May 2, 2024

സില്‍ക്ക് ജില്ല :കേന്ദ്രസർക്കാർ വയനാടിനെ തെരഞ്ഞെടുത്തു

0

   കേന്ദ്ര സര്‍ക്കാറിന്റെ ഒരു ജില്ല ഒരു ഉല്‍പന്നം എന്ന പദ്ധതിയില്‍ വയനാടിനെയും ഉള്‍പ്പെടുത്തി. പട്ടുനൂല്‍ ഉല്‍പാദനത്തിന് വേണ്ടി തെരഞ്ഞെടുത്ത രാജ്യത്തെ 50 സില്‍ക്ക് ജില്ലകളില്‍ ഒന്നായാണ് കേന്ദ്ര വസ്ത്ര മന്ത്രാലയം വയനാട് ജില്ലയെയും തെരഞ്ഞെടുത്തത്.  അനുയോജ്യമായ കാലാവസ്ഥയും മള്‍ബറി കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും കൊക്കൂണ്‍ വിപണനത്തിനുളള സൗകര്യവും കണക്കിലെടുത്താണ് വയനാട് പദ്ധതിയില്‍ സ്ഥാനം പിടിച്ചത്.  പൂര്‍ണ്ണമായും ബൈവോള്‍ ടൈന്‍ കൊക്കൂണ്‍ ഉല്‍പാദിപ്പിക്കുന്ന ജില്ലയെന്ന നിലയിലും വയനാടിന് പട്ടുനൂല്‍കൃഷിയില്‍ വന്‍ സാധ്യതയുണ്ടെന്ന് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ് പറഞ്ഞു. 
   പട്ടുനൂല്‍ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് കേന്ദ്ര വസ്ത്ര മന്ത്രാലയം സെന്‍ട്രല്‍ സില്‍ക് ബോര്‍ഡ്  മുഖേന രാജ്യത്ത് സില്‍ക്ക് ഡിസ്ട്രിക്ട് പദ്ധതി വ്യാപിപ്പിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ധാരാളം തൊഴില്‍ സാധ്യതയുളള പദ്ധതിയാണ് പട്ടുനൂല്‍ പുഴുവളര്‍ത്തലും കൊക്കൂണ്‍ ഉല്‍പാദനവും അനുബന്ധ മേഖലകളും. നിലവില്‍ ചൈനയില്‍ നിന്നാണ് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നത്. ചൈനയില്‍ ഉല്‍പാദനം കുറഞ്ഞത് കാരണം വിപണിയില്‍ കൊക്കൂണിന് കിലോഗ്രാമിന് 600 മുതല്‍ 700 രൂപ വരെ വില ലഭിക്കുന്നുണ്ട്. നിലവില്‍ ജില്ലയില്‍ 70 ഏക്കറിലാണ് മള്‍ബറി കൃഷി ചെയ്യുന്നത്. ഏകദേശം 9.5 ടണ്‍ ഉല്‍പാദനവും ലഭിക്കുന്നുണ്ട്. പദ്ധതി കൂടി നടപ്പാകുന്നതോടെ ആദ്യ ഘട്ടത്തില്‍ നൂറ് ഏക്കര്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും ഉല്‍പാദനം 13 ടണ്ണിലേക്ക് ഉയര്‍ത്താനും സാധിക്കുമെന്നാണ് സെറികള്‍ച്ചര്‍ വകുപ്പ് കണക്കാക്കുന്നത്. സംസ്ഥാനത്ത് ഗ്രാമ വികസന വകുപ്പിന്റെ ഭാഗമായ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം മുഖേനയാണ് സില്‍ക് ഡിസ്ട്രിക് പദ്ധതി നടപ്പാക്കുക. വിശദവിവരങ്ങള്‍ക്ക് ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം.ഫോണ്‍. 04936 202465.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *