തൃക്കൈപ്പറ്റ ഗ്രാമം കർഷക പ്രക്ഷോഭത്തിലേക്ക്

കൽപ്പറ്റ: വന്യമൃഗശല്യം, കാർഷികവിള മോഷണം, ഹരിസൺ ഭൂവിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൈപ്പറ്റ കർഷക കൂട്ടായ്മയുടെയും കർഷക ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിൽ നാളെ തൃക്കൈപ്പറ്റയിൽ സായാഹ്ന ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തൃക്കൈപ്പറ്റ പ്രദേശത്ത് മുൻപെങ്ങുമില്ലാത്ത വിധം വന്യമൃഗശല്യം വർദ്ധിച്ചിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനവും അത് മൂലമുള്ള വിളനാശവും, വിലതകർച്ചയും കൊണ്ട് പൊരുതി. മുട്ടിയിരിക്കുന്ന കർഷകർക്ക് വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി നാശം വിതക്കുന്നതുമൂലം ജീവിതം ദുരിത പൂർണമായിയിക്കുകയാണ്. അതിനിടയിൽ കാർഷിക വിളകളുടെ മോഷണവും പ്രദേശത്ത് വ്യാപകമായിരിക്കുകയാണ്. കൂടാതെ തൃക്കൈപ്പറ്റ ഗ്രാമം ഉൾകൊള്ളുന്ന പള്ളികവല ഉപ്പുപാറ പ്രദേശങ്ങളിൽ ഹരിസൺ ഭൂമി പ്രശ്നവുമായി ബന്ധപ്പെടുത്തി, 1968 മുതൽ ജന്മം തീരാധാരം, പട്ടയം തുടങ്ങിയ രേഖകൾ ഉണ്ടായിട്ടും പ്രദേശത്തെ കർഷകരുടെ നികുതി നിഷേധിച്ചും, കൈവശാവകാശ സർട്ടിഫിക്കറ്റ്, തണ്ടപ്പേർ നമ്പർ, കെ.എൽ.ആർ. സർട്ടിഫിക്കറ്റ് മുതലായവ നൽകാതെയും റവന്യു അധികാരികളും കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്. ഈ അവസരത്തിൽ തൃക്കൈപ്പറ്റ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കർഷക ജാഗ്രത സമിതി രൂപീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകുകയും ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സ്ഥിതി വിശേഷമാണ് നിലവിലുള്ളത്.
ഈ സാഹചര്യത്തിൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുവാൻ പ്രദേശത്തെ കർഷകർ നിർബന്ധിതരായിരിക്കുകയാണ്. അതിന് മുന്നോടിയായി 24- ന് ബുധനാഴ്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ തൃക്കൈപ്പറ്റ ജംഗ്ഷനിൽ പ്രദേശത്തെ കർഷകരുടെ സായാഹ്ന ധർണ്ണ നടത്തും . ധർണ്ണ വയനാട് കർഷക കൂട്ടായ്മ പ്രസിഡന്റ് ഇ.പി. ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്യും
കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലങ്കിൽ കക്ഷി രാഷ്ട്രീയ ഭേദമന്യ കർഷകരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൺവീനർ ടി.ജെ. ബാബുരാജ്, സെക്രട്ടറി വി.എസ്. ബെന്നി, ട്രഷറർ പി.കെ.രാജീവ്, മോഹനൻ ഉണ്ണിത്താൻ, എം.എ ഐസക് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply