May 2, 2024

ജമാല്‍ സാഹിബിന് സ്‌നേഹാദരം ചൊവ്വാഴ്ച: ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥി; ഹൈദരലി തങ്ങള്‍, കനിമൊഴി എം.പി പങ്കെടുക്കും

0
Img 20191109 Wa0198.jpg

കല്‍പ്പറ്റ: വയനാട് മുസ്‌ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഖ്യകാര്യദര്‍ശിയും വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷത്തിലേറെ കാലമായി നായകത്വം വഹിക്കുന്ന എം.എ.മുഹമ്മദ് ജമാല്‍ സാഹിബിനെ ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍ വയനാട്ടിലെ പൗരാവലി ഖാഇദെ മില്ലത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ അര്‍പ്പിക്കുന്ന സ്‌നേഹാദരം ചൈവ്വാഴ്ച നടക്കും.  കല്‍പ്പറ്റ ബൈപ്പാസിലെ പ്രത്യേകം തയ്യാറാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍ നടക്കുന്ന സ്‌നേഹാദരം പരിപാടിയില്‍ ഡോ.ശശി തരൂര്‍ മുഖ്യാതിഥിയാവും. ജില്ലയിലെ രണ്ടായിരത്തോളം തെരെഞ്ഞെടുത്ത കോളേജ് വിദ്യാര്‍ത്ഥികളുമായി ശശി തരൂര്‍ സംവദിക്കും. സ്‌നേഹാദരത്തിന്റെ ഉദ്ഘാടനം മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണി വരെ നടക്കുന്ന വിവിധ സെഷനുകളില്‍ ജനാധിപത്യം വഴിത്തിരിവില്‍ എന്ന വിഷയത്തില്‍ ഡോ. ശശി തരൂര്‍ എം.പി, ഭാഷയും ദേശീയതയും എന്ന വിഷയത്തില്‍ കനിമൊഴി എം.പി, സ്ത്രീകളും നേതൃത്വവും എന്ന വിഷയത്തില്‍ ഉസ്മ നഹീദ് മുംബൈ, കാരുണ്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തില്‍ ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, മനുഷ്യാവകാശങ്ങള്‍; വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ നാരായണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സമാപന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പ്രസംഗിക്കും. എം.എ. മുഹമ്മദ് ജമാലിന്റെ ജീവിതം മുന്‍നിര്‍ത്തി തയാറാക്കിയ ഡോക്യുമെന്ററി സ്നേഹാദരം പരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ മേഖലയില്‍ വയനാട്ടിലുണ്ടായ വളര്‍ച്ചയും ഡബ്ല്യുഎംഒയുടെ ചരിത്രവും ഉള്‍പ്പെടുന്ന പുസ്തകം അടുത്ത് തന്നെ പ്രസിദ്ധീകരിക്കുമെന്നും സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോളോടന്‍ കുഞ്ഞിപ്പോക്കര്‍ ഹാജി സൗജന്യമായി നല്‍കിയ നാല് ഏക്കര്‍ സ്ഥലത്ത് 1967ല്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ 6 അനാഥകുട്ടിളെ ചേര്‍ത്ത്  ആരംഭം കുറിച്ച വയനാട് മുസ്‌ലിം  ഓര്‍ഫനേജിനെ ഇന്ന് കാണുന്ന രീതിയില്‍ ഉയര്‍ച്ചയിലേക്ക് മാറ്റിയെടുക്കുന്നതില്‍ വലിയപങ്കാണ് ജമാല്‍ സാഹിബിനുള്ളത്. ജില്ലയില്‍ ആദ്യമായി സി.ബി.എസ്.ഇ സ്‌കൂള്‍ തുടങ്ങിയത് ജമാല്‍ സാഹിബിന്റെ ക്രാന്തദര്‍ശിത്വത്തിന്റെ തെളിവാണ്. ഒരു എയ്ഡഡ് കോളേജ്, ഒരു അണ്‍ എയ്ഡഡ് കോളേജ്, സ്‌പെഷ്യല്‍ സ്‌കൂള്‍, നാല് സി.ബി.എ.സ്.ഇ സ്‌കൂളുകള്‍, രണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍, അറബിക് കോളേജ്, അടക്കം നിരവധി വിദ്യാദ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഡബ്ല്യൂ.എം.ഒക്ക് കീഴിലുള്ളത്. പതിനായിരത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് ഇന്ന് ഡബ്ല്യൂ എം.ഒയുടെ വിവിധ സ്ഥാപനങ്ങളില്‍ പഠിച്ച് കൊണ്ടിരിക്കുന്നത്. 1967 ല്‍ ഡബ്ല്യൂ എം ഒ ആരംഭിക്കുന്നതിന്റെ ആദ്യ ആലോചനാ യോഗം കല്‍പ്പറ്റയില്‍ ചേര്‍ന്നപ്പോള്‍ ഈ യോഗത്തില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ജമാല്‍ സാഹിബ്. അദ്ദേഹം ഇന്ന് ഡബ്ല്യൂ എം ഒ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 33 വര്‍ഷം പിന്നിടുകയാണ്. വയനാട്ടിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെയും രാഷ്ട്രീയ സംഘബോധത്തിന്റെയും പ്രചാരകനായി വയനാട്ടിലെ മതസൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനും ജമാല്‍ സാഹിബ് വഹിച്ച പങ്ക് നിസ്തുലമാണ്. മൈസൂര്‍ കല്യാണത്തിന്റെയും,സ്ത്രീധന വിവാഹത്തിന്‍ന്റെയും തീരാദുരിതത്തില്‍ നട്ടം തിരിഞ്ഞ ജാതി മത ഭേദമന്യേ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ആശ്വാസമായി സ്ത്രീധന രഹിത വിവാഹ സംഗമം എന്ന പേരില്‍ ആരംഭിച്ച മാരേ്യജ് ഫെസ്റ്റ് ജമാല്‍ സാഹിബിന്റെ സാമൂഹ്യ ഇടപെടലിന്റെ മകുടോദാഹരണമാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ആയിരത്തോളം പേരാണ് ഡബ്ല്യൂ.എം.ഒയില്‍ നടത്തിയ മാരേ്യജ് ഫെസ്റ്റില്‍ ഇണകളെ കണ്ടെത്തിയത്. ജമാല്‍ സാഹിബിലൂടെ ഡബ്ല്യൂ.എം.ഒ യിലൂടെ ഒട്ടേറെ അനാഥകള്‍ക്കും അഗതികള്‍ക്കും വിധവകള്‍ക്കും പുതിയ ജീവിതത്തിന്റെ തണലൊരുക്കാന്‍ സാധിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്‌നേഹാദരം ചെയര്‍മാന്‍ കെ.എം.ഷാജി എം.എല്‍.എ, ഖാഇദേ മില്ലത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.എം.സി.എം ജമാല്‍, കണ്‍വീനര്‍ യഹ്‌യാഖാന്‍ തലക്കല്‍, സലിം മേമന, പി. ഇസ്മായില്‍, അഡ്വ. ടി.അഷറഫ് എന്നിവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *