April 27, 2024

കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ ബിൽ കൊണ്ട് വരും- മന്ത്രി ചിഞ്ചുറാണി

0
Img 20211004 Wa0014.jpg
റിപ്പോർട്ട് : സി.ഡി.സുനീഷ്
തിരുവനന്തപുരം:  ക്ഷീര കർഷകരെ എക്കാലത്തും പ്രതിസഡിയിലാക്കുന്ന
കാലിത്തീറ്റയുടെ വില വർദ്ധനയും ഗുണ നിലവാരത്തിനും തടയിടാൻ ഒരുങ്ങി മൃഗ സംരംക്ഷണ വകുപ്പ്. കാലി തീറ്റയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതു നിയമമാക്കാനുള്ള ബില്‍ നിയമസഭയില്‍ കൊണ്ടുവരുമെന്ന് ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ ക്ഷീര കര്‍ഷകരിലേക്ക് എത്തിക്കുന്നതിന്‍റെ പ്രചരണാര്‍ഥം മില്‍മ സംഘടിപ്പിക്കുന്ന മൂന്നു കോടി രൂപയുടെ സമ്മാന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മാതൃകാ കൂപ്പണ്‍ കൈമാറ്റവും  പട്ടം മില്‍മ ഭവനില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ബില്‍ നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ ഗുണനിലവാരമുള്ള കാലിത്തീറ്റ മാത്രമായിരിക്കും വിപണിയിലുണ്ടാകുക. കാലിത്തീറ്റയുടെ വിലവര്‍ധനവാണ് ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. അവരെ സഹായിക്കേണ്ട ഉത്തരവാദിത്വം മില്‍മയ്ക്കും കേരള ഫീഡ്സിനുമുണ്ട്. കാലിത്തീറ്റയുടെ ഉത്പാദനത്തിന് ആവശ്യമായ ഘടകങ്ങള്‍ കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതു നടപ്പിലാകുന്നതോടെ കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുവാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായുള്ള മില്‍മയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് കാലിത്തീറ്റ സമ്മാന പദ്ധതി നടപ്പാക്കുന്നതെന്നും ഇത് ഉത്പാദനച്ചെലവ് ലഘൂകരിക്കുന്നതിനുള്ള ചുവട് വെപ്പാണ് എന്ന് മന്ത്രി വ്യക്തമാക്കി.
ഓരോ ചാക്ക് മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുമ്പോഴും 250 രൂപ വില വരുന്ന സമ്മാനക്കൂപ്പണ്‍ ലഭ്യമാക്കും. ഈ കൂപ്പണ്‍ ഉപയോഗിച്ച് മില്‍മയുടെ പാലുല്‍പ്പന്നങ്ങളും ധാതുലവണ മിശ്രിതമായ മില്‍മാമിന്നും ക്ഷീര കര്‍ഷകര്‍ക്ക് വാങ്ങാവുന്നതാണ്. ഈ പ്രോത്സാഹന സമ്മാന പദ്ധതിയിലൂടെ മൂന്ന് കോടിയിലേറെ വിലവരുന്ന മില്‍മ ഉത്പന്നങ്ങളും മില്‍മാമിന്നുമാണ് ക്ഷീരകര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ വഴി വിതരണം ചെയ്യാന്‍ മില്‍മ ഉദ്ദേശിക്കുന്നത്.
ക്ഷീര സംഘങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി 50 ബാഗ് ഗോമതി ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുമ്പോള്‍ 500 രൂപയുടെ കൂപ്പണ്‍ ലഭിക്കും. ഇത് ക്രമാനുഗതമായി വര്‍ധിപ്പിക്കുകയും പരമാവധി 350 ബാഗിന് 8000 രൂപയുടെ കൂപ്പണ്‍ വരെ ലഭ്യമാക്കുകയും ചെയ്യും. വില്‍പ്പന വര്‍ധനവിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയില്‍ നിന്നും ഒന്നു മുതല്‍ അഞ്ച് വരെ സ്ഥാനം കരസ്ഥമാക്കുന്ന ക്ഷീര സംഘങ്ങള്‍ക്ക് ഒന്നാം സമ്മാനമായി 15,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും മൂന്നാം സമ്മാനമായി 9,000 രൂപയും നാലാം സമ്മാനമായി 5,000 രൂപയും അഞ്ചാം സമ്മാനമായി 4,000 രൂപയും നല്‍കും.
സമ്മാന പദ്ധതിയുടെ കാലയളവ് 2021 ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ്. പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ച കൂപ്പണുകള്‍ ഉപയോഗിച്ച് 2022 ഫെബ്രുവരി 28 വരെ മില്‍മ ഉത്പന്നങ്ങളും മില്‍മാമിന്നും വാങ്ങുവാന്‍ കഴിയും.
ബി.ഐ.എസ് ടൈപ്പ് 2 ഗുണനിലവാരമുള്ള കാലിത്തീറ്റയാണ് മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ. കൂടുതല്‍ പാല്‍ ഉത്പാദനത്തിന് ആവശ്യമായ ധാതുലവണ മിശ്രിതങ്ങളാല്‍ സമ്പുഷ്ടമാണിത്.
കോവിഡ് കാലത്തും അനേകം ക്ഷീരകർഷകരെ പിടിച്ച് നിർത്തിയത് ക്ഷീര മേഖലയായിരുന്നു. ക്ഷീര മേഖലയുടെ സമഗ്ര വികാസത്തിന് നയാസൂത്രണം നടക്കുന്ന ഘട്ടത്തിലുള്ള സർക്കാരിൻ്റെ നീക്കം ക്ഷീരകർഷകർക്ക് 
സമാശ്വാസമാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *