May 19, 2024

നഗരപ്രദേശങ്ങളില്‍ സൂക്ഷ്മ വനവത്കരണത്തിനുള്ള മാതൃകാ പദ്ധതിയ്ക്ക് തുടക്കമായി

0
Miyawaki.jpeg


തിരുവനന്തപുരം: സ്വാഭാവിക വനങ്ങള്‍ക്കു സമാനമായ സൂക്ഷ്മവനങ്ങള്‍ നഗര പ്രദേശങ്ങളില്‍ വളരെ കുറഞ്ഞ കാലം കൊണ്ടു നിര്‍മ്മിക്കുവാനുള്ള മിയാവാക്കി മാതൃകാ വനവല്‍ക്കരണ പരിപാടിയ്ക്ക് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശംഖുമുഖത്ത് വൃക്ഷത്തൈ നട്ടു കൊണ്ട് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ വ്യാഴാഴ്ച നിര്‍വഹിച്ചു.

കേരളത്തിലെ പന്ത്രണ്ടു ജില്ലകളിലായി 22 മിയാവാക്കി വനങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിലൂടെ ഏകദേശം രണ്ടേക്കര്‍ സ്ഥലത്ത് മുപ്പതിനായിരത്തിലധികം മരങ്ങള്‍ ആണ് വച്ചു പിടിപ്പിക്കുന്നത്. വനം നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഔഷധ ചെടികളും, ഫലവൃക്ഷങ്ങളും, അപൂര്‍വ്വ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രകൃതി സൗഹൃദമാക്കാന്‍ ഇത്തരം ചെറുവനങ്ങള്‍ സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ജപ്പാനിലെ യോക്കോഹാമ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്ന ഡോ. അകിരാ മിയാവാക്കി ആണ് 1970 കളില്‍ ഈ മാതൃക ആവിഷ്ക്കരിച്ചത്. 25 മുതല്‍ 30 വരെ വര്‍ഷങ്ങള്‍ കൊണ്ട് ഒരു സ്വാഭാവിക വനത്തിനുണ്ടാവുന്ന വളര്‍ച്ച അഞ്ചു മുതല്‍ പത്ത് വര്‍ഷങ്ങള്‍ കൊണ്ട് ഒരു മിയാവാക്കി മാതൃകാ വനം  നേടും.

ആഗോളതാപനവും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവും കുറയ്ക്കുക, വംശനാശത്തിലേക്കു നീങ്ങുന്ന സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ആവാസമൊരുക്കി ജൈവ വൈവിധ്യം സംരക്ഷിക്കുക, ആകസ്മികമായി ഉണ്ടാവുന്ന മനുഷ്യനിര്‍മ്മിത ദുരന്തങ്ങളെയും പ്രകൃതി ദുരന്തങ്ങളെയും അല്പമെങ്കിലും തടഞ്ഞു നിര്‍ത്തുക, പൊടി, ശബ്ദം തുടങ്ങിയവയിലൂടെ ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം തടയുക ഇവയൊക്കെ മിയാവാക്കി വനത്തിന്‍റെ നേട്ടങ്ങളാണ്.

ചടങ്ങില്‍  വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി  റാണി ജോര്‍ജ്ജ് ഐഎഎസ്, ടൂറിസം ഡയറക്ടര്‍  പി ബാല കിരണ്‍ ഐഎഎസ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സിഎംഡി  കെ ജി മോഹന്‍ലാല്‍, നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രൊഫ. വി കെ ദാമോദരന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *