May 4, 2024

പൂനെ ഹാഫ് മാരത്തണ്‍: വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടൻ മാത്യുവും ട്രക്ക് ഡ്രൈവർ തോമസും

0
Img 20181212 175704
പൂനെ ഹാഫ് മാരത്തണ്‍:  വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടനും ട്രക്ക് ഡ്രൈവറും
കല്‍പറ്റ-മഹാരാഷ്ട്രയിലെ പൂനെയില്‍ ഞായറാഴ്ച നടന്ന ബജാജ് അലയന്‍സ് ഹാഫ് മാരത്തണില്‍ വയനാടന്‍ കരുത്തറിയിച്ച് വിമുക്തഭടന്‍ ചെന്നലോട് വലിയനിരപ്പില്‍ മാത്യുവും ട്രക്ക് ഡ്രൈവര്‍ മാനന്തവാടി ദ്വാരക പള്ളിത്താഴത്ത് തോമസും. നൂറുകണക്കിനു കായികതാരങ്ങള്‍ മാറ്റുരച്ച മാരത്തണില്‍ വെറ്ററന്‍സ് 60 പ്ലസ് വിഭാഗത്തില്‍ മാത്യുവും 50 പ്ലസ് വിഭാഗത്തില്‍ തോമസും ഫിനിഷ് ചെയ്തത് ഒന്നാമതായി. പൂനെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലായിരുന്നു(ബലേവാടി സ്റ്റേഡിയം) മത്സരം. 21 കിലോമീറ്റര്‍  1.33 മണിക്കൂറില്‍  ഓടിത്തീര്‍ത്താണ് തോമസ് സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. മാത്യു 1.44 മണിക്കൂറില്‍ ഓട്ടം പൂര്‍ത്തിയാക്കി വിജയസ്മിതം പൊഴിച്ചു. 
ദീര്‍ഘദൂര ഓട്ടമത്സരങ്ങളിലൂടെ വയനാടന്‍ കായികക്കരുത്തിന്റെ പ്രകാശം കേരളത്തിനു പുറത്തും പരത്തുകയാണ് തോമസും മാത്യുവും. പൂനെയിലെ വിജയത്തോടെ തോമസിന്റെ 2017-18ലെ  മാരത്തണ്‍ മെഡല്‍ നേട്ടം ഇരുപതായി. 14 സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമാണ് ഉപജീവനത്തിനു ട്രക്ക് ഓടിക്കുന്ന തോമസ്  ഹ്രസ്വകാലത്തിനിടെ കൊയ്തത്. സമപ്രായത്തിലുളളവരെ അതിശയിപ്പിക്കുന്നതാണ് സൈന്യത്തില്‍നിന്നു സുബേദാര്‍ റാങ്കില്‍ വിരമിച്ച മാത്യുവിന്റെ മെഡല്‍ നേട്ടങ്ങളും. നവംബര്‍ 25നു ഹൈദരാബാദില്‍ നടന്ന വേള്‍ഡ് 10 കിലോമീറ്റര്‍ മാരത്തണില്‍ സൂപ്പര്‍ വെറ്ററണ്‍ കാറ്റഗറിയില്‍ മാത്യുവിനായിരുന്നു സ്വര്‍ണം.  
പള്ളിത്താഴത്ത് പരേതരായ ചാണ്ടി-അന്ന ദമ്പതികളുടെ ആറു മക്കളില്‍ അഞ്ചാമനാണ് അമ്പത്തിയേഴുകാരനാണ് തോമസ്. 18 വര്‍ഷങ്ങള്‍ മുമ്പ് മുംബൈയില്‍ ഡ്രൈവര്‍പ്പണിക്കിറങ്ങിയ തോമസിനെ വ്യായാമത്തിനായി തുടങ്ങിയ നടത്തമാണ്  ദീര്‍ഘദൂര ഓട്ടക്കാരനാക്കിയത്. വിദ്യാഭ്യാസകാലത്ത് നിദ്രയിലായിരുന്നു തോമസിലെ കായികതാരം. വഞ്ഞോട് യുപി സ്‌കൂളിലും വാളാട് ഹൈസ്‌കൂളിലും പഠിക്കുമ്പോള്‍ കായികമത്സരങ്ങള്‍ നടക്കുന്നിടത്ത് കാഴ്ചക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. പില്‍ക്കാലത്തു മാരത്തണ്‍ മത്സരങ്ങളില്‍  തോമസ് കനകവും വെള്ളിയും വിളയിക്കുന്നത് അദ്ദേഹത്തെ അടുത്തറിയുന്നവരില്‍ ഉളവാക്കുന്നത് വിസ്മയം. 2014ലെ  കൊച്ചിന്‍  ഹാഫ് മാരത്തണില്‍  പങ്കെടുത്തപ്പോഴാണ് ദീര്‍ഘദൂര ഓട്ടം വഴങ്ങുമെന്നു തോമസ് തിരിച്ചറിഞ്ഞത്. രണ്ടു മണിക്കൂര്‍ 13 മിനിറ്റ്  41 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തോമസ് നാല്‍പ്പത്തിനാലാം സ്ഥാനക്കാരനായിരുന്നു. പിന്നീട് കഠിനപരിശീലനം തുടങ്ങിയ തോമസ് 2017ലെ കൊച്ചിന്‍ ഹാഫ് മാരത്തണില്‍ ഒന്നാമനായി. 21 കിലോമീറ്റര്‍ 1.37 മണിക്കൂറിലാണ് ഫിനിഷ് ചെയതത്.  ഭാര്യ ലില്ലിയും അശ്വതി, അനു എന്നീ മക്കളും അടങ്ങന്നതാണ് കുടുംബം. ദ്വാരകയില്‍ വാടകവീട്ടിലാണ് താമസം. 
ചെന്നലോട് വലിയനിരപ്പില്‍ പരേതരായ തോമസ്-കത്രീന ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനാണ് മാത്യു. 21-ാം വയസില്‍ കരസേനയില്‍ ചേര്‍ന്ന മാത്യു 2008ല്‍ മദ്രാസ് എന്‍ജിനീയേഴ്‌സ് റെജിമെന്റില്‍നിന്നാണ് വിരമിച്ചത്. നാട്ടിലെത്തി ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം 2013,2014,2015 വര്‍ഷങ്ങളില്‍ മാസ്റ്റര്‍ മിസ്റ്റര്‍ വയനാടായി. 2016ലാണ് ബോഡി ബില്‍ഡിംഗ് വിട്ട് ദീര്‍ഘദൂര ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വെറ്ററന്‍ മാരത്തണ്‍, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ഇനങ്ങളില്‍ പൂനെയിലേതടക്കം 20 മത്സരങ്ങളിലാണ് മാത്യു പങ്കെടുത്തത്. ഇതില്‍ ഹൈദരാബാദിലേതിനു പുറമേ കൊലാപ്പൂര്‍ മാരത്തണ്‍(21 കിലോമീറ്റര്‍), ഗോവ മാരത്തണ്‍(10 കിലോമീറ്റര്‍), കൊച്ചി പെരുമ്പാവൂര്‍ മാരത്തണ്‍(21 കിലോമീറ്റര്‍)എന്നിവയിലും ഒന്നാമനായിരുന്നു. ഭാര്യ എത്സമ്മയും ഷെറിന്‍, സ്വപ്‌ന, സിജോ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *