May 17, 2024

വയനാട്ടിലെ നേന്ത്രവാഴ കർഷകരോട് സർക്കാരിന്റെ ഇരട്ടത്താപ്പ്: 11 – ന് ധർണ്ണ നടത്തുമെന്ന് വയനാട് സംരക്ഷണ സമിതി.

0
കൽപ്പറ്റ: 
: നേന്ത്രക്കായ്ക്ക് തറവില നിശ്ചയിച്ചതില്‍ വയനാടന്‍ കര്‍ഷകരോട് സര്‍ക്കാര്‍ നീതിപുലര്‍ത്തിയിട്ടില്ലെന്ന് വയനാട് സംരക്ഷണ സമിതി. ഈ കാര്യം ഉന്നയിച്ച് കൃഷിവകുപ്പു മന്ത്രിക്കും എം പി, എം എല്‍ എ മാര്‍, കലക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. 
സംസ്ഥാനത്ത് 16 ഇനം പച്ചക്കറികള്‍ക്ക് തറവില നിശ്ചയിച്ച സര്‍ക്കാര്‍ നടപടിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നേന്ത്രക്കായുടെ തറവില നിര്‍ണ്ണയത്തില്‍ വയനാട് ജില്ലയോട് കടുത്ത വിവേചനവും അവഗണനയുമാണ് നടത്തിയിരിക്കുന്നത്. കേരളത്തിലെ 13 ജില്ലകളിലും കിലോക്ക് 30 രൂപ നിരക്കില്‍ നേന്ത്രക്കായുടെ തറവില നിശ്ചയിച്ചപ്പോള്‍ വയനാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്നവർക്ക് കേവലം 24 രൂപയാണ് വിലയിട്ടത്.
ലഭ്യമായ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നേന്ത്രവാഴ കൃഷി ചെയ്യു ജില്ലയാണ് വയനാട്. 12000 ഹെക്ടര്‍ സ്ഥലത്ത് ജില്ലയില്‍ വാഴകൃഷിയുണ്ട്. ഇതില്‍നിന്നുള്ള വാര്‍ഷിക ഉത്പാദനം 3 ലക്ഷം ടണ്ണിനുമുകളിലാണ്. വയനാട്ടിലെ അനേകായിരം കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗമാണിത്. വിവേചനപരമായ സര്‍ക്കാര്‍ തീരുമാനത്തിനുപിന്നില്‍ ഏതെങ്കിലും ലോബിയുടെ സ്വാധീനമുണ്ടോയെന്ന് ഞങ്ങള്‍ സംശയിക്കുന്നു.
നമ്മുടെ രാജ്യത്ത് സര്‍ക്കാരുകള്‍ സംഭരിക്കുന്ന മറ്റോരു കാര്‍ഷിക ഉത്പന്നത്തിനും വിവേചനപരമായ വിലനിര്‍ണ്ണയമില്ല. ദേശീയ തലത്തിലും ഉത്പന്നവിലയില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ അന്ധമായ വിവേചനമുള്ളതായി അറിയില്ല. മാത്രവുമല്ല 'വയനാടന്‍ നേന്ത്രന്‍' എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്തിട്ടുള്ള ഏത്തവാഴയിനം എന്നൊന്നില്ല. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ ഉത്പാദിപ്പിക്കപെടുന്ന നേന്ത്രനും തറവില മറ്റു ജില്ലകളിലേതുപോലെ കിലോയ്ക്ക് 30 രൂപയായി തിരുത്തി നിശ്ചയിക്കണം.
വയനാടിന് സമാനമായ കാലവസ്ഥയും ഭൂപ്രകൃതിയുമുള്ള മറ്റ് ജില്ലകളോട് യാതൊരു വിവേചനവും ഇതുവരെ കണ്ടിട്ടില്ല. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇതര ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വയനാട്ടിലെ നേന്ത്രന് എന്തെങ്കിലും കുറവുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ കര്‍ഷകരെ ബോധ്യപ്പെടുത്തണം. അതിനാധാരമായ ശാസ്ത്രീയ ഗവേഷണ പഠനങ്ങള്‍ ലഭ്യമാക്കിയാല്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്. വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതെ പ്രാദേശികാടിസ്ഥാനത്തിലുള്ള ഈ വിവേചനം അംഗീകരിക്കാനാവില്ല. വയനാട്ടില്‍ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന വിവിധയിനം പച്ചക്കറികള്‍ക്കും, എല്ലാത്തരം കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും കാലക്രമത്തില്‍ ഈ ദുര്‍ഗതി വന്നുചേരുമെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. വയനാട്ടിലെ കര്‍ഷകരും, കാര്‍ഷികോത്പന്നങ്ങളും രണ്ടാംകിടയാണെന്ന് വരുത്തി തീര്‍ക്കുന്ന ഈ തീരുമാനം ഭരണഘടന ഉറപ്പുനല്‍കുന്ന തുല്ല്യതയ്ക്കുള്ള അവകാശത്തിന്റെ മേലുള്ള കടന്നാക്രമണമായി ഞങ്ങള്‍ കാണുന്നു. ഇത് വിവേചനപരമാണ്. സര്‍ക്കാരിന്റെ അടിയന്തിരമായ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
കൃഷി നശിപ്പിക്കുന്ന, ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള പ്രാഥമീക നടപടികള്‍ സ്വീകരിക്കേണ്ടത് പഞ്ചായത്തു ഭരണസമിതികളാണ്. പഞ്ചായത്ത് ഭരണസമിതികള്‍ ഓരോ പ്രദേശത്തേയും ഗ്രാമസഭകള്‍ വിളിച്ച് അതാതു പ്രദേശത്തെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കേണ്ട വന്യജീവികളുടെ ലിസ്റ്റ് തയ്യാറക്കിയാണ് ഗവമെന്റിനോട് ആവശ്യപ്പെടേണ്ടത്. അതുപോലെ, 1972 ലെ വൈല്‍ട് ലൈഫ് ആക്ട് സെക്ഷന്‍ 62 പ്രകാരം ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കപ്പെടുന്ന ജീവികളേ മൂലനിയമത്തില്‍ പറയുന്ന എല്ലാമാര്‍ഗ്ഗങ്ങളുപയോഗിച്ചും കൊല്ലുന്നതിനുള്ള അവകാശം പൗരന് നല്‍കണം. നിലവില്‍ കേരളത്തില്‍ വനം വകുപ്പ് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ മാത്രമേ അനുമതി നല്‍കുന്നുള്ളു. വയനാട്ടില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ നിരവധി ഉണ്ടെങ്കിലും തോക്ക് കൈവശമുള്ളവര്‍ ആരുമില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പേ വ്യക്തികളുടെ കൈവശമുള്ള ലൈസന്‍സ്ഡ് തോക്കുകള്‍ മുഴുവന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതാണ്. ഈ സാഹചര്യത്തില്‍ വനം വകുപ്പിന്റെ നിലപാട് അപഹാസ്യമാണ്. കാട്ടുപന്നിയെ മാത്രം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള നീക്കം ഗുണം ചെയ്യില്ല. കുരങ്ങടക്കമുള്ള കൃഷിനശിപ്പിക്കുന്ന മറ്റ് മൃഗങ്ങളേയും ക്ഷുദ്രജീവി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നുള്ള വിവരം മുന്നണികളുടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രധാനപ്പെട്ട മുന്നണികള്‍ക്കും, പാര്‍ട്ടികള്‍ക്കും കത്തുകൊടുക്കുതിനും യോഗം തീരുമാനിച്ചു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 11ന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേയും മുനിസിപാലിറ്റികളിലേയും കൃഷിഭവനുകള്‍ക്കു മുന്‍പില്‍ ധര്‍ണ്ണാസമരം നടത്തുതിനും അടിയന്തിരമായി കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് തീരുമാനിച്ചു. കല്‍പറ്റയില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ മോൺ. തോമസ് മണക്കുന്നേൽ അധ്യക്ഷം വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ. ആന്റോ മമ്പള്ളി, ജനറല്‍ കൺവീനര്‍ പി എം ജോയ്, ജനറല്‍ സെക്രട്ടറി സാലു അബ്രാഹം, ഫാ. വര്‍ഗ്ഗീസ് മട്രോത്ത്, വി പി തോമസ്, ഫാ. സോമി വടയാപറമ്പിൽ,  വിജി നെല്ലിക്കുന്നേൽ, ഫാ. തോമസ് ജോസഫ് തേരകം, ജോസ് താഴത്തേല്‍, ടി. കെ ഉമ്മര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, ഹാരിസ് ബാഖവി, നസീര്‍ കോട്ടത്തറ, ഗഫൂര്‍ വെണ്ണിയോട്, ജോസ് പുന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *