May 5, 2024

കോവിഡ് കാലത്തും അനുകൂല നടപടിയില്ല : കെട്ടിട നമ്പർ ലഭിക്കാൻ മുഖ്യമന്ത്രിക്ക് സംരംഭകന്റെ പരാതി.

0

കല്‍പ്പറ്റ : മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വന്തം നാട്ടില്‍ സംരംഭം തുടങ്ങിയ വ്യക്തിക്ക് കഴിഞ്ഞ നാല് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും അനുകൂല നടപടിയില്ല. ഒടുവില്‍ പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നിട്ടും നടപടിയാകാത്തതിനാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വയനാട് അമ്പലവയല്‍ സ്വദേശിയായ പട്ടരുപടി ഓട്ടുമഠത്തില്‍ ഒ.എ.രാധാകൃഷ്ണന്‍ എന്ന സംരംഭകന്‍. 


         അമ്പലവയല്‍ ബസ്റ്റാന്റിനടുത്ത് ഇദ്ദേഹം നിര്‍മ്മിച്ച മൂന്ന് നില കെട്ടിടത്തിന് നമ്പര്‍ ആവശ്യപ്പെട്ടാണ് വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങുന്നത്. ഇതിനിടെ പല ഉദ്യോഗസ്ഥര്‍ക്കായി പല തവണ കൈക്കൂലി നല്‍കി. കഴിഞ്ഞദിവസം പിടിയിലായ ബത്തേരി ഫയര്‍ & റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കുര്യന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൈക്കൂലിയുടെ ഒരു പങ്ക് പറ്റിയിരുന്നു. കുര്യന്‍ പിടിയിലായതോടെയാണ് വീണ്ടും ആവലാതിയുമായി രാധാകൃഷ്ണന്‍ രംഗത്തുവന്നത്. 


         1995ലാണ് രാധാകൃഷ്ണന്‍ അമ്പലവയലില്‍ ഒരു കെട്ടിടം നിര്‍മ്മിക്കുന്നത്. താഴത്തെ നിലകളില്‍ കടമുറികളും മുകളിലത്തെ രണ്ടു നിലകളില്‍ ലോഡ്ജുമായിരുന്നു ഉദ്ദേശിച്ചിരുന്നത്. 2010ല്‍ ഒന്നാം നിലയും രണ്ടാം നിലയും നിര്‍മ്മിക്കുന്നതിനായി അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ അനുമതിക്കായി അപേക്ഷ നല്‍കി. നിര്‍മ്മാണം നടക്കാത്തതിനാല്‍ 2013ല്‍ വീണ്ടും പുതുക്കി അപേക്ഷ നല്‍കി. നിര്‍മ്മാണം പൂര്‍ത്തിയാക്കി 2016ല്‍ പൂര്‍ത്തീകരണ പത്രത്തിന് അപേക്ഷ നല്‍കിയെങ്കിലും പലവിധ അപാകതകള്‍ പറഞ്ഞ് മടക്കി. പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട്, സെക്രട്ടറി തലങ്ങളിലുള്ളവരെ പലതവണ ഈ ആവശ്യമുന്നയിച്ച് സമീപിച്ചു. 40 ലക്ഷം രൂപ ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് മൂന്ന് നില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റും കെട്ടിട നമ്പറും ലഭിക്കാത്തതിനാല്‍ മുകള്‍ നിലയില്‍ ഉദ്ദേശിച്ചിരുന്ന ലോഡ്ജ് പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ നടന്ന അദാലത്തില്‍ പരാതി നല്‍കുകയും 20,000 രൂപ കെട്ടിട നമ്പര്‍ ലഭിക്കാനായി സര്‍ക്കാരില്‍ ചലാന്‍ അടയ്ക്കുകയും ചെയ്തു. 


        അദാലത്തില്‍ തീരുമാനമാക്കിയ പ്രകാരം 1,65,000 രൂപ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ റവന്യൂ വകുപ്പില്‍ അടയ്ക്കുകയും ചെയ്തു. എന്നിട്ടും ഇതുവരെയായി കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ തന്നെ സര്‍ക്കാരിന്റെ ഓരോ പുതിയ തീരുമാനങ്ങള്‍ വരുമ്പോഴും അനുമതിക്കുവേണ്ടി അപേക്ഷകള്‍ സമര്‍പ്പിക്കും. അപ്പോഴെല്ലാം അവര്‍ പറഞ്ഞ ന്യൂനതകള്‍ പരിഹരിക്കുന്നതിന് വേണ്ടി ഇതിനോടകം ലക്ഷങ്ങള്‍ ചിലവഴിച്ചു. 


        ഓരോ തവണ സമീപിക്കുമ്പോഴും നിപ്പ, പ്രളയം ഒടുവില്‍ കോവിഡും കാരണം പറഞ്ഞ് കാലതാമസം വരുത്തുകയാണ് ഉദ്യോഗസ്ഥര്‍.  തനിക്ക് എന്ന്  നീതി ലഭിക്കുമെന്ന ആശങ്കയിലാണ് ഇദ്ദേഹം. കെട്ടിടത്തിന് നമ്പര്‍ ലഭിച്ചില്ലെങ്കിലും ലോഡ്ജ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ലോക്ക്ഡൗണ്‍ മുതല്‍ കഴിഞ്ഞ ആറ് മാസമായി കെട്ടിടത്തില്‍ നിന്ന് യാതൊരു വരുമാനവും ലഭിക്കുന്നില്ല. എന്നാല്‍ ഇടയ്ക്കിടെ ഉദ്യോഗസ്ഥര്‍ എത്തി പിഴ ചുമത്താന്‍ ഒരു മടിയും കാണിക്കുന്നുമില്ലെന്ന് രാധാകൃഷ്ണന്‍ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *