April 27, 2024

കാട്ടാനകളെയും കാട്ടുപന്നികളെയും വിരട്ടാന്‍ വനാതിര്‍ത്തികളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍

0
Bulb
പതിനെട്ടാമത്തെ അടവും പയറ്റി വനം-വന്യജീവി വകുപ്പ്
കല്‍പറ്റ-കൃഷിയിടങ്ങളില്‍ കാട്ടാന, കാട്ടുപന്നി ശല്യം കുറയ്ക്കുന്നതിനു പുതിയ വിദ്യയുമായി വനം-വന്യജീവി വകുപ്പ്. വന്യജീവികള്‍ പതിവായി കാടിറങ്ങുന്ന ഭാഗങ്ങളില്‍ വിവിധ വര്‍ണങ്ങള്‍ പൊഴിക്കുന്നതും വട്ടംകറങ്ങുന്നതുമായ എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിക്കുന്നതാണ് പുത്തന്‍ തന്ത്രം. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പ സെക്ഷനില്‍ 14 ഇടങ്ങളില്‍ ഇത്തരത്തില്‍ എല്‍.ഇ.ഡി വിളക്കു സ്ഥാപിച്ചു.ഇവിടങ്ങളില്‍ വന്യജീവിശല്യത്തില്‍ കുറവുവന്നതായാണ് കര്‍ഷകസാക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍  റേഞ്ച് പരിധിയില്‍ ആന, പന്നി ശല്യം കൂടുതലുള്ള പ്രദേശങ്ങളിലെ 30 കര്‍ഷക ഗ്രൂപ്പുകള്‍ക്കു എല്‍.ഇ.ഡി ബള്‍ബും ഇലക്ട്രിക് വയറും സൗജന്യമായി നല്‍കാനുള്ള നീക്കത്തിലാണ്  വനം-വന്യജീവി വകുപ്പ്. 
സഹപ്രവര്‍ത്തകരില്‍  ഒരാള്‍ നിര്‍ദേശിച്ചതനുസരിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ നെയ്ക്കുപ്പ സെക്ഷനിലെ മാന്തടത്ത് എല്‍.ഇ.ഡി ബള്‍ബ് സ്ഥാപിച്ചതെന്നു ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി. രതീശന്‍ പറഞ്ഞു. വിജയകരമെന്നു കണ്ടപ്പോഴാണ്   നെയ്ക്കുപ്പ സെക്ഷനില്‍ത്തന്നെ 13 ഇടങ്ങളില്‍ക്കൂടി  സ്ഥാപിച്ചത്. വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളില്‍ ബാറ്ററിയുടെ സഹായത്തോടെയാണ് വിളക്ക് പ്രകാശിപ്പിക്കുന്നത്. ബാറ്ററിക്കും ബള്‍ബിനും വയറിനുമായി ഏകദേശം നാലായിരം രൂപയാണ് ചെലവ്. 
സൗത്ത് വയനാട് ഡിവിഷനില്‍ വന്യജീവിശല്യത്തിനു കുപ്രസിദ്ധമാണ് ചെതലത്ത് റേഞ്ചിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ പലതും. വനവും ഗ്രാമവും അതിരിടുന്നതില്‍ ചതുപ്പും പാറക്കൂട്ടവും ഒഴികെ  ഭാഗങ്ങളില്‍ വനം-വന്യജീവി വകുപ്പ് സ്വന്തം നിലയ്ക്കും തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പ്രതിരോധക്കടങ്ങ് നിര്‍മിച്ചെങ്കിലും ആന, പന്നി ശല്യത്തിനു കാര്യമായ ശമനമില്ല. കിടങ്ങുകള്‍ ഇടിച്ചുനികത്തിയാണ് ആനകള്‍ കൃഷിയിടങ്ങളില്‍ എത്തുന്നത്. കിടങ്ങ് നികന്ന ഭാഗങ്ങളിലൂടെയാണ് പലപ്പോഴും പന്നിക്കൂട്ടങ്ങളുടെയും കാടിറക്കം. വനാതിര്‍ത്തിലെയിലെ വൈദ്യുതവേലി ഷോക്ക് ഏല്‍ക്കാത്തവിധം ചവിട്ടിമറിച്ച് കൃഷിയിടങ്ങളില്‍ ഇറങ്ങുന്നതില്‍   വൈദഗ്ധ്യവും  നേടിയിരിക്കയാണ് ആനകള്‍. 
കൃഷിനാശവുമായി ബന്ധപ്പെട്ട് നെയ്ക്കുപ്പ സെക്ഷനിലെ കര്‍ഷകര്‍ നിരന്തരം പരാതിപ്പെട്ട സാഹചര്യത്തിലാണ് സഹപ്രവര്‍ത്തകന്റെ  നിര്‍ദേശം റേഞ്ച് ഓഫീസര്‍ പരീക്ഷിച്ചത്.  ബഹുവര്‍ണങ്ങളില്‍ പ്രകാശം പൊഴിച്ച് വട്ടംകറങ്ങുന്ന ബള്‍ബ് സൃഷ്ടിക്കുന്ന അലോസരവും ഭയവുമാണ് കാടിറങ്ങുന്നതില്‍നിന്നു ആനകളെയും പന്നികളെയും തടയുന്നതെന്നു റേഞ്ച് ഓഫീസര്‍ പറഞ്ഞു. എല്‍.ഇ.ഡി ബള്‍ബ് വിദ്യ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ കഴിയുമോ എന്നതില്‍ വ്യക്തതയില്ലെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *