May 6, 2024

ആശ്രിത നിയമനം കാത്ത് പതിനൊന്ന് വര്‍ഷം:മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

0
Img 20211117 070343.jpg

 കൽപ്പറ്റ – പരിശീലനത്തിനിടെ മരിച്ച സൈനികന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത ജോലി പതിനൊന്ന് വര്‍ഷമായിട്ടും ലഭിച്ചില്ലെന്ന പരാതിയില്‍ സൈനിക ക്ഷേമ ഡയറക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ കളക്‌ട്രേറ്റില്‍ നടത്തിയ സിറ്റിംഗില്‍ അമ്പലവയല്‍ പാലിയത്ത് ഷാലു വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ നടപടി. ഷാലു വര്‍ഗീസിന്റെ സഹോദരനായ സാബു പി. വിര്‍ഗീസ് 2009 ല്‍ ഡെറാഡൂണ്‍ ക്യാമ്പില്‍ കേഡറ്റായിരിക്കെ നീന്തല്‍ പരിശീലനത്തിനിടെ മുങ്ങി മരിച്ചിരുന്നു. ആശ്രിത ജോലി നല്‍കാന്‍ രാഷ്ട്രപതിയുടെ ഓഫീസില്‍ നിന്നും കരസേന ആസ്ഥാനത്ത് നിന്നും കത്ത് നല്‍കിയിരുന്നെങ്കിലും സാങ്കേതിക നടപടികളില്‍ കുടുങ്ങി ജോലിക്കായി ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്ന് പരാതിക്കാരന്‍ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു. സൈനികരുടെ കുടുംബത്തോട് അനാദരവ് കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാറിനെ കളങ്കപ്പെടുത്തുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് വ്യക്തമാക്കി. 
മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച നടത്തിയ സിറ്റിംഗില്‍ 46 കേസുകളാണ് പരിഗണിച്ചത്. ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട പരാതികള്‍, സമുദായ വിലക്ക്, സര്‍ക്കാര്‍ സഹായം ലഭ്യമാകാത്ത വിഷയങ്ങള്‍, വഴി തടസ്സപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് കമ്മീഷന്‍ മുമ്പാകെ എത്തിയത്. ഇതില്‍ ഒമ്പത് കേസുകള്‍ തീര്‍പ്പാക്കി. 22 എണ്ണത്തില്‍ നടപടി പുരോഗമിക്കുന്നതായി കമ്മീഷന്‍ അറിയിച്ചു. 13 കേസുകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ ഹാജരായില്ല. പത്ത് പുതിയ കേസുകളും സിറ്റിംഗില്‍ പരിഗണിച്ചു.   
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *