April 26, 2024

സർക്കാർ ഗർഭകാല വസതി ഒരുക്കി കാത്തിരുന്നു: യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു.

0
കൽപ്പറ്റ:  ആദിവാസി യുവതികൾക്ക് ഗർഭകാലത്ത് പരിചരണമൊരുക്കാൻ സർക്കാർ ഗർഭകാല ഗോത്ര മന്ദിരമൊരുക്കി കാത്തിരിക്കുന്നതിനിടെ യുവതി ഒട്ടോറിക്ഷയിൽ പ്രസവിച്ചു. 
നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ പ്രശാന്തിന്റെ ഭാര്യ സീതയാണ്  ഇക്കഴിഞ്ഞ പത്താം തീയ്യതി ആശുപത്രിയിലേക്കുള്ള വഴിമധ്യേ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് രക്ഷകനായെത്തിയത് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ മണി. അമ്മയും കുഞ്ഞും വീട്ടില്‍ സുഖമായിരിക്കുകയാണ്. വാഴവറ്റ പി.എച്ച്.സിയോട് ചേർന്നാണ് സംസ്ഥാനത്ത് ആദ്യമായി ഗോത്ര മന്ദിരം നിർമ്മിച്ചത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ എത്തി 16-ന് ഉദ്ഘാടനം നടത്താനുള്ളതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. 
അതിനിടെയാണ്  വയനാട്ടിൽ ഇടക്കിടെ സംഭവിക്കാറുള്ളതുപോലെ ഓട്ടോറിക്ഷയിലെ പ്രസവം ആവർത്തിച്ചത്. 
      പത്തിന് അര്‍ദ്ധരാത്രിയോടെ  സീതക്ക്  പ്രസവവേദന തുടങ്ങി. എന്നാല്‍ വനാതിര്‍ത്തിയിലുള്ള കോളനിയിലേക്ക് വാഹനം എത്താനുള്ള സൗകര്യമില്ല. കൂടാതെ ആനയടക്കമുള്ള വന്യമൃഗശല്യവും. എന്തുചെയ്യണമെറിയാതെ വീട്ടുകാര്‍ ധര്‍മ്മസങ്കടത്തിലായി. ഇതിനിടെ യുവതിക്ക് വേദന കലശലായി. ഇതോടെ സീതയുടെ പിതാവ് ഗോപി ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു കോളനിയിയില്‍ പോയി ഓട്ടോറിക്ഷയും വിളിച്ച് തിരികെയെത്തി.
കോളനിയില്‍ നിന്നും അരകിലോമീറ്റര്‍ അകലെയുള്ള റോഡ് വരെയെ ഓട്ടോറിക്ഷയെത്തിയുള്ളു. തുടര്‍ന്ന് യുവതിയെ ഓട്ടോഡ്രൈവര്‍ മണിയും സമീപത്തെ വീട്ടിലെ ഒരു വീട്ടമ്മയും ചേര്‍ന്ന് എടുത്താണ് വനാതിര്‍ത്തിയിലെ ഒറ്റയടിപ്പാതയിലൂടെ ഓട്ടോറിക്ഷയിലെത്തിച്ചത്. ഇതിനിടെ യുവതി വളരെയേറെ അവശയായിരുന്നു. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രമാധ്യേ നായ്ക്കട്ടി ഇല്ലിച്ചുവട്ടില്‍ വച്ച് യുവതി ഓട്ടോറിക്ഷയില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച യുവതിയെയും കുഞ്ഞിനെയും ആശുപത്രിജീവനക്കാരാണ് വേര്‍പെടുത്തി തുടര്‍ പരിചരണം നല്‍കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *