April 30, 2024

സംസ്ഥാനത്തെ ആദ്യത്തെ സോളാര്‍ ആന്റ് വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് വെള്ളപ്പന്‍കണ്ടിയില്‍ സ്ഥാപിച്ചു

0
Img 20220603 Wa00082.jpg
മേപ്പാടി: സംസ്ഥാനത്തെ ആദ്യത്തെ സോളാര്‍ ആന്റ് വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പന്‍കണ്ടി കോളനിയില്‍ സ്ഥാപിച്ചു. കോളനിയിലെ 10 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവുന്ന വിധത്തില്‍ ഒന്നര കിലോവാട്ട് ശേഷിയുള്ള സോളാര്‍ ആന്റ് വിന്‍ഡ് ഹൈബ്രിഡ് സൗരനിലയമാണ് സ്ഥാപിച്ചിരിക്കുന്നത്. കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി സിദ്ദിഖിന്റെ ശ്രമഫലമായാണ് അനെര്‍ട്ടിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ പദ്ധതി പ്രാവര്‍ത്തികമായിരിക്കുന്നത്. പദ്ധതി പ്രകാരം സൗരപാനലും കാറ്റും ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്തുകൊണ്ട് ഒരു വീട്ടില്‍ 1000 വാട്ട് വരെയുള്ള വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഈ സംവിധാനത്തിലൂടെ സാധിക്കും. വെളിച്ചത്തിനും, ടെലിവിഷന്‍ അടക്കമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലും ഇതിലൂടെ സാധിക്കും. പൂര്‍ണമായും അനെര്‍ട്ടിന്റെ ഫണ്ട് ഉപയോഗിച്ചാണ് വെള്ളപ്പന്‍കണ്ടിയില്‍ ഈ സംവിധാനം സ്ഥാപിച്ചിട്ടിരിക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമായതോടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വിനോദത്തിനും, വെളിച്ചത്തിനും ആവശ്യമായ സൗകര്യവും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ എട്ടാംവാര്‍ഡ് ചൂരല്‍മല വഴി കള്ളാടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വെള്ളപ്പന്‍കണ്ടി. പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട പണിയസമുദായത്തിലെ 10 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മുത്തങ്ങഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ വീടും സ്ഥലവും സൗജന്യമായി നല്‍കിയ പ്രദേശം കൂടിയാണിത്. വൈദ്യുതി ലൈന്‍ പോകുന്ന പ്രദേശത്ത് നിന്നും ഒന്നര കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ വൈദ്യുതി അത്യന്താപേക്ഷിതമായിരുന്നു. ഈ സാഹചര്യത്തിലാണ് അനെര്‍ട്ട് സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് സൗരനിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. നേരത്തെ കൊവിഡ് വ്യാപനകാലത്ത് വെള്ളപ്പന്‍കണ്ടിയിലെ കോളനിവാസികള്‍ക്കായി ഓണ്‍ലൈന്‍ പഠനസൗകര്യം അഡ്വ. ടി സിദ്ദിഖ് എം എല്‍ എ സ്വന്തം നിലയില്‍ ഒരുക്കിയിരുന്നു. സോളാര്‍ സംവിധാനം ഉപയോഗിച്ച് കൊണ്ട് ടെലിവിഷനും മറ്റും പ്രവര്‍ത്തിക്കാനാവുന്ന വിധത്തില്‍ പഠനമുറി ഒരുക്കിയാണ് അന്ന് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കിയത്. വിവിധ സംഘടനകളുടെ സഹായത്തോടെ പഠനോപകരണങ്ങളും, പഠനസാമഗ്രികളും അതൊടൊപ്പം തന്നെ വിതരണം ചെയ്തിരുന്നു. സോളാര്‍ ആന്റ് വിന്‍ഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റ് ഉദ്ഘാടനം വെള്ളപ്പന്‍കണ്ടിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു.  മിനിമൈക്രോ ഹൈഡൽ പദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കാൻ കഴിയുന്ന സ്ഥലമാണ് വയനാട് അതിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. ടി സിദ്ദിഖ് എം എല്‍ എ അധ്യക്ഷനായിരുന്നു. അനെര്‍ട്ട് സി ഇ ഒ സുരേന്ദ്രനാഥ് വെല്ലൂരി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, വൈസ് പ്രസിഡന്റ് റംല ഹംസ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി, അനെര്‍ട്ട് ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ അനീഷ് എസ് പ്രസാദ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *