April 27, 2024

പുതുമകളേറെ: കേരള സാഹിത്യോത്സവ് ശ്രദ്ധേയമാവുന്നു, ജില്ലാ കേന്ദ്രം ഫലാഹ് ക്യാമ്പസ്

0
കൽപ്പറ്റ: മഹാമാരിക്കാലത്തും കലയെ ചേര്‍ത്തുപിടിച്ച് എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ 28ാമത് എഡിഷന്‍ പുരോഗമിക്കുന്നു. കേരള സാഹിത്യോത്സവിന്‍റെ ഭാഗമായി ജില്ലയിലെ മത്സരാര്‍ത്ഥികൾ ജില്ലാ കേന്ദ്രമായ പനമരം സിയാസ് അക്കാദമിയിൽ വെച്ച് സ്റ്റേജിതര മത്സരങ്ങളില്‍ പങ്കെടുത്തു. ഇന്നും (വെള്ളിയാഴ്ച്ച) നാളെയും നടക്കുന്ന സ്റ്റേജ് മത്സരങ്ങളിൽ കൽപ്പറ്റ ദാറുൽ ഫലാഹിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോയില്‍ നിന്ന് മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും. സെപ്തംബര്‍ 25ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അഞ്ച് ദിവസങ്ങളില്‍ നടന്ന കലാ സാഹിത്യ ചര്‍ച്ചകളില്‍ സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മുന്‍ വര്‍ഷങ്ങളിലെ നടത്തിപ്പിൽ നിന്ന് വ്യത്യസ്തമായി തമിഴ്‌നാട് ഉള്‍പ്പെടെയുള്ള 18 കേന്ദ്രങ്ങളിലും പ്രത്യേകം സജ്ജമാക്കിയ സ്റ്റുഡിയോകളില്‍ നേരിട്ടെത്തിയാണ് മത്സരാര്‍ഥികള്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്.
സാഹിത്യോത്സവിലെ സ്റ്റേജിതര മത്സരങ്ങള്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. വിവിധ ജില്ലകളില്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച പരിശോധകര്‍ നേരിട്ടെത്തിയാണ് സ്റ്റേജിതര മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രസ്തുത മത്സരങ്ങളുടെ മൂല്യനിര്‍ണയം കഴിഞ്ഞ ദിവസം കോഴിക്കോട് സ്റ്റുഡന്റ് സെന്ററില്‍ വെച്ച് നടന്നു. മത്സര ഫലങ്ങള്‍ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുന്ന ഇന്ന് മുതല്‍ പ്രഖ്യാപിക്കും. സ്റ്റേജ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം എസ് എസ് എഫിന്റെ ഔദ്യോഗിക ചാനലുകളില്‍ വീക്ഷിക്കാന്‍ സാധിക്കും. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ണൂരില്‍ പ്രധാന സ്റ്റുഡിയോ നേരത്തെ ഒരുങ്ങിക്കഴിഞ്ഞു. കൊവിഡ് അടച്ചു പൂട്ടല്‍ കാലത്ത് രണ്ടര ലക്ഷം കുടുംബങ്ങളില്‍ ഫാമിലി സാഹിത്യോത്സവ് നടത്തിയായിരുന്നു ഇത്തവണ സാഹിത്യോത്സവിന് തുടക്കമായത്. തുടര്‍ന്ന് 21,700 ബ്ലോക്കുകളിലും 6,700 യൂനിറ്റുകളിലും 600 സെക്ടറുകളിലും 121 ഡിവിഷന്‍തലങ്ങളിലും 17 ജില്ലകളിലും മത്സരിച്ച് വിജയിച്ചവരാണ് കേരള സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്. ഏഴ് വിഭാഗങ്ങളില്‍ 113 ഇനങ്ങളിലായി 1649 പേരാണ് മത്സര രംഗത്തുള്ളത്. കേരള സാഹിത്യോത്സവ് നാളെ (ശനിയാഴ്ച്ച) വൈകുന്നേരം ഏഴ് മണിക്ക് തളിപ്പറമ്പ് അല്‍ മഖര്‍ കാമ്പസില്‍ സമാപിക്കും. ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്‌തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ പണ്ഡിതര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും. കേരള സാഹിത്യോത്സവ് വിജയികള്‍ തുടര്‍ന്ന് നടക്കുന്ന ദേശീയ സാഹിത്യോത്സവിലും മാറ്റുരക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *