ബാക്ക് ടു ബേസിക്സ്; കോവിഡ് ജാഗ്രത കൈവിടരുത് – ഡി.എം.ഒ
കോവിഡ് ഇടവേളയ്ക്ക് ശേഷം സ്‌കൂളുകളും, തീയറ്ററുകളും തുറക്കുകയും, പൊതുവിപണി സജീവമാകുകയും ചെയ്ത സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ജനങ്ങള്‍ 'ബാക്ക് ടു ബേസിക്സ്' (സോപ്പ്, മാസ്‌ക്, സാമൂഹിക അകലം) എന്ന സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായും പാലിക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിന്‍ എടുത്താലും മാസ്‌ക് ധരിക്കുകയും, ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കുകയും വേണം. നിലവില്‍ ജില്ലയിലെ 70 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കുന്നത്.
സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. കോവിഡ് രോഗ ലക്ഷണമുള്ളവര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ സ്‌കൂളുകളിലും, ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും എത്താന്‍ പാടുള്ളൂ. വീട്ടില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് പരിശോധനയ്ക്ക് പോകുമ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കാന്‍ കഴിവതും ശ്രമിക്കുക. വാഹനത്തിന്റെ ജനല്‍ച്ചില്ലുകള്‍ താഴ്ത്തി വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. ഇവര്‍ ഫലം വരുന്നത് വരെ നിര്‍ബന്ധമായും വീടുകളില്‍ ഐസൊലേഷനില്‍ കഴിയണം. പരിശോധനയ്ക്ക് ശേഷം ഷോപ്പിങ്ങിനും, ഓഫീസുകളിലും പോകരുത്.
ഐസൊലേഷനില്‍ കഴിയുന്ന മുറിയില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്. വായും മൂക്കും മൂടുന്ന വിധത്തില്‍ മാസ്‌ക് ധരിക്കേണ്ടതും സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തുകയുമരുത്. മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുകയും ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുകയും വേണം. ഒരിക്കല്‍ പോസിറ്റീവ് ആയാല്‍ തുടര്‍ച്ചയായി പരിശോധിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ ശ്രമിക്കരുത്. പരിശോധനയ്ക്കും, വാക്‌സിനേഷനും കൂട്ടമായി വരാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. പരമാവധി ഒരാളെ മാത്രമാണ് കൂടെ കൂട്ടേണ്ടത്.
വിവിധ കാരണങ്ങളാല്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെട്ട് വാക്സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്സിനെടുക്കാനുള്ളവര്‍ കൃത്യമായ ഇടവേളകളിലും വാക്സിന്‍ സ്വീകരിക്കണം. വാക്സിനെടുക്കുന്നവരില്‍ രോഗ സാധ്യതയും, മരണവും കുറയുകയും, രോഗം വന്നാലും ഗുരുതരമാവാനുള്ള സാധ്യതയുമില്ല. കോവിഷീല്‍ഡും കോവാക്സിനും ഒരുപോലെ ഫലപ്രദവും സുരക്ഷിതവുമാണെന്ന് ഡി.എം.ഒ വ്യക്തമാക്കി.
Leave a Reply