കൽപ്പറ്റ ഇനി ശുചിത്വ നഗരം .

കല്‍പ്പറ്റ:
ജില്ലക്ക് തന്നെ മാതൃകയായുള്ള ശുചിത്വ നഗരമാകാൻ ഒരുങ്ങി കൽപ്പറ്റ.
മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരമായി ഹരിത ബയോപാര്‍ക്കില്‍ ആധുനിക യന്ത്രോപകരണങ്ങള്‍ സ്ഥാപിക്കുന്നതടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഖരജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റാണ് വെള്ളാരംകുന്നില്‍ സ്ഥാപിക്കുന്നത്. ഇതോടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കല്‍പറ്റ മാറും.15,000 ചതുരശ്ര അടി വലുപ്പമുള്ള മാലിന്യസംസ്‌കരണ പ്ലാന്റ് സംസ്ഥാനത്തെ മറ്റൊരു മുനിസിപ്പാലിറ്റിയിലുമില്ല. ഒരു കോടി 10 ലക്ഷം രൂപയാണ് ഇതിനായി ചെലവ് വരുന്നത്. സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വമിഷനും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ 9 ഏക്കര്‍ സ്ഥലത്താണ് ആധുനിക രീതിയിലുള്ള പ്ലാന്റ് സ്ഥാപിച്ചത്.സംസ്‌കരണ പ്ലാന്റിനുള്ള കെട്ടിട നിര്‍മ്മാണത്തിനായി 88.75 ലക്ഷം രൂപയും യന്ത്രോപകരണങ്ങള്‍ക്കായി 20 ലക്ഷം രൂപയുമാണ് ചെലവഴിക്കുന്നത്. പാലക്കാട് ആസ്ഥാനമായ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററിനാണ് (ഐ.ആര്‍.ടി.സി) സാങ്കേതിക സഹായത്തോടൊപ്പം നിര്‍മ്മാണ ചുമതലയും നല്‍കിയിരിക്കുന്നത്. വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കില്‍ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിപ്പിക്കാനുള്ള വിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.ഖര മാലിന്യങ്ങള്‍ തരം തിരിക്കാനായി സെഗ്രിഗേഷന്‍ യന്ത്രമായ സോര്‍ട്ടിംഗ് കണ്‍വെയര്‍ ബെല്‍റ്റും, ബെയിലിംഗ് മെഷീനും ജൈവമാലിന്യങ്ങള്‍ക്കായി ഷ്രെഡിംഗ് യൂണിറ്റും, പള്‍വറ്റൈസര്‍ സീവിംഗ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കുന്നതിനും തരം തിരിച്ച മാലിന്യങ്ങള്‍ ബെയ്ല്‍ ചെയ്ത് വില്‍പന നടത്തി വരുമാന മാര്‍ഗ്ഗത്തിനും നഗരസഭക്ക് പദ്ധതിയുണ്ട്.വീടുകളില്‍ നിന്ന് നേരിട്ട് ഖര ജൈവ മാലിന്യങ്ങള്‍ ഹരിത സേനാംഗങ്ങള്‍ ശേഖരിക്കും. ഡോര്‍ ടു ഡോര്‍ മാലിന്യശേഖരണം ശക്തിപ്പെടുത്തും. ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് വീടുകളില്‍ നിന്നും മറ്റും മാലിന്യങ്ങളിപ്പോള്‍ ശേഖരിച്ച് കൊണ്ടിരിക്കുന്നത്. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലുള്ള വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ശക്തിപ്പെടുത്തി വീടുകളില്‍ നിന്നും മറ്റും പരമാവധി വേഗത്തില്‍ പരാതിക്കിടയില്ലാതെ മാലിന്യങ്ങള്‍ ശേഖരിച്ചെന്ന് ഉറപ്പാക്കേണ്ടത് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലുള്ള സാനിറ്റേഷന്‍ കമ്മിറ്റിയുടെ ചുമതലയായിരിക്കും. മാലിന്യം ശേഖരിച്ചെന്ന് ഉറപ്പാക്കാനായി പ്രത്യേക കാര്‍ഡ്,ബുക്ക് സംവിധാനം നടപ്പാക്കും. ഇവ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്യും. സമയബന്ധിതമായ പരിപാടി നടപ്പാക്കാനായി ഹരിത സേനാംഗങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കില്‍ ആധുനിക യന്ത്രേപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും(എം.സി.എഫ്), വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതോടെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുമെന്നും സമ്പൂര്‍ണ്ണ ശുചിത്വ മുനിസിപ്പാലിറ്റിയായി കല്‍പറ്റ മാറുമെന്നും നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.



Leave a Reply