May 7, 2024

ജില്ലാ കളക്ടറുടെ നടപടി പ്രതിഷേധാർഹം: കേരള എൻ.ജി.ഒ അസോസിയേഷൻ

0
കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ചു വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ജീവനക്കാരെ ഭീഷണപ്പെടുത്തുന്ന ജില്ലാ കളക്ടറുടെ നടപടി അപഹാസ്യവും പ്രതിഷേധാർഹവുമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു. പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് സർക്കാരിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കർമ്മനിരതരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താനെ ഇത്തരം നടപടികൾ വഴിവെക്കുകയുള്ളു. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകേണ്ട കളക്ടറുടെ ഭാഗത്തു നിന്നും ഇത്തരം നടപടികളുണ്ടാകുന്നത് അംഗീകരിക്കാനാവില്ല.
ആരുടെയൊക്കെയോ താല്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസങ്ങളിൽ നിലപാടുകൾ സ്വീകരിച്ചിട്ടുള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം വകുപ്പിലെ ജീവനക്കാർക്ക് ജോലി ചെയ്ത വേതനം മാറി നൽകാൻ സാധിക്കാത്ത ഒരു ഉദ്യോഗസ്ഥയാണ് ഇത്തരത്തിൽ നിലപാട് സ്വീകരിക്കുന്നത്. ബാണാസുര പദ്ധതിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട എൽ.എ ഓഫീസ് നിർത്തലാക്കിയപ്പോൾ ജീവനക്കാരെ യഥാസമയം പുനർവിന്യസിപ്പിക്കാതെ ഇരുന്നതാണ് സാങ്കേതിക പ്രശ്നങ്ങൾക്ക് വഴിവെച്ചത്. സർവീസ് ചട്ടങ്ങൾ പാലിക്കാതെ ജൂനിയറായ ജീവനക്കാരെ പി.എസ്.സി- ക്ക് സറണ്ടർ ചെയ്യുകയും പിന്നീട് അവരെ തിരിച്ച് വിളിക്കുകയും ചെയ്തു. ഇവർക്കും പൂർണ്ണമായ ശമ്പള വിതരണം നടത്താൻ സാധിച്ചിട്ടില്ല. മാർച്ച് മാസത്തെ ശമ്പളം ലഭിക്കാതെ എട്ടോളം ജീവനക്കാരാണ് റവന്യു വകുപ്പിലെ വിവിധ ഓഫീസുകളിലായി ജോലി ചെയ്തു വരുന്നത്.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായ ഇവരെ ഓഫീസ് നിർത്തലാക്കിയപ്പോൾ സമീപ ഓഫീസുകളിൽ ഒഴിവുണ്ടായിട്ടും വിദൂര സ്ഥലങ്ങളിലാണ് പുനർ നിയമിച്ചത്. സ്ഥലം മാറ്റങ്ങളിൽ യാതൊരു തരത്തിലും ജീവനക്കാരുടെ ആകുലതകൾ പരിഗണിക്കാതെയാണ് നിയമന ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്. ചില ബാഹ്യശക്തികളുടെ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് പലപ്പോഴും ഉത്തരവുകൾ പുറത്തിറക്കുന്നത്. ഇത്തരത്തിൽ നിഷേധാത്മക നിലപാടുകൾ സ്വീകരിക്കുന്ന ജില്ലാ കളക്ടർക്ക് അവാർഡ് മാനിയ ബാധിച്ചോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സ്വന്തം മൂക്കിനു താഴെയുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ പറ്റാത്തിടത്ത് ജീവനക്കാരെ ഭീഷണിപെടുത്തുന്ന തരത്തിലുള്ള നിലപാട് തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ്, സെക്രട്ടറി കെ.എ മുജീബ്, ട്രഷറർ കെ.ടി.ഷാജി എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *