September 27, 2023

കാപ്പി സംസ്‌കരണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും – മന്ത്രി തോമസ് ഐസക്

0
IMG-20201020-WA0055.jpg
ജില്ലയില്‍ കാപ്പി സംസ്‌കരണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും – മന്ത്രി ടി.എം. തോമസ് ഐസക്

വയനാടന്‍ കോഫി പൗഡര്‍ വിപണിയിലേക്ക് എത്തിക്കുന്നതിനായി കാപ്പി സംസ്‌കരണ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കാപ്പി കര്‍ഷകര്‍ക്ക്് അര്‍ഹമായ വരുമാനം കാപ്പി കൃഷിയില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കാപ്പി സംസ്‌കരണ ഫാക്ടറി സ്ഥാപിച്ച് വയനാടന്‍ കോഫി പൗഡര്‍ വിപണിയിലേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയില്‍ നിന്നുള്ള കോഫി പൗഡറിന് വിപണി കീഴടക്കാന്‍ സാധിക്കും. വിദേശ രാജ്യങ്ങളില്‍ വരെ ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന കോഫി പൗഡറിന് വിപണന സാധ്യത കൂടുതലാണ്. അതിനായി മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. 

മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും മാതൃകയാണ്. പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയിലൂടെ കൂടുതല്‍ വൃക്ഷങ്ങള്‍ പഞ്ചായത്ത് പരിധിയില്‍ നട്ടു വളര്‍ത്താന്‍ സാധിക്കും. ജില്ലയുടെ സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയില്‍ മികച്ച പങ്ക് വഹിക്കാന്‍ പദ്ധതിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഒപ്പം ജില്ലയില്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന്് മന്ത്രി വ്യക്തമാക്കി. 

മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായാണ് ട്രീ ബാങ്കിംഗ് പദ്ധതി ആരംഭിച്ചത്. വൃക്ഷത്തൈ നട്ടു പരിപാലിക്കുന്നതിനായി വര്‍ഷം തോറും ഓരോ വൃക്ഷത്തൈക്കും 50 രൂപ നിരക്കില്‍ പലിശ രഹിത വായ്പ അനുവദിക്കുന്നതാണ് പദ്ധതി. സാമ്പത്തികലാഭം ഇല്ലാത്തതിനാല്‍ പൊതുവേ വൃക്ഷത്തൈ നട്ട് പരിപാലനം ഒരു കൃഷി രീതിയായി പരിഗണിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ തൈ നട്ട് പരിപാലിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ലോണ്‍ അനുവദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഗ്രാമ പഞ്ചായത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുകയാണ് ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ ബാങ്ക് ലോണായി കര്‍ഷകര്‍ക്ക് നല്‍കുന്നത്. തൈ നട്ട് പത്ത് വര്‍ഷത്തിനു ശേഷം വൃക്ഷം മുറിച്ച് വില്‍ക്കുമ്പോഴാണ് അതുവരെ ലഭിച്ച പലിശ രഹിത വായ്പ ഒറ്റത്തവണയായി തിരിച്ചടക്കേണ്ടത്. നടുന്ന ഓരോ വൃക്ഷവും ജിയോ – ടാഗ് ചെയ്യുന്നതിനാല്‍ മരത്തിന്റെ വളര്‍ച്ചയും അതിനുണ്ടാകുന്ന നാശനഷ്ടവും ഉടന്‍ മനസ്സിലാക്കാന്‍ സാധിക്കും. 

ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചെക്ക് വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, വൈസ് പ്രസിഡന്റ് സി. അസൈനാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഓമന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. വാസുദേവന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അരുണ്‍ ജോണ്‍, സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സി.എസ്. പ്രസാദ്, തണല്‍ ഡയറക്ടര്‍ ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *