April 30, 2024

ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന പ്രദേശത്ത് പുനരധിവാസ പദ്ധതി വൈകുന്നു : നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

0
Img 20200917 Wa0308.jpg
കാവുമന്ദം: തരിയോട് പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കമ്പനിക്കുന്ന്  മൈത്രിനഗര്‍ നിവാസികളുടെ പുനരധിവാസം അനന്തമായി നീളുന്നത് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് 33 കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഉരുള്‍പൊട്ടല്‍ ഭീതി നിലനില്‍ക്കുന്ന ഈ പ്രദേശത്ത് നിന്ന് തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ഇവരുടെ ആവശ്യം മുഖവിലക്കെടുത്ത് തരിയോട് പഞ്ചായത്ത് ഇവര്‍ക്കായി പദ്ധതികള്‍ തയ്യാറാക്കി. അതിനിടയില്‍ 13 ജനറല്‍ കുടുംബങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ കൈപറ്റി ഇവിടെ നിന്നും മാറിത്താമസിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ 20 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെക്കാനുള്ള സ്ഥലം പഞ്ചായത്ത് തന്നെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി. കണ്ടെത്തിയ സ്ഥലം വില കൂടുതലാണെന്നും അഴിമതി നടക്കാൻ  സാധ്യതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഈ സ്ഥലം ഒഴിവാക്കി. തുടര്‍ന്ന് ഇവര്‍ക്ക് സ്ഥലം കണ്ടെത്താനായി  ഒരു ജനകീയ കമ്മിറ്റി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. രണ്ടേക്കര്‍ വരെയുള്ള സ്ഥലങ്ങളുടെ ഉടമകളില്‍ നിന്ന് ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചു. ഇതേതുടര്‍ന്ന് 28 അപേക്ഷകള്‍ പഞ്ചായത്തിന് ലഭിച്ചു. ഇവ ജനകീയ സമിതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നാല് സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് കണ്ടെത്തി. രണ്ട് സ്ഥലങ്ങള്‍ വനത്തിനോട് ചേര്‍ന്നാണ് എന്നുള്ളതിനാല്‍ ആ സ്ഥലങ്ങളും ഒഴിവാക്കി. തുടര്‍ന്ന് കാവുമന്ദം ടൗണില്‍ നിന്നും അരക്കിലോമീറ്റര്‍ ദൂരത്തുള്ള രണ്ട് സ്ഥലങ്ങളില്‍ ഒന്ന് വിലകൊടുത്ത് വാങ്ങിക്കാനുള്ള തീരുമാനത്തിലേക്ക് കമ്മിറ്റി എത്തി. സ്ഥലമുടകളുമായി വിലയുടെ കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ വിലകൊടുത്ത് വാങ്ങാനും തീരുമാനിച്ചു. 69 ലക്ഷം രൂപക്കാണ് കച്ചവടം ഉറപ്പിച്ചത്. ഇതംഗീകരിച്ച് 20 കുടുംബങ്ങള്‍ക്കും ഏഴേ മുക്കാല്‍ സെന്റ് സ്ഥലം വീതം എഗ്രിമെന്റ് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ക്കായി വില്ലേജില്‍ എത്തിച്ചതാണ്. എന്നാല്‍ തൊട്ടടുത്തുള്ള സ്ഥലമുടമ ഇതിലേക്കുള്ള വഴി തങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കാണിച്ച് കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയതോടെ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്. തഹസില്‍ദാറും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ടെന്നാണ് കോളനിവാസികളുടെയും ജനകീയ സമിതി അംഗങ്ങളുടെയും ആരോപണം. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കണ്ട് തങ്ങള്‍ക്കായി കണ്ടെത്തിയ സ്ഥലത്ത് അടുത്ത മഴക്കാലത്തിന് മുന്‍പെങ്കിലും വീട് വെച്ച് കൂടാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് കോളനിവാസികളുടെ ആവശ്യം. അല്ലാത്തപക്ഷം സമരങ്ങളിലേക്ക് തങ്ങള്‍ കടക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *