കനത്ത മഴ; വയനാട് ജില്ലയിൽ ഓറഞ്ച് അലേർട്ട്, അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കൻ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ തെക്കൻ ജില്ലകളിൽ ഇപ്പോഴും തുടരുകയാണ്. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ആശങ്ക സൃഷ്ടിക്കുന്ന ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി 26-ാംമൈലിൽ വെള്ളം കയറിയതിനാൽ എരുമേലി മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്ര നിരോധിച്ചു. തൃശൂൽ ചാലക്കുടിയിൽ ലഘുമേഘ വിസ്ഫോടനം ഉണ്ടായി. തൃശൂർ ജില്ലയിലെ മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നിർദേശം. എറണാകുളത്തിന്റെ കിഴക്കൻ മേഖലയിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മൂവാറ്റുപുഴ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം അഞ്ചൽ ആയൂർ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കുളത്തുപ്പൂഴ, വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. കോളനിയിലേക്കുള്ള പാലം വെള്ളത്തിൽ മുങ്ങി. കല്ലുവെട്ടാം കുഴി സർക്കാർ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. കോട്ടയം കുട്ടിക്കൽ വില്ലേജിൽ ഇളംകോട് ഭാഗത്ത് ഉരുൾപൊട്ടി, മർഫി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മുണ്ടക്കയം കുട്ടിക്കലിൽ ആളുകളെ മാറ്റിപാർപ്പിക്കാൻ നടപടി തുടങ്ങി. മീനിച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് വേഗത്തിൽ ഉയരുകയാണ്. തീക്കോയി ഭാഗത്ത് ജലനിരപ്പ് ഉയർന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ മൂന്ന് മണിക്കൂറിൽ കനത്ത മഴയാണ് പെയ്തത്. 70 മി.മീറ്റർ മഴ ജില്ലയിൽ ലഭിച്ചു. നിലവിൽ മഴക്ക് കുറവുണ്ട്. പമ്പയിലും അച്ചൻകോവിലിലും മണിമലയിലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അച്ചൻകോവിൽ ആറ്റിലാണ് ഏറ്റവും കൂടുതൽ ജലനിരപ്പുള്ളത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പമ്പ സ്നാനം അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇടുക്കിൽ ജില്ലയിൽ ശക്തമായ മഴയും ഉരുൾ പൊട്ടൽ ഭീഷണി ഉള്ളതിനാലും , മരങ്ങൾ ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ളതിനാലും തൊഴിലുറപ്പ് ജോലികൾ നിർത്തി വയ്ക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ് ഓപ്പറേഷൻ, ബോട്ടിംഗ് എന്നിവ അടിയന്തിരമായി ജില്ലയിൽ നിർത്തിവയ്ക്കണം. തോട്ടം മേഖലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് മരങ്ങളും മറ്റും ഒടിഞ്ഞുവീഴുന്നതിന് സാധ്യത നിലനിൽക്കുന്നതിനാൽ തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിർത്തി വയ്ക്കണം. ജില്ലയിൽ നിലവിലുണ്ടായിരുന്ന രാത്രികാല യാത്രാ നിരോധനം ഒക്ടോബർ 20 വരെ നീട്ടിയതായും ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Leave a Reply