May 5, 2024

തീപിടുത്തം… വെള്ളപ്പൊക്കം ദുരന്തങ്ങൾക്ക് നടുവിൽ കോട്ടത്തറ :ഒന്നു പകച്ചു: പിന്നെ ദുരന്തത്തെ അഭിമുഖീകരിച്ചു.

0
Fb Img 1517840430304
കൽപ്പറ്റ:
പുഴയിൽ ഒരാളെ കാണാതായി. വെള്ളപ്പൊക്കത്തിൽ ആദിവാസി കോളനികൾ ഒറ്റപ്പെട്ടു. അതിനു പുറമെ തീയും പിടിച്ചു. ദുരന്തങ്ങൾക്ക് നടുവിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരം കോട്ടത്തറ ഗ്രാമം. ദുരന്തമറിഞ്ഞ് കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സും സർവ സന്നാഹങ്ങളും കുതിച്ചെത്തി. കേട്ടവർ കേട്ടവർ കാര്യമെന്തന്നറിയാതെ ഗ്രാമക്കവലകളിലേക്കൊഴുകി.  പുഴയിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിൽ അഗ്നിരക്ഷാ സേനയും ജീവൻ രക്ഷാസമിതി പ്രവർത്തകരും കർമ്മനിരതരായി. പ്രദേശമാകെ സംഭവമറിഞ്ഞ് വലിയ അൾക്കൂട്ടം. ജില്ലാ ദുരന്തനിവാരണ ലഘൂകരണ അതോറിറ്റിയും വൈത്തിരി താലൂക്ക് ഓഫീസും ചേർന്ന സംഘടിപ്പിച്ച മോക്ക് ഡ്രില്ലാണ് ആൾക്കൂട്ടത്തെ ഒരു മണിക്കൂറോളം ആശങ്കയുടെ  മുൾമുനയിലെത്തിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുന്ന തുരുത്തുകളുള്ള കോട്ടത്തറ ഗ്രാമത്തിൽ ഈ ദുരന്തങ്ങളെയെല്ലാം  എങ്ങനെ നേരിടാമെന്നും, ഈ സാഹചര്യങ്ങളിൽ കാര്യക്ഷമമായി രക്ഷാപ്രവർത്തനം എങ്ങനെ നടത്താമെന്നും തെളിയിക്കുന്നതായിരുന്നു മോക്ക് ഡ്രിൽ. ഡിസാസ്റ്റർ മാനേജമെന്റ് വളണ്ടിയർമാർ, റെഡ്‌ക്രോസ് അംഗങ്ങൾ, സന്നദ്ധസംഘടന പ്രവർത്തകർ തുടങ്ങിയവർ ദുരന്തമുഖത്ത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതും കാഴ്ചക്കാരിൽ പുതിയ അറിവു പകർന്നു. അപകട സ്ഥലത്ത് ഡോക്ടർമാരുടെയും മറ്റു സർക്കാർ സംവിധാനത്തിന്റെയും ഇടപെടലും മോക്ക് ഡ്രില്ലിൽ പരിചയപ്പെടുത്തി. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുന്ന വീടുകളിൽ നിന്നും താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതും അവർക്ക് അടിയന്തര ശിശ്രൂഷകൾ നൽകുന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു. 
കോട്ടത്തറ കമ്മ്യുണിറ്റി ഹാളിന് സമീപത്തെ വയലിൽ തയ്യാറാക്കിയ കുടിലിന് തീകൊടുത്താണ് എങ്ങനെ തീപിടുത്തം നേരിടാമെന്ന് വിശദീകരിച്ചത്. ആളിക്കത്തുന്ന തീ അണയ്ക്കാൻ ഏറ്റവും പുതിയ ഉപകരണങ്ങളുമായി അഗ്നിശമന സംവിധാനത്തെ ഇവിടെ തയ്യാറാക്കിയിരുന്നു. ദുരന്തങ്ങളെ എങ്ങിനെ ലഘൂകരിക്കാമെന്നും ദുരന്ത മേഖലകളിൽ എങ്ങനെ ജാഗ്രത പുലർത്താം എന്നെല്ലാം വിശദമാക്കുന്ന മോക്ക് ഡ്രിൽ ഗ്രാമത്തിനും പുതുമയായി. ജില്ലാ കളക്ടർ എസ്.സുഹാസ്, കോട്ടത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻഡ് വി.എൻ.ഉണ്ണികൃഷ്ണൻ ,  വൈത്തിരി തഹസിൽദാർ ശങ്കരൻ നമ്പൂതിരി, കളക്ട്രേറ്റിലെ ദുരന്ത നിവാരണ സെൽ ജീവനക്കാർ, വിവിധ സന്നദ്ധസംഘടനാ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യാഗസ്ഥർ തുടങ്ങിയവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *