April 27, 2024

പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ നിര്യാതനായി

0
Screenshot 20211006 072301.jpg
കൊച്ചി ∙ കാർട്ടൂണിസ്റ്റ് യേശുദാസൻ (83) അന്തരിച്ചു. കോവിഡ് ബാധിതനായി ഏതാനും ആഴ്ച്ചകൾക്കു മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഒരാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആവുകയും ആരോഗ്യ സ്ഥിതി വളരെയധികം മെച്ചപ്പെടുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ ആണ് അന്ത്യം.
രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹം ആറു പതിറ്റാണ്ടിലേറെയായി രാജ്യത്തെ എണ്ണം പറഞ്ഞ കാർട്ടൂണിസ്റ്റുകളിലൊരാളാണ്. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമായ യേശുദാസൻ മലയാള മനോരമയിൽ ദീർഘകാലം കാർട്ടൂണിസ്റ്റായിരുന്നു.
ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്‌ക്കടുത്ത് ഭരണിക്കാവിൽ കുന്നേൽ ചക്കാലേത്ത് ജോൺ മത്തായിയുടെയും മറിയാമ്മ (ആച്ചിയമ്മ)യുടെയും മകനായി 1938 ജൂൺ 12 നാണ് സി.ജെ. യേ‌ശുദാസൻ ജനിച്ചത്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം. 1955 ൽ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ച ഒരു മാസികയിലായിരുന്നു ആദ്യ കാർട്ടൂൺ. ജനയുഗം, ശങ്കേഴ്സ് വീക്കിലി, ബാലയുഗം, കട്ട് –കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. അസാധു, ടക് – ടക്, ടിക്–ടിക് എന്നീ പ്രസിദ്ധീകരണങ്ങൾ നടത്തി. 1985 മുതൽ 2010 വരെ മനോരമയിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായിരുന്നു. ‘വനിത’യിലെ മിസിസ് നായർ, മനോരമ ദിനപത്രത്തിലെ പോക്കറ്റ് കാർട്ടൂൺ ‘പൊന്നമ്മ സൂപ്രണ്ട്’ എന്നിവയടക്കം ഒട്ടേറെ പ്രശസ്ത പംക്തികളുടെ സ്രഷ്ടാവായിരുന്നു യേശുദാസൻ.
പ്രഥമദൃഷ്ടി, അണിയറ, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ഴ തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കെ.ജി ജോർജിന്റെ ‘പഞ്ചവടിപ്പാല’ത്തിന് സംഭാഷണമെഴുതി. എന്റെ പൊന്നുതമ്പുരാൻ എന്ന സിനിമയുടെ തിരക്കഥയും എഴുതിയിട്ടുണ്ട്. മികച്ച കാർട്ടൂണിസ്‌റ്റിനുള്ള സംസ്‌ഥാന അവാർഡ് പലവട്ടം ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്‌റ്റ്‌സ് 2001 ൽ ലൈഫ് ടൈം അവാർഡ് നൽകി ആദരിച്ചു. എൻ.വി. പൈലി പുരസ്‌കാരം, സ്വദേശാഭിമാനി കേസരി പുരസ്‌കാരം, വി. സാംബശിവൻ സ്‌മാരക പുരസ്‌കാരം, പി.കെ. മന്ത്രി സ്‌മാരക പുരസ്കാരം, ബി. എം. ഗഫൂർ കാർട്ടൂൺ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: മേഴ്‌സി. മക്കൾ: സാനു വൈ.ദാസ്, സേതു വൈ.ദാസ്, സുകുദാസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *