വിദ്യാർത്ഥിനിയെ കുത്തിയ സംഭവം: : സുഹൃത്ത് കൂട്ടുപ്രതി, വധശ്രമത്തിന് കേസെടുത്ത് പോലീസ് തെളിവെടുപ്പ് നടത്തി

കൽപ്പറ്റ: പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പേരിൽ
വയനാട് ലക്കിടിയിൽ കോളേജ് വിദ്യാർത്ഥിനിയെ കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപുവിൻ്റെയും ഒപ്പമെത്തിയ സുഹൃത്തിൻ്റെയും പേരിൽ പോലീസ് വധശ്രമത്തിന് കേസ്സെടുത്തു. മുഖത്ത് സാരമായി പരിക്കേറ്റ 20 വയസുകാരി വയനാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജാശുപത്രിയിൽ
ചികിൽസയിലാണ് .
.
ലക്കിടി ഓറിയൻ്റൽ കോളേജിലെ രണ്ടാം വർഷ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയും പുൽപ്പള്ളി സ്വദേശിനിയുമായ പെൺകുട്ടിക്ക് മുഖത്തും നെഞ്ചിന് താഴെയും സാരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം
കോളേജിൽ നിന്നിറങ്ങിയ പുൽപ്പള്ളി സ്വദേശിയായ പെൺകുട്ടിയെ പ്രതി ദീപു കത്തി കൊണ്ട് മുഖത്ത് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇവർ പരിചയപ്പെട്ടതെന്നാണ് വിവരം. പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ വൈരാഗ്യമാണ് സംഭവത്തിന് ഇടയാക്കിയതെന്ന് ദീപു പോലീസിനോട് പറഞ്ഞു. സുഹൃത്ത് ജിഷ്ണുവിനൊപ്പം ദീപു ബൈക്കിലാണ് കോളേജ് പരിസരത്ത് എത്തിയത്.
കോളേജിന് സമീപത്തെ റോഡിൽ വെച്ചായിരുന്നു ആക്രമണം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈത്തിരി പോലീസ് ദീപുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈ ഞരമ്പിന് മുറിവേറ്റ പ്രതിയെ പ്രാഥമിക ചികിത്സ നൽകിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദീപുവിനൊപ്പമെത്തിയ സുഹൃത്തിനെ അടിവാരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.
23 വയസുകാരനായ ദീപു ദുബായിൽ നിന്ന് ഈയിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. . വധശ്രമത്തിന് കേസെടുത്ത ദീപുവിനെയും
സുഹൃത്ത് ജിഷ്ണുവിനെയും ലക്കിടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.



Leave a Reply