April 30, 2024

വിദ്യാർത്ഥികള്‍ക്കും ഗവേഷകര്‍ക്കുമായി വിശാലമായ സസ്യോദ്യാനം പ്രഖ്യാപിച്ച് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ്

0
Img 20220607 Wa00102.jpg
കല്‍പ്പറ്റ: ലോക പരിസ്ഥിതി ദിനത്തിന്‍റെ 50-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ക്യാമ്പസിന്റെ  സമീപത്തായി സസ്യോദ്യാനം വികസിപ്പിക്കുന്നതിനായി സ്ഥലം വിട്ടുനല്‍കി. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്‍റെ ആഗോള സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളണ്ടിയേഴ്സാണ് സസ്യോദ്യാന പദ്ധതി നടത്തിപ്പ് പങ്കാളി. എം.എസ്. സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍റെ (എംഎസ്എസ്ആര്‍എഫ്) പങ്കാളിത്തത്തോടെ മൂന്നേക്കര്‍ സ്ഥലത്ത് ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എംഎസ്എസ്ആര്‍എഫ് ചെയര്‍പേഴ്സണും ബംഗലൂരു ഇന്ത്യന്‍ സ്റ്റാറ്റസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥന്‍ മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്‍റെ സ്ഥാപകനുമായ ഡോ. ആസാദ് മൂപ്പന്‍റെ പത്നി നസീറ മൂപ്പന്‍റെ നാമധേയത്തിലാണ് സസ്യോദ്യാനം ഒരുക്കുന്നത്. സസ്യങ്ങള്‍, വൃക്ഷങ്ങള്‍, പൂക്കള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരങ്ങളോടെ ഒരുക്കുന്ന നസീറ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ വിദ്യാര്‍ഥികള്‍ക്കും സസ്യശാസ്ത്രജ്ഞര്‍ക്കും ഹോര്‍ട്ടികള്‍ച്ചറിസ്റ്റുകള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപൂര്‍വ സസ്യങ്ങളും ഉദ്യാനത്തില്‍ നട്ടുപിടിപ്പിക്കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഉദ്യാനം തയ്യാറാകും. 
ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്ത, എക്സിക്യുട്ടിവ് ട്രസ്റ്റി യു. ബഷീര്‍, എംഎസ്എസ്ആര്‍എഫ് സീനിയര്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍, എക്സിക്യുട്ടിവ് ഡയറക്ടര്‍ ഡോ. ഹരിഹരന്‍, കമ്യൂണിറ്റി ആഗ്രോബയോഡൈവേഴ്സിറ്റി സെന്‍റര്‍ ഡയറക്ടര്‍ ഡോ. ഷക്കീല തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ നസീറ ബൊട്ടാനിക്കല്‍ ഗാര്‍ഡനിലേക്ക് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സമ്മാനിച്ച ചെടിത്തൈകള്‍ ഗാര്‍ഡന്‍ അധികൃതര്‍ നട്ടു. 
പ്രദേശത്തിന്‍റെ പരിസ്ഥിതി ലോല സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും വിദ്യാര്‍ഥികളിലും ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും എത്തുന്ന സഞ്ചാരികളിലും പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനുമാണ് മേപ്പാടിയില്‍ ഇത്തരമൊരു സസ്യോദ്യാനം വികസിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പദ്ധതിയെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തിലെ പൂക്കളും മരങ്ങളും ഔഷധസസ്യങ്ങളും ഉള്‍പ്പെടെയുള്ളവയെ സംരക്ഷിച്ച് നിര്‍ത്താന്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ആസ്റ്റര്‍ വൊളണ്ടിയേഴ്സിന്‍റെ സജീവ പങ്കാളിത്തത്തോടെ നസീറ ബൊട്ടാനിക്കല്‍ ഗാര്‍ഡനെ ഒരു മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാനും പദ്ധതിയുണ്ടെന്നും ഡോ. മൂപ്പന്‍ വ്യക്തമാക്കി. 
ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ഏഴ് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ശൃംഖലയുടെ ഭാഗമായുള്ള ആസ്റ്റര്‍ വൊളണ്ടിയര്‍മാര്‍ ഭാവി തലമുറയ്ക്കായി പരിസ്ഥിതി സംരക്ഷണത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജനങ്ങള്‍ക്ക് വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്തു. ആസ്റ്ററിന് കീഴിലെ എല്ലാ ജീവനക്കാരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *