April 29, 2024

കൽപ്പറ്റ എം.എല്‍.എയുടെ ട്രിപ്പീസ് കളിയവസാനിപ്പിക്കണമെന്ന് യൂത്ത്‌ലീഗ്

0
കല്‍പ്പറ്റ: സംസ്ഥാനത്തെ മുഴുവന്‍ എം.എല്‍.എമാര്‍ക്കും ലഭിക്കുന്ന ആസ്തി വികസന ഫണ്ടിന്റെയും പ്രാദേശികവികസന ഫണ്ടിന്റെയും പ്രൊപ്പസല്‍ ലിസ്റ്റും, പരമ്പരാഗതമായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കി വരുന്ന മാന്‍ഡേറ്ററി സ്‌ക്കീമുകളും വികസന പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ ശ്രമമെന്ന് യൂത്ത്‌ലീഗ്. 
     രണ്ട് സമ്പൂര്‍ണ ബഡ്ജറ്റുകള്‍  കഴിഞ്ഞിട്ടും പ്രാദേശിക വികസഫണ്ടിലെ 2 കോടിയും ആസ്തിവികസ ഫണ്ടിലെ 10 കോടിയും അല്ലാതെ എന്ത് പദ്ധതിയാണ് എം.എല്‍.എക്ക് പറയാനുളളതെന്ന് വ്യക്തമാക്കണം.  മുന്‍ എം.എല്‍.എയുടെ കാലഘട്ടത്തില്‍ എ.എസ് ആയ (ഭരണാനുമതി) വാരാമ്പറ്റ റോഡും, മുട്ടില്‍-മേപ്പാടി റോഡും, കല്‍പ്പറ്റ ഇന്‍ഡോര്‍ സ്റ്റേഡിയവുമാണ് എം.എല്‍.എ സ്വന്തം പേരില്‍ ചാര്‍ത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ മുതല്‍ മുടക്കാത്ത എസ്.എസ്.എ ഫണ്ടും, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ടും സ്വന്തം പേരിലാണ് എം.എല്‍.എ കുറിച്ചത്.  
 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ടി.ഡി.പിയില്‍ നിന്നും 80 കോടി രൂപ സര്‍ക്കാര്‍ ട്രഷറിയിലൂടെ വയനാട്ടില്‍ നിന്നും പിന്‍വലിച്ചപ്പോഴും,  ആദിവാസി വികസനത്തില്‍ മാതൃകയായി കഴിഞ്ഞ ഗവണ്‍മെന്റ് കൊണ്ടുവന്ന എ.ടി.എസ്.പി പദ്ധതിയുടെ തുക നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ അക്കൗണ്ടില്‍ നിന്നും സര്‍ക്കാര്‍ കൊളള ചെയ്തപ്പോഴും എം.എല്‍.എ  പ്രതികരിക്കാതിരിക്കുകയായിരുന്നു
കാലകാലങ്ങളില്‍ പഞ്ചായത്തുകളും, ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ അപേക്ഷകളുടെ അടിസ്ഥാനത്തിലും എ.എസും, എഫ്.എസും ലഭിക്കുന്ന കോര്‍പ്പസ്  ഫണ്ടുകളും സ്വന്തം വികസനമായാണ് കാണിച്ചിട്ടുളളത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍പേഴ്‌സണും, കലക്ടര്‍ കണ്‍വീനറുമായ വര്‍ക്കിംഗ് ഗ്രൂപ്പുമാണ് ഇതിന് അനുമതി നല്‍കുന്നത്. എം.എല്‍.എക്ക് ഇതില്‍ യാതൊരു പങ്കാളിത്തവുമില്ല. യാതൊരുവിധ കൂടിയാലോചനകളോ വിദഗ്‌ദ്ധോപദേശമോ സ്വീകരിക്കാതെ പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളുടെ നിര്‍ദ്ദേശപ്രകാരം നല്‍കിയ പദ്ധതികള്‍ ഒന്നും തന്നെ നിര്‍വ്വഹിക്കാന്‍ സാധിക്കാത്തതിനാല്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ എം.എല്‍.എ എസ്.എ.ഡിയും,  എം.എല്‍.എ എ.ഡി.എഫും  10 ശതമാനം താഴെ മാത്രമാണ് ചെലവഴിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം തീരാറായിട്ടും ഒരു ശതമാനം പോലും ഇതുവരെ ചെലവഴിക്കാനായിട്ടില്ല. 
 എം.എല്‍.എയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയ വിവിധ ഡിപ്പാര്‍ട്ടുമെന്റ് ഫണ്ടുകള്‍ പരമ്പരാഗതമായി ലഭിക്കുന്നവയാണ്. വരള്‍ച്ചാ-വെള്ളപ്പൊക്ക ഫണ്ടുകളെല്ലാം എം.എല്‍.എ ഫണ്ടിലാണ് കാണിച്ചിരിക്കുന്നത്. മൂപ്പൈനാട് പി.എച്ച്.സി കെട്ടിട നിര്‍മ്മാണ ഫണ്ട് എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും കഴിഞ്ഞ ഗവണ്‍മെന്റ് കാലത്ത് ടി.എസ് ആയ പദ്ധതിയാണ്. കൂടാതെ 2017-18 വര്‍ഷത്തെ  ആസ്തിക വികസന ഫണ്ടുകളുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നല്ലാതെ ഒരു പ്രവൃത്തിക്ക് പോലും ഭരണാനുമതിയോ, സാമ്പത്തികാനുമതിയോ, സാങ്കേതികാനുമതിയോ നേടിയിട്ടില്ല.  
നൂറോളം സ്‌കൂളുകളുളള കല്‍പ്പറ്റ മണ്ഡലത്തില്‍ 2 വര്‍ഷം  2 ലക്ഷം രൂപ വീതം വകയിരുത്തി 3 സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ക്ക് ഫണ്ട് നല്‍കി എന്ന് പറയുന്ന എം.എല്‍.എയെക്കുറിച്ച് നാണക്കേടാണ്  തോന്നുന്നത്. തന്റെ പേര് വലിയ ബോര്‍ഡില്‍ എഴുതിവെക്കുന്നതിന് വേണ്ടി മാത്രം എല്ലാ പഞ്ചായത്തിലും 2.5 ലക്ഷം വകയിരുത്തി ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാന്‍ എന്തിനാണ് ഒരു എം.എല്‍.എ. ഏതെങ്കിലും ജ്വാല്ലറികളോ, സ്‌പോണ്‍സര്‍മാരോ ചെയ്ത് കൊടുക്കുന്ന ഈ കാര്യമാണോ മണ്ഡലത്തിലെ പ്രധാന വികസന പ്രശ്‌നമായി എം.എല്‍.എ എടുത്തു കാട്ടുന്നത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഡയാലിസിസ് സെന്റര്‍ നിര്‍മ്മാണം, മേപ്പാടി പഞ്ചായ ത്തിലെ കമ്മ്യൂണിറ്റിഹാള്‍ നിര്‍മ്മാണം, വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേല്‍ സാംസംസ്‌കാരിക നിലയം, കോട്ടത്തറ സ്‌കൂളുകളുടെ ബസ് വാങ്ങല്‍ തുടങ്ങി പദ്ധതികള്‍ ഫയലില്‍ ഉറങ്ങുകയാണ്.   
 വയനാടിന്റെയും പ്രത്യേകിച്ച് കല്‍പ്പറ്റ മണ്ഡലത്തിലെ ജനങ്ങളെയും പൊതു വികസനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ട എം.എല്‍.എ വരുത്തിയ കുറ്റകരമായ അനാസ്ഥ കാരണം, കഴിഞ്ഞ ഗവണ്‍മെന്റ് മുന്‍ എം.എല്‍.എയുടെ പരിശ്രമഫലമായി നബാര്‍ഡില്‍ നിന്നും 60 കോടിരൂപ വകയിരുത്ത് പ്രവൃത്തി ആരംഭിച്ച മേപ്പാടി-മൂപ്പൈനാട്-വൈത്തിരി കുടിവെളള പദ്ധതി മുടങ്ങിയിരിക്കുകയാണ്. 
തെരരെഞ്ഞെടുപ്പ്  സമയത്ത് താന്‍ എം.എല്‍.എ ആയാല്‍ ഒന്നാമത്ത ഇനം വയനാട് മെഡിക്കല്‍കോളേജ് ആയിരിക്കുമെന്ന് വാഗ്ദാനം നല്‍കിയയാള്‍ക്ക് പദ്ധതി പ്രദേശത്തേക്കുളള റോഡിന്റെ പ്രവൃത്തി പോലും പൂര്‍ത്തീകരിക്കാനാവാത്ത അവസ്ഥയിലാണുളളത്. ഈ സര്‍ക്കാറിന് കീഴില്‍ വയനാട് മെഡിക്കല്‍ കോളേജ് ഒരു അടഞ്ഞ അധ്യായമായിരിക്കുകയാണ്. 
തോട്ടം മേഖലയിലെ ഫ്‌ളാറ്റും 500 രൂപ മിനിമം വേതനവും വാഗ്ദാനം ചെയ്ത എം.എല്‍.എ ഇവരെ കയ്യൊഴിഞ്ഞ സ്ഥിതിയാണുളളത്. ആദിവാസി മേഖലയില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഒരു തുണ്ട് ഭൂമി പോലും വിതരണം ചെയ്യാനായിട്ടില്ലെന്ന് മാത്രമല്ല മാതൃകാപരമായി നടന്ന് വന്നിരുന്ന ആദിവാസി ഭവന നിര്‍മ്മാണ പ്രവൃത്തി അട്ടിമറിക്കുകയും ചെയ്തു. 
വയനാടിന്റെ സമഗ്രവികസനത്തിന് ആക്കം കൂട്ടുന്ന പൊതുവികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് പകരം പ്രദേശിക വികസനഫണ്ടും ആസ്തിവികസന ഫണ്ടും കാണിച്ചുളള എം.എല്‍.എയുടെ  ട്രിപ്പീസ് കളിയവസാനിപ്പിക്കണമെന്നാണ് യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നത്. എം.എല്‍.എയുടെ വാഗ്ദാനങ്ങളെയും പ്രവര്‍ത്തനങ്ങളേയും ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്ന കാണിക്കുന്നതിന് യൂത്ത്‌ലീഗ് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകും. മണ്ഡലത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എം.എല്‍.എയുടെ നിലപാടിനെതിരെ 2016-2017, 2017-18 സാമ്പത്തിക വര്‍ഷത്തെ എല്ലാ പദ്ധതികളുടെയും പ്രദേശത്ത് സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രതിഷേധ പരിപാടികള്‍ മണ്ഡലത്തിലുടനീളം സംഘടിപ്പിക്കുമെന്ന് നിയോജകണ്ഡലം  പ്രസിഡണ്ട് കെയംതൊടി മുജീബ്, ജനറല്‍ സെക്രട്ടറി സി.ടി ഹുനൈസ് എന്നിവര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *