പൂക്കോട് ആനമലയിൽ ആദിവാസി കുടുംബങ്ങൾക്ക് ദുരിത ജീവിതം ; താൽക്കാലിക ഷെഡുകളിലെ ജീവിതം മൂന്ന് വർഷം പിന്നിട്ടു


Ad
വൈത്തിരി: ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ തന്നെ കാണുന്നത് പോലും പുച്ഛത്തോടെയാണെന്ന പരാതിയുണ്ട് പൂക്കോട് ആനമലയില്‍ മൂന്ന് വര്‍ഷത്തിലധികമായി പുനരധിവാസം കാത്ത് കിടക്കുന്ന കുടംബങ്ങള്‍ക്ക്. ആനമല കോളനിയിലെ കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡുകളിലെ ദുരിത ജീവിതം തുടങ്ങിയിട്ട് മൂന്ന് വര്‍ഷം പിന്നിട്ടു. ആദിവാസി ക്ഷേമ വകുപ്പിന് കീഴില്‍ പൂക്കോട് സ്ഥിതിചെയ്യുന്ന ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന് സമീപം ആദിവാസികള്‍ക്കായി പതിച്ചു നല്‍കിയ ഭൂമിയില്‍ ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിലാണ്. ഇവിടെ നിര്‍മിക്കുന്ന വീടുകളുടെ പ്രവര്‍ത്തി ട്രൈബല്‍ വകുപ്പിലെ ചില ഉദ്യാഗസ്ഥര്‍ തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി. എം ആര്‍ എസ്സിന്റെ കൈവശമുള്ള ഭൂമിയില്‍ കുടുംബങ്ങള്‍ അനധികൃതമായി കുടിയേറിയെന്ന് കാണിച്ചാണ് എം ആര്‍ എസ്സിലെ ചിലര്‍ പ്രവര്‍ത്തികള്‍ തടസപ്പെടുത്തിയത്. ഇതിനായി പ്രധാനമന്ത്രിക്ക് വരെ പരാതി കത്തയച്ചതായാണ് വിവരം.
 എന്നാല്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിയാണെന്നും ഇറങ്ങാന്‍ സാധിക്കില്ലെന്നുമാണ് കുടുംബങ്ങള്‍ പറയുന്നത്. കോളനിയിലേക്കുള്ള വഴി പോലും തടസപ്പെടുത്തി സഞ്ചാര സ്വാതന്ത്ര്യം പോലും തടസപ്പെടുത്തിയെന്നും കുടുംബങ്ങള്‍ പറയുന്നു. ഒരാഴ്ച മുമ്പ് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ ഒരാഴ്ചക്കകം വീടുകളുടെ നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കുമെന്നും എം ആര്‍ എസ്സിന് 1.40 ഏക്കര്‍ സ്ഥലം മറ്റൊരു സ്ഥലത്ത് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ ഒരാഴ്ച പിന്നിട്ടിട്ടും നടപടികളുണ്ടായില്ല.
 2018ലെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന 16 കുടുംബങ്ങളെ കോളനി താമസയോഗ്യമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നവോദയ സ്‌കൂളിന് എതിര്‍വശത്തായി അലുമിനിയം ഷീറ്റുകൊണ്ടുള്ള താല്ക്കാലിക ഷെഡുകളിലേക്ക് മാറ്റിയത്. കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഷെഡിനു പുറക് വശത്തുള്ള ഭൂമിയില്‍ പുതിയ വീടുകളുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. പല വീടുകളുടെയും നിര്‍മാണം പകുതിയിലധികം പിന്നിട്ടു. ഇതിനിടെയാണ് സ്ഥലം എം ആര്‍ എസിന്റേതാണെന്ന അവകാശവാദവുമായി നിര്‍മാണ പ്രവര്‍ത്തി ട്രൈബല്‍ വകുപ്പിന്റെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തടസപ്പെടുത്തിയത്. ഇതോടെ വീടുകളുടെ നിര്‍മാണവും നിലച്ചു. താല്ക്കാലിക ഷെഡിലേക്കുള്ള എം ആര്‍ എസിന്റെ മുകള്‍വശത്തെ ടാങ്കില്‍ നിന്നാണ് കുടിവെള്ളമെത്തുന്നത്. ഇത് പലപ്പോഴും തടസപ്പെടുത്തുന്നുണ്ടെന്ന് കോളനിവാസിയായ രാജന്‍ പറഞ്ഞു. പുനരധിവാസത്തിനായി നിര്‍മിക്കുന്ന വീടുകള്‍ക്ക് വേണ്ടി എടുത്ത മണ്‍കൂന കനത്ത മഴ പെയ്താല്‍ താല്ക്കാലിക ഷെഡിന് മുകളില്‍ പതിക്കുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *