്‍ തയ്യാറായില്ല. പ്രസവവുമായി ബന്ധപ്പെട്ട് പശുവിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ പല തവണ വിളിച്ചപ്പോഴും ഡോക്ടര്‍ വരാന്‍ തയ്യാറായില്ല. പിന്നീട് തൊട്ടടുത്ത മൃഗാശുപത്രിയിലെ ഡോക്ടര്‍മാരാ അരുണിനെ വിളിച്ചപ്പോള്‍, ഡോ. അഭിരാമിനെയും കൂട്ടി അദ്ദേഹം ഓടിയെത്തി. പശുവിന്റെ സ്ഥിരി ഗുരുതരമാണെന്നും, അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും പറഞ്ഞതിനെ തുടര്‍ന്ന് വിവരം ലക്ഷ്മി ഡോക്ടറെ നേരിട്ടറിയിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് വേണ്ട മുന്‍കരുതലെടുക്കണമെന്നും, പെട്ടന്ന് വരാമെന്ന് പറയുകയും ചെയ്ത ഡോക്ടര്‍ ഒരു മണിക്കൂര്‍ കഴിഞ്ഞെത്തുകയും, ഓപ്പറേഷനുള്ള സൗകര്യം തൊഴുത്തിലില്ലെന്ന് പറയുകയും, വേദന കണ്ട് പുളയുകയായിരുന്ന പശുവിനെ കണ്ട് മടങ്ങിപ്പോകുകയുമായിരുന്നു. തുടര്‍ന്ന് പശു ചാകുകയും ചെയ്തു. ഗുരുതരമായ അനാസ്ഥയാണ് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അസോസിയേഷന്‍സെക്രട്ടറി അഭിലാഷ് പി എസ്, ബിജു സുരേന്ദ്രന്‍, മനാഫ് ഈങ്ങാപ്പുഴ, മത്തായി പുല്ലോര്‍ക്കുടി, ഫാത്തിമ പട്ടാണിക്കൂപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *