April 30, 2024

കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണം: എന്‍ ഡി അപ്പച്ചന്‍

0

പുല്‍പ്പള്ളി: കാര്‍ഷികവായ്പക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചതോടെ ദുരിതത്തിലായ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് കെ പി സി സി എക്‌സിക്യുട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുള്ള ഇളവുകള്‍ വയനാട് അടക്കമുള്ള പ്രദേശങ്ങളിലെ നാണ്യവിള ചെയ്ത കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മറിച്ച്, ചോളം, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊറട്ടോറിയം മൂലം കര്‍ഷകര്‍ക്ക് കാര്യമായ ഗുണങ്ങളൊന്നും ലഭിക്കുന്നില്ല. കാലാവധി കഴിയുമ്പോള്‍ പുതിയ മാനദണ്ഡപ്രകാരം അതാത് ബാങ്ക് മാനേജര്‍ക്ക് ഇഷ്ടാനുസരണം പലിശ ഈടാക്കാമെന്നതാണ് ആര്‍ ബി യുടെ പുതിയ നിര്‍ദേശം. ഇത് കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടാനാണ് ഉപകരിക്കുന്നത്. വയനാട് പോലുള്ള വ്യവസായങ്ങളൊന്നുമില്ലാത്ത ജില്ലയില്‍ ജനങ്ങളുടെ ജീവിതോപാദി കൃഷിയാണ്. അതുകൊണ്ട് തന്നെ കര്‍ഷകരെ പിടിച്ചുനിര്‍ത്തണമെങ്കില്‍ കടങ്ങള്‍ എഴുതിത്തള്ളുകയോ, പലിശ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യണം. നേരത്തെ ലോണ്‍ കാലാവധിക്ക് മുമ്പ് വായ്പ തിരിച്ചടക്കുകയാണെങ്കില്‍ നാല് ശതമാനം സബ്‌സിഡി ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും ലഭിക്കുന്നില്ല. ബാങ്കുകള്‍ കര്‍ഷകരെയടക്കം കൊള്ളയടിക്കുകയാണ്. കാര്‍ഷിക ലോണിന് ഒരു ഏക്കറിന് 50,000 രൂപയാണ് നല്‍കിവരുന്നത്. ഇതെ തുടര്‍ന്നാണ് കര്‍ഷകര്‍ കാര്‍ഷികേതര ലോണുകള്‍ എടുക്കാന്‍ തയ്യാറാകുന്നത്. ഇത്തരം ലോണുകള്‍ക്ക് 14 ശതമാനം വരെ പലിശയാണ് കൊടുക്കേണ്ടി വരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ഭൂവില അനുസരിച്ച് ഒരു ഏക്കറിന് മൂന്ന് ലക്ഷം രൂപ വരെ നല്‍കാവുന്നതാണ്. എന്നാല്‍ അധികൃതര്‍ അതിന് തയ്യാറാവുന്നില്ല. ഇതോടൊപ്പം വിദ്യാഭ്യാസലോണുകളും എഴുതിത്തള്ളാനും നടപടി സ്വീകരിക്കണം. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകള്‍ പരിസ്ഥിതിലോലമേഖലയില്‍പ്പെട്ടിരിക്കുകയാണ്. കാര്‍ഷികഭൂമിയെയും ജനവാസകേന്ദ്രങ്ങളെയും പരിസ്ഥിതി ലോലമേഖലയില്‍ ഉള്‍പ്പെടുത്തുന്നത് ശരിയല്ല. അതുകൊണ്ട് ജനവാസകേന്ദ്രങ്ങളെയും, കൃഷിഭൂമിയെയും ഒഴിവാക്കിക്കൊണ്ടുള്ള ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *