April 27, 2024

കല്‍പ്പറ്റ – വാരാമ്പറ്റ റോഡ് അനിശ്ചിതത്വം നീക്കണം: വയനാട് ജില്ലാ വികസന സമിതി

0
 


വയനാട്   ജില്ലയിലെ പ്രധാന വിനോദകേന്ദ്രമായ ബാണാസുര സാഗറിലേക്ക് ഏറെ സഞ്ചാരികള്‍ എത്തുന്ന കല്‍പ്പറ്റ – വാരാമ്പറ്റ റോഡ് നിര്‍മ്മാണത്തിലെ അനിശ്ചിതാവസ്ഥ നീക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. കിഫ്ബി പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം തുടങ്ങിയെങ്കിലും പലവിധ കാരണങ്ങളാലുളള കാലതാമസം റോഡ് പണിയെ അനിശ്ചിതത്തിലാക്കുകയാണ്. ഏറ്റവുമൊടുവില്‍ കിഫ്ബി റോഡ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയം വികസന സമിതി  ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച് കിഫ്ബിയില്‍ നിന്ന് ഔദ്യോഗിക  അറിയിപ്പ് ലഭിച്ചിട്ടിലെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍  യോഗത്തെ അറിയിച്ചു. സ്റ്റോപ്‌മെമ്മോ നല്‍കിയുണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുളള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. റോഡ് പണി സംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം ഉടന്‍ കിഫ്ബിക്ക് കൈമാറുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍  പറഞ്ഞു. 

2019-20 വാര്‍ഷിക പദ്ധതി വിനിയോഗത്തിലെ പുരോഗതിയും മുന്‍ വികസന സമിതിയുടെ തീരുമാനങ്ങളും യോഗത്തില്‍ അവലോകനം ചെയ്തു. പദ്ധതി നിര്‍വഹണത്തില്‍ അനാവശ്യ കാലതാമസം വരുത്തരുതെന്നും വികസന സമിതി തീരുമാനങ്ങളില്‍ സമയബന്ധിതവും കാര്യക്ഷമവുമായ നടപടി ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാവണമെന്നും ജില്ലാ കളക്ടടര്‍ ഡോ. അദില അബ്ദുള്ള നിര്‍ദ്ദേശിച്ചു. എം.എല്‍ എ, എസ്.ഡി.എഫ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ശുപാര്‍ശ ചെയ്യുന്ന തീരുമാനങ്ങളില്‍ കാലതാമസം വരുത്തരുതെന്ന് കളക്ടടര്‍ പറഞ്ഞു.  ജില്ലയിലെ അപകടസാധ്യതയുള്ള റോഡുകള്‍ പരിശോധിച്ച് സ്പീഡ് ബ്രേക്കറുകള്‍, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും സുരക്ഷക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാനും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ബേഗൂര്‍ തിരുനെല്ലി റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന വിഷയത്തില്‍ ഡിസംബര്‍ 7 നകം സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ച് വനഭൂമി വിട്ട് കിട്ടാന്‍ വനംവകുപ്പിന് അപേക്ഷ സമര്‍പ്പിക്കാനും പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചു. ജില്ലയിലെ എല്ലാ താലൂക്കിലെയും സര്‍വ്വേ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സര്‍വ്വേയര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാനന്തവാടി നഗരസഭയിലെ കണിയാരം വിസിബിയുടെ കനാല്‍ ഭൂമി കയ്യേറ്റം സംബന്ധിച്ച വിഷയത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. വന്യജീവി ശല്യം  പ്രതിരോധത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളെയും വിലയിരുത്തി. നല്ലൂര്‍നാട് എം.ആര്‍.എസ് ഹോസ്റ്റല്‍  കെട്ടിടം പണി പൂര്‍ത്തീകരിച്ചതിനു ശേഷം പ്രവര്‍ത്തന സജ്ജമാക്കാത്തത് സംബന്ധിച്ച് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസറോട് വിശദീകരണം തേടി. പട്ടികവര്‍ഗ്ഗ പദ്ധതികളുടെ നിര്‍വഹണത്തില്‍ പ്രധാന്യം നല്‍കണമെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *