കൂലി വര്‍ധനവും ബോണസും ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്

പുല്‍പ്പള്ളി: വയനാട് ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ കൂലി വര്‍ധനവും ബോണസും ആവശ്യപ്പെട്ടുകൊണ്ട് ബസ്സ് തൊഴിലാളികള്‍ സെപ്തംബര്‍ ആദ്യവാരം അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ജില്ലയിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ അവസാനമായി പരിഷ്‌കരിച്ചത് 2019 ലാണ്.തുടര്‍ന്ന് വന്ന വര്‍ഷങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളില്‍ തൊഴിലാളി സംഘടനകള്‍ വര്‍ധനവ് ആവശ്യപ്പെട്ടില്ല. ഇപ്പോഴാകട്ടെ സര്‍ക്കാര്‍ ബസ് ചാര്‍ജ് നിരക്ക് വര്‍ധിപ്പിക്കുകയും സര്‍വ്വീസുകളല്ലാം ലാഭത്തില്‍ ആവുകയും ചെയ്തു.പ്രളയം, കോവിഡ് തുടങ്ങിയ പ്രതികൂല കാലാവസ്ഥ മാറിയതോടെ ഈ തൊഴില്‍ മേഖലയും സജീവമായി. പുതിയ ബസ്സുകളും ഓട്ടോമാറ്റിക് ഡോര്‍ സംവിധാനമൊക്കെ വന്നതോടെ ക്ലീനര്‍ തസ്തിക തന്നെ ഇല്ലാതായി. നിരവധി തൊഴിലാളികള്‍ ഈ മേഖല വിട്ടിട്ട് മറ്റിടങ്ങളിലേക്ക് തൊഴില്‍ തേടി പോയി.
ജിവിതചിലവ് വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഫെയര്‍ വേജസിന് ആനുപാതികമായ കൂലി വര്‍ധനവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.മൂന്ന് വര്‍ഷം മുന്‍പ് നടപ്പാക്കിയ ശമ്പള വര്‍ധനവ് കാലികമായി പുതുക്കണമെന്നും ഓണക്കാലത്ത് തൊഴിലാളികളെ പട്ടിണിക്കിടരുതെന്നും ആവശ്യപ്പെട്ടുള്ള തൊഴിലാളികളുടെ ന്യായമായ ആവശ്യം പോലും അംഗീകരിക്കാത്ത ബസ് ഓണേഴ്‌സ് അസോസ്സിയേഷന്റെ നിലപാടില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ ആദ്യം തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിനും യോഗം തീരുമാനിച്ചു.യോഗത്തില്‍ പി.പി ആലി (ഐഎന്‍ടിയുസി) അദ്ധ്യക്ഷനായിരുന്നു. എം.എസ് സുരേഷ് ബാബു ( സിഐടിയു), പി.കെ അച്യുതന്‍ (ബിഎംഎസ്), ഇ.ജെ ബാബു (എഐടിയുസി), വര്‍ഗ്ഗീസ് (ഐഎന്‍ടിയുസി) , വിനോദ് ( സിഐടിയു), സുരേന്ദ്രന്‍ (ബിഎംഎസി) എന്നിവര്‍ സംസാരിച്ചു.



Leave a Reply